'ഈ അധമ കുല ജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകും'; സുരേഷ് ഗോപിയെ ട്രോളി വിനായകൻ
ആദിവാസി വിഭാഗത്തിന്റെ ചുമതല വഹിക്കാന്‍ ഉന്നതകുലജാതര്‍ വരണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ഇപ്പോഴിതാ പ്രതികരണത്തിൽ സുരേഷ് ഗോപിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനായകൻ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
വിനായകന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ-'അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമ കുല ജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകും'.

കഴിഞ്ഞ ദിവസം കോൺഗ്രസ്, സിപിഎം നേതാക്കളും പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. മന്ത്രി ഒആർ കേളുവിന്റെ പ്രതികരണം ഇങ്ങനെ-' പട്ടിക വർഗമന്ത്രി ഉന്നതകുലജാതനാകണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമർശം തികച്ചും അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഭരണഘടനാ ലംഘനമാണ് ഈ വാക്കുകളിലൂടെ കേന്ദ്ര മന്ത്രി നടത്തിയിരിക്കുന്നത്. എല്ലാവരെയും തുല്യരായി കാണുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി ഭരണഘടന ലംഘിച്ചിരിക്കുന്നു എന്ന് മാത്രമല്ല നിലവാര തകർച്ചയുടെ അങ്ങേ അറ്റത്താണ് അദ്ദേഹം നിൽക്കുന്നതും. മനുവാദികളുടെ താൽപര്യമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നിട്ടുള്ളത്. RSS ന് വിധേയപ്പെട്ട് മനുഷ്യരെ പല തട്ടുകളിലാക്കി ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുന്ന മനോഭാവമുള്ള ജനപ്രതിനിധിയെ ഈ നാടിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് വിടി ബൽറാമിന്റെ കുറിപ്പും വായിക്കാം-'ഇതെന്തൊരു കഷ്ടമാണ്! എത്ര പേർ, എത്ര തവണ, എത്ര അവസരങ്ങളിൽ ഏതെല്ലാം രീതിയിൽ ചൂണ്ടിക്കാട്ടിയിട്ടും ഈപ്പറയുന്നതിലെയൊക്കെ മനുഷ്യവിരുദ്ധതയും പുളിച്ചു തികട്ടുന്ന സവർണ്ണതയും ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല എന്ന് വച്ചാൽ എന്ത് ചെയ്യാനാണ്!
"ഉന്നതകുലജാതർ" ഒരു സർക്കാർ വകുപ്പിന്റെയല്ല, ഈ നാടിന്റെ തന്നെ മൊത്തം അധികാരവും കയ്യാളി തന്നിഷ്ടത്തിനനുസരിച്ച് ഭരിച്ചിരുന്ന പഴയ രാജഭരണകാലത്തൊക്കെ ഇവിടത്തെ ദലിതർക്കും ആദിവാസികൾക്കുമൊക്കെ പിന്നെ സ്വർഗമായിരുന്നല്ലോ! ഈ "ഉന്നതകുലജാതർ" എന്ന ഒരു വർഗം തന്നെയുണ്ടായത് മറ്റ് അധ്വാനിക്കുന്ന മനുഷ്യരെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തിട്ടാണ് എന്ന് എത്ര തവണ പറഞ്ഞാലാണ് ഈ ചരിത്രബോധവിഹീനർക്ക് മനസ്സിലാവുക? മനുസ്മൃതിയിലൂന്നിയ സംഘ് പരിവാറിന്റെ ജീർണ്ണിച്ച പ്രത്യയശാസ്ത്രമാണ് ഇദ്ദേഹത്തേക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.
ബഹുമാനപ്പെട്ട കേന്ദ്രമന്ത്രിക്ക് ഇടപെടാവുന്ന ചില കാര്യങ്ങൾ Dhanya Ramanനേപ്പോലുള്ള ആക്ടിവിസ്റ്റുകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ വകുപ്പിന് കീഴിൽ കേരളത്തിൽത്തന്നെ പട്ടികജാതി/വർഗ്ഗക്കാർക്കായി 100ഓളം പെട്രോൾ പമ്പുകൾ അനുവദിച്ചിട്ടുണ്ട്. അതൊക്കെ ഇപ്പോൾ ആരാണ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നും ആദിവാസികളുടെ പേരിൽ ആരാണ് കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നും ബഹു. കേന്ദ്രമന്ത്രി തന്റെ ഔദ്യോഗിക സംവിധാനങ്ങൾ വഴി കൃത്യമായി അന്വേഷിച്ച് നടപടി സ്വീകരിക്കാമോ? ഇദ്ദേഹം മന്ത്രിയായതിന് ശേഷം അനുവദിച്ചവയാണ് ഈ എല്ലാ പമ്പുകളും എന്ന് പറയുന്നില്ല, എന്നാൽ നിലവിൽ ഇക്കാര്യത്തിൽ ഇടപെടാൻ അധികാരമുള്ളത് സ്വയം "ഉന്നതകുലജാതനാ"യ ഇദ്ദേഹത്തിനാണ്. എന്തെങ്കിലും നടപടി ഉണ്ടാവുമോ?'












Click it and Unblock the Notifications