കലോത്സവ വിധി നിര്‍ണ്ണയത്തില്‍ ക്രമക്കേട്...വിധികര്‍ത്താക്കള്‍ക്കെതിരെ വിജിലന്‍സ് കേസ്...
കുച്ചിപ്പുടി മത്സരാര്‍ത്ഥി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കണ്ണൂര്‍: അന്‍പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണ്ണയത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിജലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. കലോത്സവത്തിലെ രണ്ട് വിധികര്‍ത്താക്കള്‍ക്കെതിരെയും, ഒരു പരിശീലകനെതിരെയുമാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്.
കുച്ചിപ്പുടി മത്സരത്തിലെ വിധി നിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച് കുച്ചിപ്പുടി മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്, വിധിനിര്‍ണ്ണയത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പരിചമുട്ട് കളിയുടെ വിധികര്‍ത്താക്കള്‍ക്കെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയതായും, ഒരു പരിശീലകനും വിധികര്‍ത്താക്കളും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നതായും ചിലര്‍ ആരോപിച്ചിരുന്നു. കലോത്സവത്തിന്റെ അവസാന ദിവസം വിധിനിര്‍ണ്ണയത്തിലെ അപാകതയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്തത് മേളയുടെ നിറംകെടുത്തിയെന്നാണ് കലാപ്രേമികളുടെ നിലപാട്.
റവന്യൂ ജില്ലാ കലോത്സവങ്ങളില്‍ വിധികര്‍ത്താക്കള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന കലോത്സവം വിജിലന്‍സിന്റെ നിരീക്ഷണത്തില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കലോത്സവത്തിലെ മുഴുവന്‍ വിധികര്‍ത്താക്കളും, അവര്‍ താമസിക്കുന്ന സ്ഥലവും, ഫോണ്‍ കോളുകളും വിജിലന്‍സ് നിരീക്ഷിച്ചിരുന്നു.












Click it and Unblock the Notifications