മുഖ്യമന്ത്രിയുടെ മകളുമായി ശിവശങ്കറിന് ബന്ധമില്ലേ, പിണറായിക്ക് സ്വപ്നയെ അറിയാമെന്ന് സുരേന്ദ്രന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറെ ഒഴിവാക്കാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായുള്ള ബന്ധം പുറത്ത് വരുന്നത് കൊണ്ടാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയ ആളാണ് ശിവശങ്കര്‍. അതേയാള്‍ തന്നെ ഐടി സ്ഥാനത്ത് തുടരുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ വ്യക്തിതാല്‍പര്യമുണ്ട്. സോളാര്‍ കാലത്ത് തനിക്ക് സരിതയുമായി ഒരു ബന്ധവുമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത്. ഇത് തന്നെയാണ് പിണറായിയും പറയുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സ്വപ്നയെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനേറ്റ കളങ്കമല്ല, സ്വര്‍ണക്കടത്ത് വിവാദമെങ്കില്‍ സെക്രട്ടറി ശിവശങ്കരനെ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്തിനാണ്. സ്പ്രിംഗ്ലര്‍ വിവാദം വന്നപ്പോള്‍, ശിവശങ്കരനെ പൂര്‍ണ വിശ്വാസമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഷാര്‍ജയിലെ ഷെയ്ക്കിന് നല്‍കിയ ബിരുദവും കേരള സര്‍വകലാശാലയുടെ ബിരുദ ദാനവുമടക്കം അഞ്ച് ദിവസത്തെ പരിപാടികളില്‍ സ്വപ്‌നയ്ക്കായിരുന്നു ചുമതല. ലോക കേരള സഭയുടെ നടത്തിപ്പിലും സ്വപ്‌ന സുരേഷിന് പങ്കുണ്ടെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുമായുള്ള ബന്ധത്തിലൂടെയാണ് ലോക കേരള സഭയുടെ നിയന്ത്രണം സ്വപ്‌നയിലേക്ക് എത്തുന്നത്. സര്‍ക്കാരിലെ പ്രമുഖരുമായും ചില എംഎല്‍എമാരുമായും സ്വപ്‌നയ്ക്ക് ബന്ധമുണ്ട്. പിണറായിയുടെ ചെവിയില്‍ സ്വപ്‌ന സംസാരിക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നതാണ്. മന്ത്രിസഭയിലേയും സിപിഎമ്മിലെ ഉന്നതരുമായി സ്വപ്‌നയ്ക്ക് ബന്ധമുണ്ട്. അവരുമായി ഇവര്‍ക്കെല്ലാം നല്ല സൗഹൃദവുമുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ഇതുസംബ്ന്ധിച്ച് കൊച്ചിയിലെ കസ്റ്റംസ് ജോയിന്റ് കമ്മീഷണറുടെ വെളിപ്പെടുത്തലുകള്‍ ഉടന്‍ പുറത്തുവരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
സ്വപ്‌നയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിന്റെ തിരുവനന്തപുരത്തെ ബ്രാഞ്ചിന്റെ ഉദ്ഘാടനം നടത്തിയത് ശ്രീരാമകൃഷ്ണനാണ്. ശിവശങ്കറിനും സ്വര്‍ണ കടത്ത് കേസുമായി ബന്ധമുണ്ട്. സാധാരണ നികുതി വെട്ടിപ്പ് കേസായി ഇതിനെ കാണരുത്. എന്‍ഐഎ അന്വേഷിക്കണമെങ്കില്‍ ആ രീതിയില്‍ അന്വേഷിക്കണം. കസ്റ്റംസിലെ ഒരു ഉന്നതന്‍ സിപിഎമ്മിന് വേണ്ടി ചരട് വലിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. പല രാഷ്ട്രീയ നേതാക്കള്‍ക്കും സ്വപ്‌നയുമായി ബന്ധമുണ്ട്. കൂടുതല്‍ തെളിവുകള്‍ ഇനിയങ്ങോട്ട് പുറത്തുവിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.