കിലുക്കം അടക്കം സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഡിറ്റര്‍.. ഇന്ന് ജീവിക്കാന്‍ വേണ്ടി ചെയ്യുന്നത്..!
പെരിങ്ങോം: ജീവിതം പലപ്പോഴും മനുഷ്യന് മുന്നില്‍ വെച്ച് നീട്ടുന്നത് അപ്രതീക്ഷിതമായ വഴിത്തിരിവുകളായിരിക്കും. പ്രതീക്ഷിച്ചതും സ്വപ്‌നം കണ്ടതുമായ വഴികളിലൂടെ മാത്രം മുന്നോട്ട് പോയിട്ടുള്ള ജീവിതങ്ങള്‍ അപൂര്‍വ്വങ്ങളായിരിക്കും. ഒന്നുമില്ലായ്മയില്‍ നിന്നുള്ള വളര്‍ച്ചയും ഉയരത്തില്‍ നിന്നുള്ള വീഴ്ചയുമെല്ലാം സാധാരണം. പഴയ കാലത്തെ പ്രതാപം ഓര്‍മ്മകള്‍ മാത്രമായിപ്പോയ ജീവിതങ്ങള്‍ നിരവധി. ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന കെ നാരായണന്റെ ജീവിതവും അത്തരത്തിലാണ്.

ആ സിനിമകൾക്ക് പിന്നിൽ
കിലുക്കവും തേന്‍മാവിന്‍ കൊമ്പത്തും വന്ദനവും ചിത്രവുമെല്ലാം മലയാളിക്ക് എത്ര കണ്ടാലും മടുക്കാത്ത ചിത്രങ്ങളാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും പുതുമ നഷ്ടപ്പെടാത്ത സിനിമകള്‍ എ്ന്ന് തന്നെ പറയാം. ഈ സിനിമകളുടെ എഡിറ്റര്‍ കെ നാരായണനെ ഇന്ന് ഒരുപക്ഷേ ആര്‍ക്കും അറിയാന്‍ വഴിയില്ല. മാത്തില്‍ സ്വദേശിയാണ് നാരായണന്‍.

എണ്ണപ്പെട്ട സിനിമകൾ
നാരായണന്റെ കൈകള്‍ വെട്ടിയൊട്ടിച്ച സിനിമകള്‍ മലയാള സിനിമാ ചരിത്രത്തിലെ എണ്ണപ്പെട്ടവയാണ്. പ്രശസ്ത സംവിധായകന്‍ ഭരതന്റെ ചിത്രം മിന്നാമ്മിനുങ്ങിന്റെ നുറുങ്ങുവെട്ടത്തില്‍ തുടങ്ങിയതാണ് നാരായണന്റെ സിനിമാ ജീവിതം. പിന്നെ ഈ രംഗത്ത് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ സിനിമകള്‍ വന്നു.

ഹിന്ദിയിൽ വരെ അവസരം
വൈശാലി, മിഥുനം, ഏയ് ഓട്ടോ, ലാല്‍ സലാം, ആയിരപ്പറ, പൊന്തന്‍മാട, കിലുക്കം, വന്ദനം, മങ്കമ്മ, ഡാനി തുടങ്ങി എണ്ണമറ്റ സിനിമകളില്‍ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തു. സംവിധായകന്‍ പ്രിയദര്‍ശന്‍ ഹിന്ദി സിനിമകളിലേക്ക് കടന്നപ്പോള്‍ അവിടെയും ലഭിച്ചു നാരായണന് അവസരങ്ങള്‍.

നേരെ ചെന്നൈയ്ക്ക്
പണ്ട് കാലത്ത് സിനിമയില്‍ മുഖം കാണിക്കാനൊരു അവസരത്തിന് വേണ്ടി ചെന്നൈയിലേക്ക് വണ്ടി കേറിയ നിരവധി പേരുണ്ട്. എന്നാല്‍ നാരായണന്റെ താല്‍പര്യം എഡിറ്റിംഗ് എന്ന വെട്ടിക്കൂട്ട് പരിപാടിയോടായിരുന്നു. നേരെ ചെന്നൈയ്ക്ക് വെച്ച് പിടിച്ചു. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍ നാരായണന്റെ മൂത്ത സഹോദരനാണ്. മോഹന്‍ അന്ന് സിനിമയിലുണ്ട്.

തുടക്കം തമിഴിൽ
ആ ധൈര്യത്തില്‍ കൂടിയായിരുന്നു നാരായണന്‍ ചെന്നൈയിലേക്ക് വണ്ടി കയറിയത്. സിനിമയില്‍ തുടക്കത്തിന് മോഹന്‍ സഹായിച്ചു. അങ്ങെനെ വിജയവാഹിനി സ്റ്റുഡിയോയില്‍ എഡിറ്ററുടെ സഹായിയായി നാരായണന്‍ സിനിമാ ജീവിതം തുടങ്ങി. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗില്‍ പങ്കാളിയായി. സിനിമ വിടും വരെ സ്വതന്ത്ര്യ എഡിറ്ററാവാന്‍ നാരായണന്‍ ശ്രമിച്ചിരുന്നില്ല.

ജീവിതം വഴിമാറി
പിന്നീട് ബന്ധുവായ ബാലാമണിയെ നാരായണന്‍ സ്വന്തം ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കുഞ്ഞ് ജനിച്ചതോടെ നാരായണന്റെ ജീവിതം തലകീഴായി മറിഞ്ഞു. ശാരീരിക വൈകല്യങ്ങളോടെയായിരുന്നു ദര്‍ശന്റെ ജനനം. ശരീര കോശങ്ങളുടെ വളര്‍ച്ച ക്രമരഹിതമായതിനാല്‍ നടക്കാന്‍ പരസഹായം വേണം. മിണ്ടാനുമാവില്ല ദര്‍ശന്.

ജോലി വിട്ട് നാട്ടിലേക്ക്
ഇതോടെ ചെന്നൈയില്‍ ജോലി തുടരുക നാരായണന് ബുദ്ധിമുട്ടായി. തിരുവനന്തപുരത്ത് ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ എഡിറ്റിംഗ് സഹായിയായി ജോലി നോക്കിയെങ്കിലും അത് അധികകാലം തുടര്‍ന്നില്ല. മകന്റെ ചികിത്സയ്ക്കും പഠനത്തിനും വേണ്ടി 2001ല്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ജീവിക്കാന്‍ മറ്റ് വഴികള്‍ തേടേണ്ടി വന്നു നാരായണന്.

ഉപജീവനത്തിന് ഓട്ടോ
മകനെ സ്‌കൂളില്‍ കൊണ്ട് പോകാനും വരാനും വേണ്ടിയായിരുന്നു ഓട്ടോറിക്ഷ വാങ്ങിയത്. പിന്നീട് ഓട്ടോ തന്നെ ഒരു ഉപജീവനമാര്‍ഗമായി തെരഞ്ഞെടുത്തു നാരായണന്‍. മകനെ സ്‌കൂളിലാക്കിയ ശേഷം ഓട്ടം പോകും. ഇടയ്ക്ക് പയ്യന്നൂരിലെ സ്റ്റുഡിയോയില്‍ എഡിറ്റിംഗ് ജോലിയും ചെയ്യും.

ആരാലും അറിയപ്പെടാതെ
അതിനിടെ ബാബു തിരുവല്ലയുടെ തനിയെ എന്ന ചിത്രം എഡിറ്റ് ചെയ്യാന്‍ നാരായണന് അവസരം ലഭിച്ചു. മികച്ച എഡിറ്റര്‍ക്കുള്ള ്അവാര്‍ഡും നാരായണനെ തേടിയെത്തി. എന്നാല്‍ മകന്റെ ചികിത്സയ്ക്കും മറ്റുമുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ നാരായണന്‍ ഓട്ടോ ഓടിക്കുകയാണ്. പൊന്നമ്പാറ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ദര്‍ശന്‍ എന്ന ഓട്ടോ ഓടിക്കുന്ന കൈകളാണ് കിലുക്കവും ചിത്രവുമെല്ലാം വെട്ടിയൊട്ടിച്ചതെന്ന് ഇപ്പോഴും നാട്ടിലെ പലര്‍ക്കും അറിയുക പോലുമില്ല.












Click it and Unblock the Notifications