ഭൂസര്‍വ്വേ പഠിക്കാന്‍ എംഎല്‍എമാർ ഗുജറാത്തിലേക്ക്
അഹമ്മദാബാദ്: ഇടത് വലത് ഭേദമന്യേ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നരേന്ദ്ര മോഡിക്ക് എതിരാണ്. എങ്കിലും ചില കാര്യങ്ങള്‍ പഠിക്കാന്‍ ഗുജറാത്തിലേക്ക് പോകാതെ നിവൃത്തിയില്ലാത്ത സ്ഥിതിയാണ് കേരളത്തിലെ ഭരണ കര്‍ത്താക്കള്‍ക്ക്.
ഭൂ സര്‍വ്വേയുടെ കാര്യത്തില്‍നമ്മള്‍ ഇപ്പോഴും മെല്ലെപ്പോക്കാണ്. 45 കൊല്ലമായി നടക്കുന്ന പണികള്‍ ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. എന്നാല്‍ ഗുജറാത്ത് ഇക്കാര്യത്തില്‍ അങ്ങനെയല്ല. ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. ഇത് പഠിക്കാനാണ് കേരളത്തിലെ എംഎല്‍എ മാരുടെ സംഘം മോഡിയുടെ ഗുജറാത്ത് സന്ദര്‍ശിക്കുന്നത്.

എ പ്രദീപ് കുമാര്‍, ബാബു എം പാലിശ്ശേരി, പിബി അബ്ദുള്‍ റസാഖ്, പാലോട് രവി, വികെ സജീന്ദ്രന്‍, സികെ നാണു, സികെ സദാശിവന്‍ എന്നിവരാണ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. നിയമസഭ റവന്യു സബ്ജക്ട് കമ്മിറ്റി അംഗങ്ങളാണ് ഇവര്‍.
ആധുനിക സാങ്കേതിക വിദ്യകളായ റിമോട്ട് സെന്‍സിങും സാറ്റലൈറ്റ് മാപ്പിങും ഒക്കെ ഉപയോഗിച്ചാണ് ഗുജറാത്തില്‍ ഭൂ സര്‍വ്വേ നടത്തുന്നത്. ഇതിന്റെ സാധ്യതകള്‍ ആരായാനാണ് സംഘം ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. കര്‍ണാടകയും ആന്ധ്ര പ്രദേശും സന്ദര്‍ശിച്ചതിന് ശേഷമാണ് എംഎല്‍എമാരുടെ സംഘം ഗുജറാത്തില്‍ എത്തിയിട്ടുള്ളത്.
സംഘത്തില്‍ ഒരുമിച്ച് യാത്ര തുടങ്ങിയ രണ്ട് പേര്‍ ഗുജറാത്തിലെത്താതെ വഴി പിരിയുകയും ചെയ്തു. റവന്യു മന്ത്രി അടൂര്‍ പ്രകാശം വിഎസ് സുനില്‍കുമാര്‍ എംഎല്‍എയും ആണ് ഇവര്‍. അടൂര്‍ പ്രാകശ് കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ സുനില്‍ കുമാര്‍ ഹരിയാനയിലേക്ക് പോയി.
ഭൂ സര്‍വ്വേ മാത്രമല്ല. മറ്റ് പലതും ഗുജറാത്തില്‍ നിന്ന് പഠിക്കാനുണ്ടെന്ന് കേരളത്തിലെ രാഷ്ട്രീയക്കാര്‍ മനസ്സിലാക്കുന്നുണ്ടെന്ന് തോന്നുന്നു. സൂറത്തിലെ മാലിന്യ നിര്‍മാര്‍ജന രീതികള്‍ പഠിക്കാന്‍ ഇനി മന്ത്രിതല സംഘമാണ് ഗുജറാത്തിലേക്ക് നീങ്ങുന്നത്. കെഎം മാണിയും, എംകെ മുനീറും, കെസി ജോസഫും, മഞ്ഞളാംകുഴി അലിയും അടങ്ങുന്ന സംഘം ഡിസംബര്‍ 12 ന് ഗുജറാത്ത് സന്ദര്‍ശിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications