'ഇത് സിപിഎമ്മിന്റെ അവസാന ബസ്, മുഖ്യമന്ത്രി ആരുടെ പിആർ ഏജൻസി?'; വിമർശനവുമായി എസ്എസ്എഫ് രിസാല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ കടുത്ത വിമർശനവുമായി കാന്തപുരം വിഭാഗത്തിന്റെ വാരികയായ രിസാല. എഡിജിപി എംആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദവും മലപ്പുറം പരാമർശവും ഒക്കെയാണ് കാന്തപുരം വിഭാഗത്തെ ചൊടിപ്പിച്ചത്. കാന്തപുരം വിഭാഗത്തിന്റെ വിദ്യാർത്ഥി വിഭാഗമായ എസ്എസ്എഫിന്റെ വാരിക രിസാലയിലാണ് രൂക്ഷമായ വിമർശനമുള്ളത്.
പിണറായി ആരുടെ പിആർ ഏജൻസി? എന്ന ചോദ്യമുയർത്തി കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. കുറച്ചുകാലം മുൻപ് വരെ സിപിഎമ്മുമായി രമ്യതയിൽ തന്നെയായിരുന്നു കാന്തപുരം വിഭാഗം. പല കാര്യങ്ങളിലും അനുകൂല നിലപാടുകൾ സ്വീകരിക്കുകയും പിണറായി വിജയനെ തള്ളിപറയാതെ നിൽക്കുകയും ചെയ്തെങ്കിലും സമീപകാല വിവാദങ്ങൾ ഈ നിലപാട് മാറ്റിയെന്ന് വ്യക്തം.

തുടർച്ചയായി വലതുപക്ഷ നിലപാടുകളാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നാണ് ലേഖനത്തിൽ ആരോപിക്കുന്നത്. എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയെ സിപിഎം ലഘൂകരിക്കുകയാണെന്നും ലേഖനം ആരോപിക്കുന്നു. ഹിന്ദുത്വ വാദികളുടെ വ്യാജ പ്രചാരണത്തിൽ സിപിഎം വീണുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
സിപിഎം ഇപ്പോൾ അധികാരത്തിന്റെ ആർത്തിയിൽ ചെന്ന് പതിച്ചിരിക്കുകയാണ്. മുൻപൊക്കെ ഉറച്ച നിലപാടുകൾ ആയിരുന്നു സിപിഎമ്മിന്റെ പ്രത്യേകത എന്നും ഇപ്പോൾ അതില്ലെന്നും ആരോപണമുണ്ട്. മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമർശം അടങ്ങിയ അഭിമുഖവും ലേഖനത്തിൽ എടുത്ത് പറയുന്നുണ്ട്. ഈ വിവാദം ഗുണമായത് ബിജെപിക്ക് ആണെന്നും അതിൽ പറയുന്നുണ്ട്. ഇത് സിപിഎമ്മിന്റെ അവസാന ബസ് ആണെന്നാണ് ലേഖനത്തിന്റെ കവർ പേജിൽ കുറിച്ചിരിക്കുന്നത്.
പോലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് എന്ന വിമർശനവും ലേഖനത്തിൽ ഉയർത്തുന്നുണ്ട്. പോലീസിന്റെ മനോവീര്യം തകർക്കരുതെന്ന ക്യാപ്സ്യൂളാണ് മുഖ്യമന്ത്രി ഉരുവിടുന്നതെന്നും അവർ പറയുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുകയാണെന്നും ലേഖനത്തിൽ ആരോപണമുണ്ട്. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിൽ ഉൾപ്പെടെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ഈ സംഭവ വികാസങ്ങൾ.
നേരത്തെ മുഖ്യമന്ത്രിയുടെ ന്യായീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത് വന്നിരുന്നു. മലപ്പുറം ജില്ലാ ആരുടേയും വക അല്ലെന്നും അതിന്റെ അട്ടിപ്പേർ അവകാശം ആർക്കും സ്വന്തം അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ വിവാദത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്.
എന്നാൽ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് വിവാദത്തിൽ. സര്‍ക്കാരിന് കെയ്‌സണ്‍ പി ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം. ഹിന്ദുവിന്റെ പ്രതികരണം വന്നതോടെ മുഖ്യന്ത്രിയുടെ ഭാഗം വ്യക്തമായെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications