റോഡരികിൽ സ്ത്രീയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത; നട്ടെല്ലിന് ക്ഷതം, ബന്ധു കസ്റ്റഡിയിൽ!
ബദിയടുക്ക: നെല്ലിക്കട്ടയിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സുഹ്‌റ(48)യുടെ മരണം വാരിയെല്ലിനേറ്റ ക്ഷതംമൂലമാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സുഹ്‌റയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ചെര്‍ളടുക്കയിലെ റോഡരികില്‍ സുഹ്‌റയെ പരിക്കേറ്റ നിലയില്‍ കണ്ടത്. ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ സുഹ്‌റയുടെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സഹോദരന്‍ വാഹനത്തില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോയി കുളിപ്പിച്ച ശേഷമാണ് സുഹ്‌റയെ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്. ആസ്പത്രിയില്‍ വെച്ച് സുഹ്‌റ മരിക്കുകയായിരുന്നു. സുഹ്‌റയെ ആസ്പത്രിയില്‍ എത്തിക്കുന്നതിന് പകരം വീട്ടില്‍ കൊണ്ടുപോയത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്.

സുഹ്‌റയുടെ ദേഹമാസകലം മുറിവുണ്ടായിരുന്നുവെന്നും രക്തം കഴുകിയാണ് ആസ്പത്രിയില്‍ എത്തിച്ചതെന്നും സംസാരമുണ്ട്. അതേസമയം ഇടക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന സുഹ്‌റയെ ദിവസങ്ങള്‍ക്ക് മുമ്പ് ചെര്‍ളടുക്കയിലെ റോഡരികില്‍ വെച്ച് മര്‍ദ്ദിക്കുന്നതും കണ്ടവരുണ്ട്. എന്നാല്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മയ്യത്ത് ചെര്‍ളടുക്ക ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
പോലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. സുഹ്‌റയുടെ വാരിയെല്ല് പൊട്ടിയ നിലയിലായിരുന്നു. ശരീരമാസകലം പരിക്കേറ്റ പാടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് മുന്നോടിയായി ബദിയടുക്ക എസ്.ഐ കെ. പ്രശാന്തിനെ പരിയാരത്തേക്ക് വിളിപ്പിച്ചിരുന്നു. സുഹ്‌റയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദ്ദനമേറ്റ പാടിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പറയുന്നത്.












Click it and Unblock the Notifications