വിനീഷിന്റെ വെളിപ്പെടുത്തൽ തെറ്റെന്ന് പോലീസ്! മൊഴിയെടുത്തത് ശ്രീജിത്തിന്റെ സാന്നിദ്ധ്യത്തിൽ...
ശ്രീജിത്തിന്റെ സാന്നിദ്ധ്യത്തിലാണ് വിനീഷിന്റെ മൊഴി രേഖപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വാസുദേവന്റെ മകൻ വിനീഷ് നടത്തിയ വെളിപ്പെടുത്തൽ തെറ്റെന്ന് പോലീസ്. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ പേര് പോലീസിനോട് പറഞ്ഞിട്ടില്ലെന്ന വിനീഷിന്റെ വെളിപ്പെടുത്തൽ തെറ്റാണെന്നും ഇയാളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
മരണപ്പെട്ട ശ്രീജിത്ത് കേസിലെ പ്രതിയാണെന്നും, ഇയാളടക്കമുള്ള പ്രതികളെ തിരിച്ചറിഞ്ഞ ശേഷമാണ് വിനീഷിന്റെ മൊഴി രേഖപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി. ശ്രീജിത്തിന്റെ സാന്നിദ്ധ്യത്തിലാണ് വിനീഷിന്റെ മൊഴി രേഖപ്പെടുത്തിയതെന്നും പോലീസ് പറയുന്നു. ഈ മൊഴികളുടെ പകർപ്പും പോലീസിന്റെ വെളിപ്പെടുത്തലും ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്.

മരണപ്പെട്ട ശ്രീജിത്തിന്റെ പേര് പോലീസിനോട് പറഞ്ഞിട്ടില്ലെന്നായിരുന്നു വിനീഷ് നേരത്തെ പറഞ്ഞിരുന്നത്. മർദ്ദിച്ചവരുടെ സംഘത്തിൽ ശ്രീജിത്ത് ഉണ്ടായിരുന്നെന്നാണ് പറഞ്ഞത്. എന്നാൽ അത് ശശിയേട്ടന്റെ മകനായ ശ്രീജിത്ത് ആണെന്ന് പറഞ്ഞിട്ടില്ല. മരണപ്പെട്ട ശ്രീജിത്ത് നിരപരാധിയാണെന്നും, യഥാർഥ പ്രതിയായ ശ്രീജിത്ത് വേറെയാളാണെന്നും വിനീഷ് മണിക്കൂറുകൾക്ക് മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതിനിടെ, ശ്രീജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് ഏഴ് മണിയോടെ വരാപ്പുഴയിൽ എത്തിച്ചു. തുടർന്ന് മൃതദേഹവുമായി ബിജെപി പ്രവർത്തകർ വരാപ്പുഴയിൽ റോഡ് ഉപരോധിച്ചു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ നേരിട്ടെത്തി ഉറപ്പുനൽകണമെന്നാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം.












Click it and Unblock the Notifications