ഇഡി കേസിൽ സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും
ദില്ലി: മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി തള്ളി. ഇഡി കേസിലെ അപേക്ഷയാണ് തള്ളിയത്. നേരത്തേ യു എ പി എ കേസിൽ കാപ്പന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഇ ഡി കേസ് നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ലഖ്നൗ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ കാപ്പന് ഇനിയും ജയിലിൽ തുടരും.

ഹാത്രസ് ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിൽ 2020 ലാണ് കാപ്പനെ യുപി പോലീസ് കസ്റ്റഡിയിൽ എടുത്തത്.പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്. തുടർന്ന് 22 മാസത്തോളമായി കാപ്പൻ ജയിലിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ മാസം ഒൻപതിന് സുപ്രീംകോടതി യുഎപിഎ കേസില്‍ കാപ്പന് ജാമ്യം അനുവദിച്ചു. എന്നാൽ ഇഡി കേസ് നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാനായില്ല.
ഇഡി കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തേ രണ്ട് തവണ ലഖ്നൗ കോടതി മാറ്റി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അപേക്ഷ തള്ളിയത്. ഹാഥ്റസില്‍ കലാപമുണ്ടാക്കാൻ പോപുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആരോപിച്ചിരുന്നു. ഇതിനായി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാലു പേർ നിയോഗിക്കപ്പെട്ടെന്നാണ് ഇഡി കേസ്. ഇവർക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇഡി ആരോപിക്കുന്നു.












Click it and Unblock the Notifications