ശ്രീരാമനെ ധ്യാനിച്ച് സുരേഷ് ഗോപിക്ക് വോട്ടുചെയ്യണമെന്ന് അബ്ദുള്ളക്കുട്ടി: പരാതിയുമായി എല്‍ഡിഎഫ്
തൃശ്ശൂർ: തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണത്തിന് എത്തിയ ബി ജെ പി നേതാവ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതിയുമായി എല്‍ ഡി എഫ്. സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് പിടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 30ന് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ വച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ എപി അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരു പറഞ്ഞ് സുരേഷ് ഗോപിയ്ക്ക് വോട്ട് അഭ്യര്‍ഥിച്ചെന്നാണ് എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ശ്രീരാമ ഭഗവാനെ മനസില്‍ ധ്യാനിച്ചുകൊണ്ട് സുരേഷ് ഗോപിയ്ക്ക് വോട്ട് ചെയ്യണം എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍. ഇത് 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 171 ഇ പ്രകാരവും കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും എല്‍ ഡി എഫിന്റെ പരാതിയില്‍ പറയുന്നു. സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടും കൂടി ഹിന്ദുമത വിശ്വാസികള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അബ്ദുള്ളക്കുട്ടി ഇത്തരത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ചതെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി രണ്ട് പേർക്കെതിരേയും നടപടി വേണമെന്നും എല്‍ ഡി എഫ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് സുരേഷ് ഗോപിക്കെതിരെ നേരത്തേയും എല്‍ ഡി എഫ് പരാതി ഉന്നയിച്ചിട്ടുണ്ട്. സുരേഷ് ഗോപി വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ പരാതി. സിപിഐ ജില്ലാ സെക്രട്ടറിയും എൽഡിഎഫ് തൃശൂർ പാർലമെൻ്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജന്‍ നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടുകയും ചെയ്തു.
വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിൻ്റിംഗ് വിവരങ്ങൾ ഇല്ലെന്നും വത്സരാജ് നല്‍കിയ പരാതിയില്‍ പറയുന്നു. നോട്ടീസിന്റെ എത്ര കോപ്പികളാണ് അച്ചടിച്ചതെന്നും ഇത് ആരാണ് പ്രിന്റ് ചെയ്തത് എന്നും രേഖപ്പെടുത്തേണ്ടത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇത് സുരേഷ് ഗോപി പാലിച്ചില്ല. പരാതിയില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാനാണ് ജില്ലാ വരണാധികാരി ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications