അപകടത്തില്‍പെട്ട യുവാവിന് റോഡില്‍ ശസ്ത്രക്രിയ; ഉപയോഗിച്ചത് ബ്ലേഡും സ്‌ട്രോയും: ഹീറോകളായി 3 ഡോക്ടര്‍മാര്‍
കൊച്ചി: കേരളത്തിലെ ആരോഗ്യ രംഗത്തിന് തന്നെ അഭിമാനമായി മാറിയ മൂന്ന് ഡോക്ടര്‍മാരുടെ ഇടപെടലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു റോഡില്‍ കിടന്ന യുവാവിന് അവിടെ വച്ചു തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ഈ ഡോക്ടര്‍മാര്‍ ശ്രദ്ധ നേടുന്നത്. ഓപ്പറേഷന്‍ തീയറ്ററില്‍ എല്ലാ സജ്ജീകരണങ്ങളോടും കൂടി നല്‍കേണ്ട അടിയന്തര ചികിത്സയാണ് ലിനുവിന്റെ ജീവന്‍ രക്ഷിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ബി. മനൂപ്, കൊച്ചി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ തോമസ് പീറ്ററും ദിദിയ കെ. തോമസുമാണ് ആരോഗ്യ രംഗത്തെ ഹീറോകളായി മാറിയത്.
എറണാകുളം ഉദയംപേരൂരിന് സമീപം തെക്കന്‍ പറവൂരാണ് സിനിമയിയേക്കാള്‍ ആകാംക്ഷയുണര്‍ത്തുന്ന സംഭവങ്ങള്‍ ഉണ്ടായത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ബൈക്ക് അപകടത്തില്‍പ്പെട്ട കൊല്ലം സ്വദേശി ലിനു എന്ന യുവാവിന്റെ ജീവനാണ് റോഡരുകിലെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചെടുത്തത്.
ബൈക്ക് അപകടത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശിയായ ലിനുവിന്റെ മുഖത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയും ശ്വാസനാളത്തില്‍ രക്തം കട്ടപിടിച്ച് ശ്വാസം തടസപ്പെടുകയും ചെയ്തു. ശ്വാസമെടുക്കാന്‍ സാധിക്കാതെ യുവാവ് മരണത്തോട് മല്ലിടുന്ന അവസ്ഥയിലായിരുന്നു. ഈ സമയം ആ വഴി കടന്നുപോയ ഡോ. ബി. മനൂപ് രക്ഷയ്‌ക്കെത്തിയത്. ഇതിനു പിന്നാലെയാണ് ഡോക്ടര്‍മാരായ തോമസ് പീറ്ററും ദിദിയ കെ. തോമസും സംഭവ സ്ഥലത്തെത്തിയത്.

മൂന്നു ഡോക്ടര്‍മാര്‍ ഒരുമിച്ചതോടെ ആശുപത്രിയിലെത്തിക്കാന്‍ കാത്തുനില്‍ക്കാതെ റോഡില്‍ വെച്ച് തന്നെ അടിയന്തര ചികിത്സ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. നാട്ടുകാരുടെയും പൊലീസിന്റെയും വലിയ സഹായവും ഡോക്ടര്‍മാര്‍ക്കുണ്ടായി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍, നാട്ടുകാര്‍ എത്തിച്ചു നല്‍കിയ ബ്ലേഡും പ്ലാസ്റ്റിക് സ്ട്രോയും ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നാട്ടുകാരും പൊലീസും പിടിച്ച മൊബൈല്‍ ഫോണ്‍ ടോര്‍ച്ചുകളുടെ വെളിച്ചത്തിലാണ് ഈ സങ്കീര്‍ണ്ണമായ പ്രക്രിയ നടന്നത്. ശ്വാസനാളം തുറക്കാനായി നടത്തിയ 'സര്‍ജിക്കല്‍ ക്രൈക്കോതൈറോയിഡോട്ടമി' എന്ന നടപടിയിലൂടെ യുവാവിന്റെ ശ്വാസോച്ഛ്വാസം പുനഃസ്ഥാപിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.
തുടര്‍ന്ന് ആംബുലന്‍സില്‍ ലിനുവിനെ ആശുപത്രിയിലേക്ക് മാറ്റി. മനൂപും തോമസും ദിദിയയും ആംബുലന്‍സില്‍ രോഗിയെ അനുഗമിച്ചു. കൃത്യസമയത്ത് ധീരമായ തീരുമാനമെടുത്ത ഡോക്ടര്‍മാരെയും സഹകരിച്ച നാട്ടുകാരെയും പൊലീസിനെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിനന്ദിച്ചു. നിലവില്‍ ലിനു കൊച്ചിയിലെ വൈറ്റിലയിലുള്ള വെല്‍കെയര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
യുവാവിനെ രക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഡോക്ടര്‍മാരെ അഭിനന്ദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അഭിനന്ദനം അറിയിച്ചത്.
വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു ജീവന്‍ രക്ഷിക്കുക... ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക. അത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവര്‍ത്തിയാണ്. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ തോമസ് പീറ്റര്‍ ഭാര്യ ദിദിയാ തോമസ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ബി മനൂപ് എന്നിവര്‍ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവന്‍ രക്ഷിച്ചത്
ഡോക്ടര്‍ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരില്‍ റോഡപകടത്തില്‍പെട്ട് രക്തം വാര്‍ന്ന് കിടക്കുന്നവരെ കണ്ടത്. അതില്‍ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
മൊബൈല്‍ ഫോണുകളുടെ വെളിച്ചത്തില്‍ നടുറോഡില്‍ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പൊലീസും സഹായിച്ചു. ഒരാള്‍ ജീവിതത്തില്‍ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടര്‍മാര്‍ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്. രാവിലെ ഈ വാര്‍ത്ത വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഡോക്ടര്‍മാരെ നേരില്‍ വിളിച്ച് സന്തോഷം അറിയിച്ചു. അവര്‍ എല്ലാ അഭിനന്ദനവും അര്‍ഹിക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക.












Click it and Unblock the Notifications