തിരുവനന്തപുരത്ത് 65 കാരിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു;കൈ കാലുകള്‍ വികൃതമായ നിലയില്‍ !
തിരുവനന്തപുരം: പുല്ലുവിള കടല്‍ തീരത്തിനു സമീപം 65 കാരിയെ 25 ഓളം തെരുവുനായ്ക്കള്‍ ചേര്‍ന്ന് കടിച്ചു കൊന്നു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍ തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണ് മരിച്ചത്. നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വയോധികയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
വയോധികയുടെ കൈകാലുകള്‍ നായ്ക്കള്‍ കടിച്ചുപറിച്ച് വികൃതമായ നിലയിലായിരുന്നു. നായ്ക്കളുടെ ആക്രമണത്തില്‍ മറ്റൊരു വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. കൂടെയുണ്ടായിരുന്ന മകന്‍ സെല്‍വരാജിനെ നായ്ക്കള്‍ ആക്രമിച്ചപ്പോള്‍ ഇയാള്‍ കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. 25 ഓളം തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് വൃദ്ധയെ ആക്രമിച്ചതെന്ന് സെല്‍വരാജ് പറയുന്നു.

തീര പ്രദേശമായ പുല്ലുവിളയില്‍ വളരെക്കാലമായി തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നായ്ക്കളുടെ ശല്യം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു സമീപനവുമില്ലായിരുന്നെന്ന ആരോപണമുണ്ട്.
പുല്ലുവിള സ്വദേശിയായ മറ്റൊരു സ്ത്രീയെയും നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൈയ്യിലും കാലിലും കടിയേറ്റ ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications