ആത്മഹത്യ ഭീഷണിയുമായി യുവതി സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിൽ
തിരുവനന്തപുരം: എപ്പോഴും പൊലീസ് നിരീക്ഷണത്തിലുള്ള സെക്രട്ടറിയേറ്റിലെ ആൽമരത്തിൽ കയറി യുവതി ആത്മഹത്യ ഭീഷണി മുഴക്കിയത് നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന്പുലർച്ചെ മൂന്നു മണിയോടെയാണ് കണ്ണൂർ പടിയൂർ സ്വദേശി വീണാ മണി മരത്തിൽ കയറിയത്.
സെക്രട്ടറിയറ്റ് പരിസരത്ത് കാവൽ നിന്ന പോലീസ് പോലും സംഭവം അറിഞ്ഞില്ല. രാവിലെ ആറ് മണിയോടെയാണ് വഴിയാത്രക്കാർ സ്ത്രീയെ കണ്ടത്.അവർ വിവരം അറിയിച്ചതിനെ തുടർന്ന് കന്റോൺമെന്റ് പൊലീസ് പാഞ്ഞെത്തി.ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഒടുവിൽ ചെങ്കൽചൂള ഫയർഫോഴ്സും കന്റോൺമെന്റ് പൊലീസും ചേർന്ന് ബലം പ്രയോഗിച്ച് യുവതിയെ താഴെയിറക്കിയപ്പോൾ സമയം രാവിലെ ഏഴര കഴിഞ്ഞു.കണ്ണൂരിലെ ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ 2014ൽ താൻ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചിരുന്നുവെന്നും പൊലീസ് അത് നശിപ്പിച്ചെന്നും യുവതി പറയുന്നതായി കന്റോൺമെന്റ് പൊലീസ് പറയുന്നു.

ഇതു സംബന്ധിച്ച് വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് തന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്ഇവർ കണ്ണൂരിൽ നിന്ന് സെക്രട്ടേറിയറ്റിന് മുന്നിലെത്തി മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. തന്നോട് അപമര്യാദയായി പെരുമാറിയ എസ്.ഐയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
വീണാമണിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഇരുപത്തി നാല് മണിക്കൂറും സി.സി.ടി.വി നിരീക്ഷണത്തിലുള്ള, കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള സെക്രട്ടറിയറ്റിന് മുന്നിലെ ആൽമരത്തിൽ എങ്ങനെ യുവതി കയറിയെന്ന ഞെട്ടലിലാണ് തലസ്ഥാനത്തുകാർ.












Click it and Unblock the Notifications