സില്‍വര്‍ ലൈന്‍: കോടതി അനുമതി നല്‍കിയെന്ന മട്ടില്‍ വിധിയെ വ്യഖ്യാനിക്കുന്നത് അസംബന്ധമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഹൈക്കോടതി അനുമതി നല്‍കിയെന്ന മട്ടില്‍ കോടതി വിധിയെ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വ്വേ നടത്താന്‍ മാത്രമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയത്. നിലവിലെ അലൈന്‍മെന്റിനു കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട്, 1961, ലെ ആറാം വകുപ്പ് പ്രകാരം സര്‍ക്കാറിനു ഏതെങ്കിലും പൊതു ആവശ്യത്തിന് ഭൂമിയേറ്റെടുക്കാന്‍ സര്‍വ്വേ നടത്തുന്നതിന് അധികാരമുണ്ടോയെന്ന് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസ്തുത നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുക മാത്രമാണ് ഈ കേസില്‍ കോടതി ചെയ്തിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള അംഗീകാരമോ നിര്‍മ്മാണ അനുമതിയോ ഒരു ഘട്ടത്തിലും കോടതിയുടെ പരിഗണനാ വിഷയമായിരുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ നടപടികളും അതിന്റെ പ്രത്യാഘാതങ്ങളും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തോടും പ്രതിപക്ഷത്തിന് യോജിപ്പാണ്. സര്‍വേ തുടരാമെന്ന ഹൈക്കോടതി വിധിയെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടിയെന്ന രീതിയില്‍ തെറ്റായി അവതരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തിന്റെ വേഗതയേറിയ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് കെ റെയില്‍ സര്‍വ്വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് നേതൃത്വം നല്‍കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന് മുന്നോട്ട് പോകാനുള്ള സാധ്യതകള്‍ തുറക്കുന്നതാണ് കോടതി വിധി.
ഇത് നാടിന്റെ ആവശ്യമാണ്. കാലാനുസൃതമായ മുന്നേറ്റം കേരളത്തിന്റെ എല്ലാ മേഖലയിലും ഉണ്ടാകാന്‍ അടിസ്ഥാന ശിലയായി പ്രവര്‍ത്തിക്കുന്ന ഒരു വികസന കാഴ്ചപ്പാടാണ് സില്‍വര്‍ ലൈന്‍ പദ്ധതി. ദീര്‍ഘകാലത്തേക്കുള്ള സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കുന്ന പദ്ധതിയാണ് കെ റെയില്‍. എന്നാല്‍ ഈ പദ്ധതിയെ ബി ജെ പിയും കോണ്‍ഗ്രസും ഒരുമിച്ച് എതിര്‍ക്കുകയാണ്. കേരളം വളരുന്നത് ഇഷ്ടമല്ലാത്ത ബി ജെ പി ഒരു കേരള വിരുദ്ധ പാര്‍ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.












Click it and Unblock the Notifications