നിറം കറുപ്പാണെന്ന് പറഞ്ഞ് സ്‌കൂളിലെ നൃത്തസംഘത്തില്‍ നിന്ന് പേരുവെട്ടി; അനുഭവം പങ്കുവെച്ച് സയനോര
കൊച്ചി: ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ കഴിഞ്ഞ ദിവസം താന്‍ നേരിട്ട വര്‍ണവിവേചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെ നിറവുമായി താരതമ്യം ചെയ്തായിരുന്നു തനിക്കെതിരായ അധിക്ഷേപം എന്നായിരുന്നു ശാരദ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് ശാരദയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
ഇപ്പോഴിതാ ഗായിക സയനോരയും ഇത് സംബന്ധിച്ച പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും താന്‍ നിറത്തിന്റെ പേരില്‍ വേട്ടയാടപ്പെട്ടിട്ടുണ്ട് എന്നും തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും സയനോര പറയുന്നു. സ്‌കൂളിലെ സഹപാഠികളില്‍ നിന്ന് തൊട്ട് തനിക്ക് ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നാണ് സയനോര പറയുന്നത്.

എല്‍കെജി ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ അതേ പ്രായമുള്ള കുട്ടികള്‍ 'നിന്നെ കളിക്കാന്‍ കൂട്ടില്ല. നീ കറുത്തതാണ്' എന്ന് പറഞ്ഞിട്ടുണ്ട്. സങ്കടപ്പെട്ട് വീട്ടിലെത്തിയ ശേഷം ഞാന്‍ അമ്മയോട് ചോദിച്ചത് 'എന്തിനാ എന്നെ വളര്‍ത്തിയത്, കൊന്നുകൂടായിരുന്നോ?' എന്നായിരുന്നു, സയനോര പറയുന്നു. യുപി ക്ലാസിലെത്തിയപ്പോള്‍ നീ കറുത്തിട്ടാണ്, അത് സ്‌കൂളിന്റെ മാര്‍ക്ക് കുറയ്ക്കും എന്ന് പറഞ്ഞ് അധ്യാപിക തന്റെ പേര് നൃത്തസംഘത്തില്‍ നിന്നും വെട്ടിയെന്നും സയനോര ഓര്‍ത്തെടുത്തു.
നിറത്തിന്റെ പേരില്‍ കേട്ട അപഹാസ്യങ്ങളില്‍നിന്ന് മുക്തി നേടിയിട്ടു നാലോ അഞ്ചോ വര്‍ഷമേ ആയിട്ടുള്ളൂ എന്നും പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെളുത്ത, മെലിഞ്ഞ പെണ്‍കുട്ടിക്കു കിട്ടുന്ന സ്വീകാര്യത കറുത്ത, തടിച്ച പെണ്‍കുട്ടിക്കു ലഭിക്കില്ല. അതുകൊണ്ടാണ് വെളുക്കാനായുള്ള സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഇപ്പോഴും വിപണിയിലുള്ളത് എന്നും സയനോര പറഞ്ഞു.
' ഒരിക്കല്‍ ഒരു സ്റ്റേജ് ഷോ കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെ അടുത്തുള്ള മൂന്ന് വയസുകാരിയോടു ഞാന്‍ കുശലം ചോദിച്ചു. ആ കുഞ്ഞ് കരഞ്ഞു. എന്തുപറ്റി എന്ന് ചോദിച്ചപ്പോള്‍ കറുത്ത ആളുകളോട്ു സംസാരിക്കാന്‍ കുഞ്ഞിന് താല്‍പര്യമില്ല എനന്ന വിചിത്രമായ മറുപടിയാണ് തന്നത്,' സയനോര പറഞ്ഞു. സമൂഹവും മാധ്യമങ്ങളും എല്ലാം കറുത്ത ആളുകളെ കാണുന്ന രീതിയില്‍ ഇപ്പോഴും അസമത്വമുണ്ട്.
വില്ലന്മാരെല്ലാം കറുത്തവരായാണ് ചിത്രീകരിക്കുന്നത്. ആരാണ് കറുപ്പിനെ തിന്മയായി ചിത്രീകരിച്ചത്? കറുത്തവര്‍ എന്നാല്‍ അവര്‍ണര്‍ എന്ന പൊതുബോധം ഭരിക്കുന്ന തലമുറകളില്‍പെട്ടവര്‍ ഇപ്പോഴും നമുക്കുചുറ്റുമുണ്ട് എന്നും സയനോര കൂട്ടിച്ചേര്‍ത്തു. സവര്‍ണഅവര്‍ണ ബോധം ഇല്ലെന്ന് എത്രത്തോളം വാദിച്ചാലും അനുഭവസ്ഥര്‍ മറിച്ചാണെന്നേ പറയൂ എന്നും സയനോര പറഞ്ഞു.
ലിംഗഭേദമില്ലാതെയാണ്‌നിറത്തിന്റെ പേരില്‍ ആളുകള്‍ തഴയപ്പെടുന്നത് എന്നും അതിന് ഇനിയും മാറ്റം വന്നിട്ടില്ലെന്നു തെളിയിക്കുന്നതാണ് ചീഫ് സെക്രട്ടറിക്ക് നേരിട്ട അനുഭവങ്ങള്‍ എന്നും അവര്‍ വ്യക്തമാക്കി. കറുപ്പ് എന്നത് ഒരാളുടെ ചര്‍മ്മത്തിന്റെ നിറം മാത്രമാണ് എന്നും അയാളുടെ വ്യക്തിത്വത്തെ ഡിഫൈന്‍ ചെയ്യുന്നത് അയാളുടെ നിറമല്ല എന്നും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
അതേസമയം ഒരു അഞ്ച് വര്‍ഷം മുന്‍പുള്ളതില്‍ നിന്ന് കാര്യങ്ങള്‍ ഒരുപാട് മാറിയിട്ടുണ്ട് എന്നും ഇപ്പോഴത്തെ പുതിയ ജനറേഷന്‍ കൂടുതല്‍ ബോധവാന്‍മാരാണ് എന്നും സയനോര ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications