ഐഎന്‍എല്‍ പിളര്‍പ്പില്‍ നഷ്ടം സിപിഎമ്മിനും? ഇടത് ലക്ഷ്യം നിറവേറ്റാന്‍ പുതിയ പദ്ധതി വരുമോ... കാത്തിരുന്ന് കാണാം

കോഴിക്കോട്: ഐഎന്‍എലില്‍ പിളര്‍പ്പ് ഒഴിവാക്കുന്നതിനായി സമവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, അത് എത്രത്തോളം പ്രായോഗികമാകും എന്നതില്‍ ആശയക്കുഴപ്പമുണ്ട്. ഭാരവാഹികളെ മാറ്റിനിര്‍ത്തി പുതിയ കമ്മിറ്റി രൂപീകരിച്ചാല്‍ പോലും അധികാര കേന്ദ്രങ്ങള്‍ മാറില്ലെന്ന ആശങ്കയും ചിലര്‍ ഉന്നയിക്കുന്നു.

ഇതിനിടെ മറ്റൊരു ചര്‍ച്ചയും ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. ഐഎന്‍എലിന്റെ പിളര്‍പ്പ് സിപിഎമ്മിനേയും എല്‍ഡിഎഫിനേയും ഏത് തരത്തില്‍ രാഷ്ട്രീയമായി ബാധിക്കും എന്നതാണത്. ഐഎന്‍എല്‍ എന്ന രാഷ്ട്രീയ പാര്‍ട്ടി കൂടെയില്ലെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരിന് പ്രതിസന്ധികള്‍ ഒന്നുമില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, അതിനപ്പുറത്തുള്ള ചില കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചകളിലുള്ളത്.

1

ബാബറി മസ്ജിദ് വിഷയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിക്കണം എന്ന് ശക്തമായി വാദിച്ചത് മുസ്ലീം ലീഗിന്റെ അന്നത്തെ ദേശീയ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് ആയിരുന്നു. ദേശീയ പ്രസിഡന്റിനേക്കാള്‍ ശക്തി കേരള സംസ്ഥാന പ്രസിഡന്റിനുള്ള പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. യുഡിഎഫ് വിട്ടുപോരുക സാധ്യമല്ലെന്ന് കേരളത്തിലെ മുസ്ലീം ലീഗ് തീരുമാനിച്ചപ്പോള്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന് വെറും കാഴ്ചക്കാരനാകേണ്ടി വന്നു. അങ്ങനെ മുസ്ലീം ലീഗില്‍ നിന്ന് പുറത്ത് വന്നാണ് സേട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിക്കുന്നത്. അടിസ്ഥാനപരമായി മുസ്ലീം ലീഗ് തന്നെയാണ് ഐഎന്‍എല്‍ എന്നും ഒരു വിഭാഗം പറയുന്നതിനുള്ള കാരണം ഇതാണ്.

2

മുസ്ലീം ലീഗ് വിട്ട് ഇബ്രാഹിം സുലൈമാന്‍ സേട്ട് ഐഎന്‍എല്‍ രൂപീകരിക്കുമ്പോള്‍ ലക്ഷ്യമിട്ടത് ഇടത് ചേരി തന്നെ ആയിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിലോ ചിഹ്നങ്ങളിലോ സാമുദായികമായ ഒന്നും പ്രതിഫലിക്കാതിരിക്കാന്‍ ശ്രദ്ധ ചെലുത്തിയതിന് പിന്നില്‍ സിപിഎമ്മിന്റെ താത്പര്യം കൂടി പരിഗണിക്കപ്പെട്ടിരുന്നു എന്നാണ് കരുതുന്നത്. എന്നാല്‍, ഐഎന്‍എലിന് ഇടതുമുന്നണിയില്‍ അന്ന് പ്രവേശനം ലഭിച്ചില്ല. എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കിലും ഘടകകക്ഷിയല്ലാതെയുള്ള തിരഞ്ഞെടുപ്പ് സഹകരണം മാത്രമേ സാധ്യമായുള്ളു. ഒടുവില്‍ 22 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മുന്നണി പ്രവേശനം സാധ്യമായത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റില്‍ വിജയിച്ചപ്പോള്‍ ആദ്യ ടേമില്‍ തന്നെ ഐഎന്‍എലിന് മന്ത്രിസ്ഥാനം നല്‍കാന്‍ ഇടതുമുന്നണി സന്നദ്ധമാവുകയും ചെയ്തു.

3

ഐഎന്‍എല്‍ വിജയിച്ചത് മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റില്‍ ആയിരുന്നു- കോഴിക്കോട് സൗത്തില്‍. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കോഴിക്കോട് സൗത്ത്. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലിനെ വിജയിപ്പിച്ചെടുത്തതില്‍ മുഖ്യപങ്കുവഹിച്ചതും സിപിഎം തന്നെ. എന്നാല്‍, ആ തിരഞ്ഞെടുപ്പ് വിജയം കേരള രാഷ്ട്രീയത്തില്‍ ചില പുതിയ സാധ്യതകള്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു സിപിഎം. മുസ്ലീം ലീഗില്‍ നിന്ന് പിരിഞ്ഞുപോന്നെങ്കിലും ഇത്രനാളും ലീഗിന് ബദല്‍ എന്നൊരു പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഐഎന്‍എലിന് കഴിഞ്ഞിരുന്നില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പ് വിജയത്തോടെ അത്തരമൊരു സാധ്യത തന്നെ ആയിരുന്നു സിപിഎം മുന്നില്‍ കണ്ടിരുന്നത്.

4

ഐഎന്‍എലിനെ സംബന്ധിച്ചും ഈ തിരഞ്ഞെടുപ്പ് വിജയം ഏറെ നിര്‍ണായകമായിരുന്നു. നൂര്‍ബിന റഷീദ് എന്ന വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് മുസ്ലീം ലീഗ് പ്രതിച്ഛായ സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം അമ്പേ പാളിപ്പോയി. മറ്റൊരര്‍ത്ഥത്തില്‍ ഐഎന്‍എല്‍ അത് മുതലെടുക്കുകയും ചെയ്തു. ലീഗിലെ തന്നെ ചെറിയൊരു വിഭാഗത്തിന്റെ പിന്തുണ ഇത്തവണ ലഭിച്ചത് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയ്ക്കായിരുന്നു. ഇതിലെല്ലാം ഉപരി, മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റില്‍ അവരെ തോല്‍പിക്കാനായതിന്റെ ആവേശം വേണ്ടുവോളമുണ്ടായിരുന്നു ഐഎന്‍എലിന്. അതിന് പിറകെ മന്ത്രിസ്ഥാനം കൂടി ലഭിച്ചപ്പോള്‍, മുസ്ലീം ലീഗിനെ എതിരിടാമെന്ന ആത്മവിശ്വാസം പാര്‍ട്ടി അണികളിലും ശക്തമായിരുന്നു.

5

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഐഎന്‍എല്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സിപിഎമ്മിന് വലിയ തൃപ്തിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനപ്പുറം, ഐഎന്‍എലിന്റെ സോഷ്യല്‍ മീഡിയ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടത് മുന്നണിയില്‍ തന്നെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഒന്നായിരുന്നു. തുടര്‍ച്ചയായി ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം കൂടി പരിഗണിച്ചാല്‍, മുസ്ലീം ലീഗില്‍ നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാന്‍ ഐഎന്‍എല്‍ വഴി സാധിക്കുമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. മുസ്ലീം സമുദായത്തിലേക്ക് ഐഎന്‍എല്‍ വഴി കൂടുതലായി കടന്നുചെല്ലാനാകും എന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇതിന്റെ കൂടി ഭാഗമായിട്ടാണ് ഐഎന്‍എലിന് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കിയതും. കെബി ഗണേഷ്‌കുമാറിനേയും കെപി മോഹനനേയും കടന്നപ്പള്ളി രാമചന്ദ്രനേയും എല്ലാം മന്ത്രിസഭയ്ക്ക് പുറത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിസ്ഥാനം നല്‍കിയത് എന്നും ഓര്‍ക്കേണ്ടതുണ്ട്.

6

സിപിഎമ്മിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഐഎന്‍എലിന് വളരാന്‍ ആകുമായിരുന്നോ എന്ന ചോദ്യം പ്രത്യേകമായി തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. എന്തായാലും പിളര്‍പ്പിന്റെ സാഹചര്യത്തില്‍ അതിനുള്ള എല്ലാ സാധ്യതകളും അവസാനിക്കും എന്നതാണ് സിപിഎമ്മിനെ സംബന്ധിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ നിരാശ. മന്ത്രിപദവി ലഭിച്ചതിന് പിറകെ ഐഎന്‍എല്‍ സൃഷ്ടിച്ച പ്രതിസന്ധികളില്‍ സിപിഎമ്മിന് കടുത്ത അതൃപ്തിയുണ്ട് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. എന്തായാലും ഐഎന്‍എല്‍ പിളരാതെ, ഇടത് സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തുടരുക എന്നത് തന്നെ ആണ് സിപിഎം ഇപ്പോഴും ആഗ്രഹിക്കുന്നത്. ഇക്കാര്യം ഐഎന്‍എല്‍ നേതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

7

മുസ്ലീം ലീഗില്‍ വിള്ളലുണ്ടാക്കി മുസ്ലീം സമുദായത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സിപിഎമ്മിന്റെ ഏക വഴിയാണ് ഐഎന്‍എല്‍ എന്നൊന്നും പൂര്‍ണമായി കരുതാന്‍ നിര്‍വ്വാഹമില്ല. കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിലായി മുസ്ലീം ലീഗ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ സിപിഎം നടത്തുന്ന പരീക്ഷണങ്ങളില്‍ പലതും വിജയം കാണുന്നത് അവരെ സംബന്ധിച്ച് പ്രതീക്ഷ പകരുന്നതാണ്. ഐഎന്‍എല്‍ എന്ന പാര്‍ട്ടിയില്ലെങ്കിലും തങ്ങളുടെ നയപരിപാടികള്‍ ഈ വിഷയത്തില്‍ എത്തരത്തില്‍ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിന് കൃത്യമായ പദ്ധതിയും ഉണ്ട്. കെടി ജലീലും പിടിഎ റഹീമും കഴിഞ്ഞ നിയമസഭയില്‍ കാരാട്ട് റസാഖും എല്ലാം സിപിഎം തന്ത്രങ്ങളുടെ ഫലപ്രാപ്തികളാണെന്നും വേണമെങ്കില്‍ വിലയിരുത്താവുന്നതാണ്.

8

ഐഎന്‍എലിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റും, എല്‍ഡിഎഫിന്റെ ചെലവില്‍ എംഎല്‍എ സ്ഥാനം ലഭിച്ച ആളും ആയിരുന്നു പിഎംഎ സലാം. മുന്നണി പ്രവേശനം സാധ്യമാകുന്നില്ലെന്ന പരാതി ഉന്നയിച്ച് പിഎംഎ സലാം മുസ്ലീം ലീഗിലേക്ക് തിരികെ പോകുമ്പോള്‍ അദ്ദേഹം ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. സലാമിനൊപ്പം ലീഗിലേക്ക് തിരികെ പോയ എന്‍എ നെല്ലിക്കുന്ന് ഇപ്പോള്‍ കാസര്‍ഗോഡ് നിന്നുള്ള മുസ്ലീം ലീഗിന്റെ എംഎല്‍എ ആണ്. ഇപ്പോഴും ഐഎന്‍എലിലെ ചില നേതാക്കള്‍ക്ക് മുസ്ലീം ലീഗിനോട് ചായ് വുണ്ടെന്ന ആരോപണം ചിലര്‍ ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടിയിലെ പിളര്‍പ്പിന് പിന്നിലും ലീഗിന്റെ ഇടപെടല്‍ സംശയിക്കുന്നവരും ഉണ്ട്. എന്തായാലും ഇത്തവണ ഐഎന്‍എലില്‍ നിന്ന് ആരും മുസ്ലീം ലീഗിലേക്ക് പോകാന്‍ സാധ്യതയില്ല.

9

ഐഎന്‍എലിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു കഥ കൂടിയുണ്ട്. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ ആയില്ലെങ്കില്‍ ഐഎന്‍എലിനെ എല്‍ഡിഎഫില്‍ നിന്ന് മാറ്റിനിര്‍ത്തും. തുടര്‍ന്ന് മന്ത്രിസ്ഥാനവും എടുത്തുമാറ്റം. അടുത്ത ഘട്ടത്തില്‍ കുന്ദമംഗലത്ത് നിന്നുള്ള ഇടത് സ്വതന്ത്രന്‍ പിടിഎ റഹീമിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും എന്നതാണത്. റഹീം സ്ഥാപിച്ച നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേരത്തേ ഐഎന്‍എലില്‍ ലയിച്ചിരുന്നു. ആ നേതാക്കള്‍ ഐഎന്‍എലില്‍ നിന്ന് പുറത്ത് വരികയും നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഐഎന്‍എല്‍ ദേശീയ നേതൃത്വം പുറത്താക്കിയ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗവും കൂടി വന്നാല്‍ ഐഎന്‍എലിന് ബദലായി നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിനെ വളര്‍ത്തിയെടുക്കാമെന്ന് സിപിഎം കരുതുന്നു എന്നാണ് കഥ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+