താനൂര്‍ ബോട്ട് ദുരന്തം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം, ദുഃഖാചരണം
താനൂര്‍: താനൂര്‍ ബോട്ട് ദുരന്തത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തിങ്കളാഴ്ച താനൂരിലെത്തും. രാത്രി 11.15 ന് പുറത്തുവരുന്ന വിവരം മരണ സംഖ്യ 21 ആയി.
ബോട്ടിന്റെ ഉടമ പ്രദേശവാസി തന്നെയാണ്. ഇയാളും ബോട്ടിന്റെ ഡ്രൈവറും മുങ്ങി എന്നാണ് വിവരം. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂരങ്ങാടി എംകെഎച്ച് ആശുപത്രി, പരപ്പനങ്ങാടി നഹാസ് ആശുപത്രി, താനൂര്‍ മിഷന്‍ ആശുപത്രി, താനൂര്‍ ദയ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, കോട്ടക്കലിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മൃതദേഹങ്ങളും പരിക്കേറ്റവരെയും എത്തിച്ചിട്ടുണ്ട്.

ഇരുമ്പ് ചട്ട ഉള്‍പ്പെടുത്തി നിര്‍മിച്ച വിനോദ സഞ്ചാര ബോട്ടാണ് മറിഞ്ഞത്. രാത്രി 7 മണിക്ക് ശേഷമാണ് ദുരന്തം. വൈകീട്ട് 5.30 വരെയാണ് സര്‍വീസിന് അനുമതിയുള്ളത്. വിനോദ സഞ്ചാര സര്‍വീസ് തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ഇന്ന് ഞായറാഴ്ചയായതിനാല്‍ കൂടുതല്‍ പേര്‍ ബീച്ചിലെത്തിയിരുന്നു. 40 ലധികം പേര്‍ ബോട്ടില്‍ കയറി എന്നാണ് അനൗദ്യോഗിക വിവരം. 20 പേര്‍ക്കാണ് അനുമതിയുള്ളതത്രെ.
വെളിച്ചമില്ലാതെ, സമയ പരിധി കഴിഞ്ഞിട്ടുള്ള സര്‍വീസ് നടത്തി എന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഒരു ഭാഗത്തേക്ക് ചെരിഞ്ഞാണ് ബോട്ട് മുങ്ങിയത്. നാട്ടുകാര്‍ വടം കെട്ടി ഇത് കരയിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ചെളിയില്‍ പൂണ്ടുപോയി. തുടര്‍ന്നാണ് ബോട്ട് വെട്ടിപ്പൊളിച്ച് അകത്ത് പരിശോധിച്ചത്. ഈ വേളയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

മുകള്‍ തട്ട് കൂടി ഉള്‍പ്പെടുന്നതാണ് ബോട്ട്. ഇത്തരം ബോട്ടുകളുടെ താഴ് ഭാഗം ഫ്‌ളാറ്റ് രൂപത്തിലാകണം എന്നാണ് പറയുന്നത്. എന്നാല്‍ വഞ്ചിയുടെ മാതൃകയില്‍ കോണ്‍ രൂപത്തിലാണ് ബോട്ടിന്റെ അടിഭാഗം ഉള്ളത്. ഇക്കാര്യം മല്‍സ്യത്തൊഴിലാളികള്‍ പോലീസിനെ അറിയിച്ചിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ ആരും നടപടിക്ക് തയ്യാറായില്ല. എത്ര പേര്‍ കയറിയിരുന്നു എന്ന് ഇതുവരെ കൃത്യമായ കണക്കില്ല.
ദുരന്തത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് കൊണ്ടുവരുമ്പോള്‍ പ്രാഥമിക പരിശോധന നടത്താന്‍ സമീപത്തെ പറമ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജെസിബി, വെളിച്ചം തുടങ്ങി എല്ലാ സൗകര്യവും അല്‍പ്പം വൈകിയാണെങ്കിലും സജ്ജമാക്കി. തൃശൂരില്‍ നിന്ന് എന്‍ഡിആര്‍എഫിന്റെ സംഘം താനൂരിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിമാരായ റിയാസ്, അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications