സുരേഷ് ഗോപി പുലിപ്പല്ല് വിവാദം; ബിജെപി നേതാക്കളെ വിളിപ്പിക്കും, ഒപ്പമുള്ളവരുടെ മൊഴി എടുക്കും
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് പരാതിയില്‍ വനംവകുപ്പ് നടപടി തുടങ്ങുന്നു. സുരേഷ് ഗോപിക്കൊപ്പം അന്നുണ്ടായിരുന്ന ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്തും. ഇവര്‍ക്ക് ഹാജരാകുന്നതിന് ഉടന്‍ നോട്ടീസ് അയക്കും. റാപ്പര്‍ വേടന്റെ പുലിപ്പല്ല് കേസിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും സമാനമായ ആരോപണം ഉയര്‍ന്നത്.
സുരേഷ് ഗോപി ക്ഷേത്രത്തിലും പൊതുപരിപാടിയിലും നില്‍ക്കുന്ന വേളയില്‍ എടുത്ത ചിത്രങ്ങളാണ് പരാതിക്കാരനായ എഎ മുഹമ്മദ് ഹാഷിം കൈമാറിയിട്ടുള്ളത്. പുലിപ്പല്ല് പോലെ തോന്നിക്കുന്ന വസ്തു മാലയില്‍ ലോക്കറ്റായി അണിഞ്ഞതാണ് ചിത്രത്തില്‍ കാണുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണം വരുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ വനംവകുപ്പ് നടത്തിവരുന്നത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് വനംവകുപ്പ് വിളിപ്പിക്കുന്നത്. പരാതിക്കാരനായ മുഹമ്മദ് ഹാഷിം യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവാണ്. ഇദ്ദേഹം വനംവകുപ്പിന് മൊഴി കൊടുത്തിട്ടുണ്ട്. ഈ വേളയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘം.
വന്യജീവി സംരക്ഷണ നിയമ പ്രകാരം പുലിപ്പല്ല് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൈവശം വെക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമാണ്. പട്ടിക്കാട് റേഞ്ച് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. സുരേഷ് ഗോപിയുടെ മാലയിലുണ്ടായിരുന്ന ലോക്കറ്റ് പുലിപ്പല്ലാണ് എന്ന് തെളിഞ്ഞാല്‍ മാത്രമാകും കേസെടുത്ത് തുടര്‍ നടപടികളിലേക്ക് കടക്കുക.
അതേസമയം, വേടനോട് സ്വീകരിച്ച സമാനമായ നിലപാട് സുരേഷ് ഗോപിയോട് എന്തുകൊണ്ട് സ്വീകരിക്കുന്നില്ല എന്ന ചോദ്യം ഒരുഭാഗത്ത് ഉയരുന്നുണ്ട്. കഞ്ചാവ് കേസില്‍ വേടനെ അറസ്റ്റ് ചെയ്ത പിന്നാലെയാണ് പുലിപ്പല്ല് കേസ് അദ്ദേഹത്തിനെതിരെ എടുത്തത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അതിവേഗമായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം.
ചെന്നൈയില്‍ നടന്ന പരിപാടിക്കിടെ ഒരു പ്രവാസി സമ്മാനമായി തന്നതാണ് ഈ ലോക്കറ്റ് എന്നായിരുന്നു വേടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തൊട്ടുപിന്നാലെയായിരുന്നു സുരേഷ് ഗോപിക്കെതിരായ പരാതി. എന്നാല്‍ പരാതി ലഭിച്ച് മാസങ്ങളായിട്ടും മൊഴി എടുക്കല്‍ പോലും പൂര്‍ത്തിയാക്കിയില്ല എന്നാണ് വിമര്‍ശനം.












Click it and Unblock the Notifications