മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ കേസ് കോടതി റദ്ദ് ചെയ്തു; കാരണം ഇതാണ്
കൊച്ചി: ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി. നടി മഞ്ജു വാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദ് ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തി എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഒടിയൻ സിനിമയക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു പരാതി. 2019 ഒക്ടോബർ 23 ന് ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
സ്ത്രീകളോട് അപമര്യാദയോടുള്ള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തൽ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്തായിരുന്നു ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് നാല് വർഷമായിട്ടും കേസിൽ മഞ്ജു വാര്യർ തന്റെ നിലപാട് അറിയിക്കാത്തതിനാലാണ് കേസ് ഹൈക്കോടതി റദ്ദ് ചെയ്തത്.

കേസിൽ മഞ്ജു വാര്യർ നിലപാട് അറിയക്കണമെന്ന് ഹൈക്കോടതിയും താരത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മഞ്ജു വാര്യരുടെ ബാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കേസ് റദ്ദ് ചെയ്യുന്നത്. ഒടിയൻ സിനിമയ്ക്ക് ശേഷം മഞ്ജു വാര്യർക്ക് നേരെ നടന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് താരം അന്നത്തെ ഡി ജി പിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിരുന്നു. സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോൻ ആണെന്ന് പറഞ്ഞായിരുന്നു പരാതി. ഈ പരാതി ഡി ജി പി തൃശൂർ ടൗൺ ഈസ്റ്റ് പോലീസിന് കൈമാറി.
2019 ഒക്ടോബർ 23 ന് കേസിൽ എഫ് ഐ ആർ ഇട്ടു. എന്നാൽ ശ്രീകുമാർ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിലനിൽക്കുന്നതല്ലെന്നും ഭീഷണിപ്പെടുത്തിയതിന് ശ്രീകുമാര മേനോനെ വിചാരണ ചെയ്യാൻ മാത്രം മതിയായ തെളിവില്ലെന്നും ഹൈക്കോടതി കണ്ടെത്തി.
എന്നാൽ കേസ് ഗൗരവതരമാണെന്നും വിചാരണ നടത്താൻ ആവശ്യമായ തെളിവുണ്ടെന്നുമായിരുന്നു അന്ന് പ്രോസിക്യൂഷന്റെ വാദം. 2020 മുതൽ പരിഗണനയിൽ ഉള്ള ഹർജിയിൽ എന്നാൽ പിന്നീട് കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നിലപാട് അറിയിക്കാതിരുന്നു. ഇതിന് പിന്നാലെയാണ് കേസ് റദ്ദാക്കിയത്.
മോഹൻലാലിനെ നായകനാക്കി 2018 ൽ ചെയ്ത സിനിമയാണ് ഒടിയൻ. കോടികൾ നേടാൻ സാധിച്ചെങ്കിസലും സോഷ്യൽ മീഡിയയിൽ സിനിമയ്ക്കെതിരെ ട്രോളുകൾ വന്നിരുന്നു.












Click it and Unblock the Notifications