''വഴിപാടുപോലെ ഒരു ദിവസം സിപിഎം ഇതിൽ പ്രതികരിച്ചത് അല്ലാതെ അവർ എന്ത് ചെയ്‌തു?'' കുറിപ്പ്
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിഷയത്തിൽ സിപിഎം നിലപാടിനെ രൂക്ഷമായി വിമർശിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. കേരളത്തിലെ ന്യുനപക്ഷങ്ങളുടെ ഹോൾസെയിൽ അവകാശം പറയുന്ന പിണറായി വിജയനും സിപിഎമ്മും ജനം ശ്രദ്ധിക്കുന്ന എന്ത് പ്രക്ഷോഭം ഈ വിഷയത്തിൽ നടത്തിയെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഷിബു ബേബി ജോൺ ചോദിക്കുന്നു.
ഒരു ദിവസം സംയുക്ത പ്രതിഷേധം നടത്തുകയും നിയമസഭയിൽ പ്രമേയം പാസാക്കുകയും ചെയ്തതോടെ ഈ വിഷയത്തിൽ തങ്ങളുടെ ജോലി കഴിഞ്ഞുവെന്നാണ് സിപിഎം നിലപാടെന്നും ഷിബു ബേബി ജോൺ പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വന്തം നിലയ്ക്ക് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാൻ യുഡിഎഫ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചിരുന്നു.

പ്രതിഷേധം
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; ആയിരങ്ങളെ അണിനിരത്തി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എംപി നയിക്കുന്ന ജാഥയിൽ ഇന്ന് ഞാനും പങ്കാളിയായി. കഴിഞ്ഞ 25 ദിവസങ്ങളിൽ ഇന്ത്യയിലും കേരളത്തിലും കോൺഗ്രെസും ഐക്യജനാധിപത്യ മുന്നണിയും പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രക്ഷോഭങ്ങളും സമരപരിപാടികളും നിരന്തരമായി നടത്തുകയാണ്.

സിപിഎം എന്തു ചെയ്തു?
കേരളത്തിലെ ന്യുനപക്ഷങ്ങളുടെ ഹോൾസെയിൽ അവകാശം പറയുന്ന പിണറായി വിജയനും സിപിഎമ്മും ജനം ശ്രദ്ധിക്കുന്ന എന്ത് പ്രക്ഷോഭം ഈ വിഷയത്തിൽ നടത്തി? വഴിപാടുപോലെ ഒരു ദിവസം സിപിഎം ഇതിൽ പ്രതികരിച്ചത് അല്ലാതെ അവർ ഈ വിഷയത്തിൽ എന്ത് ചെയ്‌തു?

വിമർശനം
പ്രതിപക്ഷ നേതാവ് പറഞ്ഞതുകൊണ്ട് ഒന്നിച്ചുള്ള സമരത്തിന് ഒരു ദിവസം ഇറങ്ങി, പ്രതിപക്ഷത്തിന്റെ നിർദ്ദേശ പ്രകാരം ഈ വിഷയം നിയമസഭയിൽ കൊണ്ടുവന്നൂ, അതോടെ ഈ വിഷയത്തിലുള്ള അവരുടെ ജോലി കഴിഞ്ഞു എന്നതാണ് സിപിഎം നിലപാട്. സിപിഎമ്മിന്റെ സംഘടനാശേഷിക്ക് അനുസരിച്ച് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ എന്ത് പ്രക്ഷോഭം അവർ സംഘടിപ്പിച്ചു? ഈ വിഷയത്തിൽ സിപിഎം വഴിതെറ്റി നിൽക്കുന്നത് അല്ല, മറിച്ച് അവരുടെ വഴിമാറ്റി നിൽക്കുന്നത് ആണെന്ന് വ്യക്തമല്ലേ?

എന്തുകൊണ്ട് കേസില്ല?
ആലുവയിൽ മുസ്ലിം സംഘടനകൾ നോട്ടീസ് വിതരണം ചെയ്‌തതിന് പിണറായി സർക്കാർ അവരെ അറസ്റ്റുചെയ്തു പീഡിപ്പിച്ചു, എന്നാൽ ഈ ദിവസങ്ങളിൽ കേരളം ഇന്നോളം കേട്ടിട്ടില്ലാത്ത കടുത്ത വർഗ്ഗീയ വിഷം തുപ്പുന്ന ആർഎസ്എസ് ബിജെപി സംഘപരിവാർ നേതാക്കൾക്ക് എതിരെ ഒരു കേസുപോലും പിണറായിയുടെ പോലീസ് എടുത്തിട്ടില്ല.

നിലപാട് എന്ത്?
ഗവർണ്ണർ നിരന്തരമായി രാഷ്ട്രീയം പറഞ്ഞിട്ടും ഗവർണ്ണറുടെ നടപടിയെ അപലപിക്കാൻ പോലും പിണറായി തയ്യാറായില്ല. പൗരത്വ നിയമ ഭേദഗതിയിൽ പിണറായിയുടെയും സിപിഎമ്മിന്റെയും നിസ്സംഗത പൊതുസമൂഹം ചർച്ചചെയ്യണം. ബർണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്ന പിണറായി വിജയൻറെ തലക്ക് മുകളിൽ എസ്എൻസി ലാവലിൻ എന്ന വാള് നിൽക്കുന്നത് കൊണ്ടാണോ ഈ നിസ്സംഗത എന്ന് ന്യായമായും സംശയം ഉയരുന്നു.












Click it and Unblock the Notifications