സില്‍വര്‍ ലൈന്‍ പദ്ധതി: സര്‍ക്കാരിന്റെ സമീപനത്തില്‍ ദുരൂഹത, വായ്പ എങ്ങിനെ തിരിച്ചടക്കുമെന്ന് വി മുരളീധരന്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്. 34000 കോടി വിദേശ വായ്പ എങ്ങിനെ തിരിച്ചടക്കും എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ സര്‍ക്കാരിനുണ്ടോ എന്നും മന്ത്രി ചോദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സമീപനത്തില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തില്‍ ഏറെ ദുരൂഹതകളുണ്ട്.പദ്ധതിയുടെ വായ്പക്ക് ജാമ്യം നില്‍ക്കാന്‍ തയ്യാറല്ലെന്ന് മാത്രമല്ല നിലവില്‍ നിര്‍ദേശിക്കപ്പെട്ട തരത്തില്‍ പദ്ധതി ആവശ്യമില്ലെന്നുമാണ് റെയില്‍ മന്ത്രാലയത്തിന്റെ നിലപാട്. വിദഗ്ധാഭിപ്രായവും ഇതാണ്. നിലവിലെ പാതയില്‍ മാറ്റം വരുത്തിയാല്‍ അതിവേഗ തീവണ്ടികളുടെ സര്‍വ്വീസ് നടത്താന്‍ കഴിയുമെന്നാണ് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ 34000 കോടി പുതിയ പദ്ധതിക്ക് എന്തിന് ചിലവഴിക്കുന്നു എന്ന ചോദ്യം ഉയരുന്നുവെന്ന് മന്ത്രി പറഞ്ഞു.

വന്‍ പദ്ധതിക്ക് പരിസ്ഥിതി , സാമൂഹ്യ ആഘാത പഠനങ്ങള്‍ നടത്തേണ്ടതാണ്. 34000 കോടി വിദേശ വായ്പ എങ്ങിനെ തിരിച്ചടക്കും എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ സര്‍ക്കാരിനുണ്ടോ എന്നും മന്ത്രി ചോദിച്ചു. വിദഗ്ധന്മാരുമായി കൂടിയാലോചിച്ച് ആണോ നടപടി ആരംഭിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാനത്തെ 4 വിമാനതാവളങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ യാത്രാസമയം കുറയ്ക്കാം.
തിരുവന്തപുരം വിമാനതാവള വികസനത്തിന് എതിര് നില്‍ക്കുന്ന സര്‍ക്കാര്‍ 34000 കോടി രൂപയുടെ കടമെടുത്ത് പുതിയ റെയില്‍വേ ലൈന്‍ ഉണ്ടാക്കുന്നതിലെ ഉദ്ദേശ ശുദ്ധി സംശയിക്കണമെന്ന് മന്ത്രി പറഞ്ഞു.സ്ഥലമെടുപ്പിനെതിരെ വലിയ പ്രതിഷേധം സംസ്ഥാനത്തുണ്ട്. മണ്ണിടിച്ചിലിന്റേയും, നിലം നികത്തിലിന്റേയും ദുരിതങ്ങള്‍ കേരളം അനുഭവിച്ചുകൊണ്ടിരിക്കെ പുതിയ പദ്ധതിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നതും, വായ്പക്ക് വേണ്ടി നെട്ടോട്ടമോടുന്നതും എന്ത് തട്ടിപ്പിനാണെന്നും മന്ത്രി ചോദിച്ചു.
അതേസമയം, ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന ജനാധിപത്യ വിരുദ്ധ സമീപനം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് വി.മുരളീധരന്‍ പറഞ്ഞു. തിരുവന്തപുരം കോര്‍പ്പറേഷനിലെ അഴിമതിയില്‍ നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ നടത്തിവരുന്ന നിരാഹാര സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം. എന്തിനാണ് സമരമെന്ന് ചോദിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ സമീപനമുള്ള ഇടത് സര്‍ക്കാരാണ് ബിജെപിയെ ജനാധിപത്യബോധം പഠിപ്പിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.












Click it and Unblock the Notifications