ശിവശങ്കറിനെ കുടുക്കിയത് സ്വപ്നയുടെ മൊഴി: ഇന്ന് കോടതിയില്‍ ഹാജരാക്കും അടുത്ത ഊഴം സിബിഐയുടേത്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് സംസ്ഥാനത്തെ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥാനായിരുന്ന ശിവങ്കറിന്റെ അറസ്റ്റ്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയാണ് എം ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ജയിലില്‍ വെച്ച് സ്വപ്ന സുരേഷ് ഇഡിക്ക് മൊഴി നല്‍കിയപ്പോള്‍ ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണം ആറ് കോടി രൂപയാണെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഖാലിദിന് നല്‍കിയ 3.80 കോടി രൂപ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്നത് വ്യക്തമായത് ഇതോടെയായിരുന്നു. ഇതിന് പിന്നാലെയാണ് ലൈഫ് മിഷനില്‍ ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുന്നത്. സരിത്താണ് ശിവശങ്കറിന്റെ അടുക്കലേക്ക് കൊണ്ടുപോയതെന്ന് സന്തോഷ് ഈപ്പനും മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്റെ സർക്കാർ തല ചുമതലയുണ്ടായിരുന്ന വ്യക്തി എന്ന നിലയിലാണ് ശിവശങ്കറിനെ പരിചയപ്പെടുത്തിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റൊരു ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന യു.വി. ജോസിനെ രണ്ടുമൂന്നുവട്ടം വീണ്ടും കണ്ടിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. ഇഡിക്ക് പുറമെ സി ബി ഐയും ലൈഫ് മിഷനില്‍ അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് സി ബി ഐയും നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഇഡിക്ക് പിന്നാലെ സി ബി ഐയും ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കേരളത്തിലെ ഭവനരഹിതര്‍ക്ക് ഭവനസമുച്ചയം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കായി യു എ ഇ റെഡ്ക്രസന്റ് അതോറിറ്റിയുമായി ലൈഫ്മിഷന്‍ നടത്തിയ ഇടപാടിലായിരുന്നു അഴിമതി. റെഡ്ക്രസന്റ് സെക്രട്ടറി ജനറല്‍ ഫഹദ് അബ്ദുള്‍ റഹ്‌മാന്‍ യൂസഫ് അലി ബിന്‍ സുല്‍ത്താനും ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസും തമ്മില്‍ 2019 ജൂലായ് 11-നായിരുന്നു കരാറില്‍ ഒപ്പിട്ടത്.
അതേസമയം, എം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി വൈദ്യ പരിശോധന നടത്തും. ഇന്നലെ രാത്രിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ അറസ്റ്റാണിത്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളർ കടത്ത് കേസുകളിലായിരുന്നു നേരത്തെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications