സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇതുവരെ മാറിയിട്ടില്ല; സുനില്‍ കുമാറിന്റെ വീട്ടിലും പോയി: കെ സുരേന്ദ്രന്‍
തൃശൂർ: മുന്‍ മന്ത്രിയും സി പി ഐ നേതാവുമായ വി എസ് സുനില്‍ കുമാറിന് മറുപടിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂരില്‍ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും സുനിൽകുമാറിന് മാറിയിട്ടില്ലെന്നാണ് കെ സുരേന്ദ്രൻ ഫെസ്ബുക്കിൽ കുറിച്ചത്.
ക്രിസ്മസ് ദിനത്തില്‍ കെ സുരേന്ദ്രന്‍ തൃശൂർ മേയർ എംകെ വർഗീസിനെ സന്ദർശിക്കുകയും കേക്ക് കൈമാറുകയും ചെയ്തതിന് വിമർശിച്ച് വി എസ് സുനില്‍ കുമാർ രംഗത്ത് വന്നിരുന്നു.
'ലോകസഭാ തിരഞ്ഞെടുപ്പിൽ ശ്രീ. സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും എന്റെ സുഹൃത്ത് ശ്രീ വി എസ് സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നു പുതിയ പ്രതികരണം കാണുമ്പോൾ. ഈ ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും ഞാന്‍ പോയി കാണുകയും കേക്കു നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടുതാനും.' കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ ഞാൻ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെ. കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും സുനിൽ എന്നും എന്റെ ഒരു നല്ല സുഹൃത്തുതന്നെ - എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.
അതേസമയം, മേയര്‍ക്ക് ചോറ് ഇവിടെയും കൂര്‍ അവിടെയുമാണെന്നായിരുന്നു വി എസ് സുനില്‍ കുമാറിന്റെ വിമർശനം. വഴി തെറ്റി വന്നല്ല മേയര്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേക്ക് നല്‍കിയത്. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറോടുള്ള സി പി ഐ പ്രതിഷേധം നേരത്തെ വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ മാറ്റമില്ല. എല്‍ഡി എ ഫിന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല. എല്‍ ഡി എഫിന്റെ മേയറായി നിന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷനില്‍ നിന്നും കേക്ക് വാങ്ങിയതിനെ അത്ര നിഷ്‌ക്കളങ്കമായി കാണാന്‍ സാധിക്കില്ലെന്നും സുനില്‍ കുമാർ അഭിപ്രായപ്പെട്ടു.
വി എസ് സുനില്‍ കുമാറിനെ തള്ളി സി പി ഐ, സി പി എം നേതൃത്വങ്ങള്‍ മുന്നോട്ട് വന്നപ്പോള്‍ കേക്ക് വാങ്ങിയതിൽ രാഷ്ട്രീയമില്ലെന്ന് എം കെ വര്‍ഗീസും വ്യക്തമാക്കി. അനുവാദം ചോദിച്ചിട്ടല്ല സുരേന്ദ്രൻ വീട്ടിലെത്തിയത്. സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യമര്യാദയുടെ ഭാഗമായാണ്. കേക്ക് വാങ്ങിയത് തെറ്റായി തോന്നിയിട്ടില്ല. കേക്ക് ആര് കൊണ്ടുവന്നാലും വാങ്ങും. കേക്കുമായി വീട്ടിൽ എത്തിയാൽ കയറരുത് എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications