'ജീവിച്ചിരിക്കെ സ്വന്തം ശവമഞ്ചം ചുമന്ന് പോകുന്നത് കാണേണ്ടി വന്ന മനുഷ്യൻ', ടി സിദ്ദിഖിന്റെ കുറിപ്പ്
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്‌റെ വീട് സന്ദര്‍ശിച്ച വേദനിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് ടി സിദ്ദിഖ്. അര്‍ബുദരോഗ ബാധിതനായിരുന്ന പിടി തോമസ് കഴിഞ്ഞ ദിവസമാണ് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
'ദംഗൽ' നടി ഫാത്തിമ സനയുമായി ആമിർ ഖാന്റെ രഹസ്യ വിവാഹം? ചിത്രങ്ങൾ പ്രചരിക്കുന്നു
പിടി തോമസിന്റെ പ്രിയപത്‌നി ഉമേച്ചി തന്നെ അത്ഭുതപ്പെടുത്തിയെന്ന് ടി സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പിടി എവിടെയും പോയില്ല എന്നാണ് ആ മുഖം കണ്ടപ്പോള്‍ തനിക്ക് അനുഭവപ്പെട്ടത് എന്നും ടി സിദ്ദിഖ് കുറിക്കുന്നു.

ടി സിദ്ദിഖിന്റെ കുറിപ്പ്: '' ഒരേയൊരു പിടി... ഇനിയില്ല.... "ഈ മനോഹരതീരത്തു തരുമോ... ഇനിയൊരു ജന്മം കൂടി..." എന്ന വയലാറിന്റെ വരികളിൽ ചുടുകണ്ണീർ വീണു കൊണ്ടിരിക്കെ, ഇന്നലെ സായംസന്ധ്യയിൽ രവിപുരത്ത് തീ നിറത്തിൽ ആ സൂര്യൻ അസ്തമിച്ചത് മുതൽ ഉമേച്ചിയെ വീട്ടിൽ പോയി കാണാൻ ഞാനിറങ്ങി... എന്നാൽ നെഞ്ചിൽ കെടാതെ സൂക്ഷിച്ച ആ തീയിൽ നിന്ന് അവർ പുറത്ത് വരട്ടെ എന്ന് കരുതി നേരം പുലർന്നിട്ട് പോകാമെന്ന് തീരുമാനിച്ചു... പി ടി എന്ന പകരം വെക്കാനില്ലാത്ത മനുഷ്യ സ്നേഹി... പ്രകൃതി സ്നേഹി...
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിലപാട്, പിടി തോമസിനെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്

ഒരുപിടി ചാരമായിരിക്കുന്നു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ ഞാൻ ഉമേച്ചിയെ കാണാൻ രവിപുരത്തെ വീട്ടിലേക്ക് പോയി... സഹപ്രവർത്തകരായ നമുക്ക് പോലും ഇതുവരെ വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയാത്ത ആ സത്യം പിടിയുടെ പ്രണയത്തിന്റെ തീയിൽ എരിഞ്ഞ ഉമേച്ചിക്ക് അംഗീകരിക്കാൻ എങ്ങനെ കഴിയും എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ... എന്നാൽ ആദ്യമായി പിടി ഇല്ലാത്ത വീടായി മാറിയ ആ വീടിനു ചുറ്റും ദുഖം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു...

എന്നാൽ ഉമേച്ചി എന്നെ അത്ഭുതപ്പെടുത്തി... പിടി എവിടേയും പോയില്ല എന്നാണു ആ മുഖം കണ്ടപ്പോൾ എനിക്ക് അനുഭവപ്പെട്ടത്... കരയാനിഷ്ടമല്ലാത്ത പിടിയുടെ പ്രിയതമ എന്തും നേരിടാനുള്ള കരുത്ത് നേടിക്കഴിഞ്ഞിരിക്കുന്നു... പിടിയുടെ ചിതാഭസ്മം ചെമ്പട്ടിൽ പൊതിഞ്ഞ് മുന്നിൽ വച്ചിരിക്കുന്നത് നോക്കിക്കൊണ്ട് ഉമേച്ചി പല ഓർമ്മകളും പങ്കു വച്ചു... പിടിയുടെ അന്ത്യാഭിലാഷം എല്ലാവരേയും പോലെ മരണ ശേഷം മാത്രമായിരുന്നു ഉമേച്ചിയും അറിഞ്ഞത്...

ജീവിതത്തിലേ ശക്തമായി തിരിച്ച് വരും എന്ന് പ്രതീക്ഷിച്ച് ഉമേച്ചിയും മക്കളും കാത്തിരിക്കുമ്പോൾ 'തിനിക്ക് പോകാൻ സമയമായി...' എന്ന തിരിച്ചറിവിൽ അന്ത്യാഭിലാഷം വിശ്വസ്ത സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ഡിജോ കാപ്പനെ വിളിച്ച് പറയുകയായിരുന്നു പിടി... ഭാര്യ ഉമ പോലും അറിയാതെയാണു വിളിക്കുന്നതെന്നും പറഞ്ഞിരുന്നു.... ജീവിച്ചിരിക്കെ സ്വന്തം ശവമഞ്ചം ചുമന്ന് പോകുന്നത് കാണേണ്ടി വന്ന മനുഷ്യൻ അതിനെ നേരിട്ട ചങ്കുറപ്പ് മരണത്തിലും ഏവരേയും ഞെട്ടിച്ച് കളഞ്ഞു...

തന്നെ തേടി വരുന്ന മനുഷ്യർക്ക് ഏത് കാര്യത്തിനും പരിഹാരം കാണാറുള്ള പിടി തന്റെ മരണത്തിലും എല്ലാ കാര്യങ്ങൾക്കും കൃത്യമായ പരിഹാരം കണ്ടിട്ടാണു പോയതെന്ന കാര്യം ഉമേച്ചി തെല്ലഭിമാനത്തോടെ പറഞ്ഞു... രവിപുരത്ത് ഉമേച്ചിയുടെ വീട്ടിനരികിൽ എരിഞ്ഞ് തീരാനായിരുന്നു പിടി ആഗ്രഹിച്ചത്... കെട്ട് പോകാത്ത കനലു പോലെ ഇടനെഞ്ചിൽ സൂക്ഷിച്ച പ്രണയത്തിന്റെ തീ ആ ശ്മശാനത്തിൽ വീണ്ടും ഒന്നെരിഞ്ഞ് കത്തി എന്ന് മാത്രം... മഹാരാജാസിലെ തീ നിറമുള്ള പൂക്കൾ നിറഞ്ഞ വാകമരത്തണലിൽ കാത്തിരിക്കാമെന്ന് പറഞ്ഞത് പോലെ രവിപുരത്തെ ശ്മശാനത്തിൽ നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കാം എന്ന് പിടി പറയാതെ പറയുകയായിരുന്നു...

ഉമ വരുന്നിടത്ത് തന്നെ നേരത്തെ പോകുന്ന ഞാൻ കാത്തിരിക്കണമെന്ന ചിന്ത തന്നെയാവാം രവിപുരത്തെ ശ്മശാനം തിരഞ്ഞെടുക്കാൻ പിടിയെ പ്രേരിപ്പിച്ചത് എന്ന് ഉമേച്ചി എന്നോട് പറഞ്ഞു... അപ്പോഴും ഉമയെ എതിർപ്പില്ലാതെ തനിക്ക് നൽകിയ പ്രിയപ്പെട്ട അമ്മയ്‌ക്കൊപ്പവും കുറച്ച് ഭസ്മമായി ലയിക്കാൻ ആ മനസ്സ് ആഗ്രഹിച്ചു... പകരം വെക്കാനില്ലാത്ത ഒരേയൊരു പിടി ഇല്ലാതെ ഇനിയെങ്ങനെ മുന്നോട്ട് പോകും എന്ന ശൂന്യത സഹപ്രവർത്തകരെ വേട്ടയാടുന്നുണ്ട്... വിലാപയാത്രയിൽ ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ കുറേ മനുഷ്യർ കരഞ്ഞ് നടക്കുന്നത് കണ്ടപ്പോൾ ജീവിതത്തിൽ രാഷ്ട്രീയത്തിൽ ഈ മനുഷ്യനെ പോലെ ആവാൻ കഴിഞ്ഞെങ്കിലെന്ന് കൊതിച്ച് പോയി...

വീട്ടിലെ പിടിയുടെ ലൈബ്രറിയിൽ കയറിയപ്പോൾ അനാഥമായ പുസ്തകങ്ങൾ അറിവ് തേടിപ്പോയ ആ മനുഷ്യനെ കുറിച്ച് എന്നോട് സംസാരിക്കുകയായിരുന്നോ... കുന്ന് കൂടിയ ഡയറികളും നോട്ടുകളും കണ്ടപ്പോൾ ആർക്കും നൊന്ത് പോകും... ഇല്ല... പിടിയെ പോലൊരാൾ ഇനിയുണ്ടാവില്ല... എത്ര അഗാധമായിട്ടാണു മനുഷ്യ മനസ്സുകളിൽ ആ മനുഷ്യൻ വേരാഴ്ത്തിയത്... പിടിയുടെ ചിതയിലെ തീയിൽ നിന്ന് കൊളുത്തിയ ചൂട്ടിൽ നിന്ന് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ചിന്തകൾ ഇനിയും ആളിപ്പടരും..''