ശബരിമല; സുപ്രീംകോടതിയില്‍ ഇന്ന് മുതല്‍ വാദം തുടങ്ങും, വിശാല ബെഞ്ച് പരിശോധിക്കുക 7 കാര്യങ്ങള്‍
ദില്ലി: ശബരിമല യുവതീ പ്രവേശനത്തിന് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച മതകാര്യങ്ങളിലെ പൊതുവായ നിമയപ്രശ്നങ്ങളില്‍ ഇന്ന് മുതല്‍ കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹര്‍ജിയില്‍ ആരുടെയൊക്കെ വാദം കേള്‍ക്കണമെന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷൺ, എൽ നാഗേശ്വരറാവു, മോഹൻ എം ശാന്തനഗൗഡർ, അബ്ദുൾ നസീർ, സുഭാഷ് റെഡ്ഡി, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റ് അംഗങ്ങള്‍. വിശാല ബെഞ്ചില്‍ നിന്ന് തീര്‍പ്പ് ലഭിച്ച ശേഷമായിരിക്കും വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുന്ന കാര്യം അഞ്ചംഗ ഭരണഘടന ബെഞ്ച് തിരുമാനിക്കുക.

ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 അനുഛേദങ്ങളും അതിന് കീഴിലുള്ള മതസ്വാതന്ത്ര്യവും. പ്രത്യേകിച്ച് ആർട്ടിക്കിൾ 14 മായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഭരണഘടനയുടെ ആർട്ടിക്കിൾ 25 (1) ൽ പറയുന്ന പൊതുക്രമം, ധാർമ്മികത എന്നിവയുടെ ആവിഷ്കാര വ്യാപ്തി എന്തായിരിക്കണം, ധാർമ്മികത അല്ലെങ്കിൽ ഭരണഘടനാ ധാർമ്മികത എന്ന പ്രയോഗം ഭരണഘടനയിൽ നിർവചിക്കപ്പെട്ടിട്ടില്ല. അതിനാല്‍ മതവിശ്വാസം ക്രമസമാധാനത്തിനും ധാര്‍മ്മികതയ്ക്കും എത്രത്തോളം വിധേയമാണ് തുടങ്ങിയ കാര്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക.
ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ ആചാരങ്ങള്‍ തിരുമാനിക്കാനുള്ള അധികാരം കോടതിക്കുണ്ടോ അതോ മത പുരോഹിതര്‍ക്കാണോ?, ഭരണഘടനയില്‍ പറയുന്നത് പ്രകാരം എന്താണ് ഹിന്ദുവിന്‍റെ നിര്‍വചനം?, മതാചാരങ്ങളെ ചോദ്യം ചെയ്യാന്‍ മറ്റ് മതങ്ങളിലുള്ളവര്‍ക്ക് അവകാശമുണ്ടോ?, ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് മതങ്ങള്‍ അവകാശപ്പെടുന്ന ആചാരങ്ങള്‍ക്ക് ഭരണഘടനയുടെ പരിരക്ഷയുണ്ടോ? തുടങ്ങിയവയും ബെഞ്ചിന്‍റെ പരിഗണാനാ വിഷയങ്ങളാണ്.












Click it and Unblock the Notifications