കേരളത്തിൽ ആർജെഡി എൽഡിഎഫിനൊപ്പം തന്നെയെന്ന് തേജസ്വി യാദവ്; 'ജാതി സെൻസസ് ഇന്ത്യ സഖ്യത്തിന്റെ നിലപാട്'
കോഴിക്കോട്: ലയനത്തിന് ശേഷവും കേരളത്തിൽ ആർജെഡി എൽഡിഎഫിൽ തന്നെ തുടരുമെന്ന് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ബിജെപിയെന്ന വർഗീയ ഫാസിസ്റ്റ് ശക്തിക്കെതിരെ തങ്ങൾ ഒറ്റക്കെട്ടായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ലയനസമ്മേളനത്തിന് മുൻപ് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബിഹാറിൽ ഞങ്ങൾക്കൊപ്പം കോൺഗ്രസും ഇടതുപക്ഷവും ഉണ്ട്. ഇവിടെ ആർജെഡി എൽ ഡി എഫിലാണ്. അവർ എൽ ഡി എഫിൽ തന്നെ തുടരും. ഞങ്ങൾ ഒറ്റക്കെട്ടായി പോരാടും. കേരളത്തിലെ ജനങ്ങൾ ഒരിക്കലും ഫാസിസ്റ്റുകളെ ഭരിക്കാൻ അനുവദിക്കില്ല. ബിജെപി കേരളത്തിൽ എവിടേയുമില്ല. ഞങ്ങളുടെ ഉത്തരവാദിത്തം വർഗീയ ഫാസിസ്റ്റ് ശക്തികളെ തുടച്ചുനീക്കുകയെന്നതാണ്', തേജസ്വി പറഞ്ഞു.

ജാതി സെൻസസ് വേണമെന്നതാണ് ഇന്ത്യ സഖ്യത്തിൻറെ നിലപാടെന്നും ഇത് സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
'ബിഹാറിൽ ഞങ്ങൾ ചെയ്തത് ജാതി സർവ്വേയാണ്. ജാതി സെൻസസ് എന്നത് കേന്ദ്രസർക്കാരിന് മാത്രമേ നടത്താനാകു. ജാതി സെൻസസിന് വേണ്ടി ഇന്ത്യ സഖ്യത്തിന്റെ പ്രധാന നേതാക്കളെല്ലാം തന്നെ ആവശ്യമുയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് ബിജെപി സെൻസസ് നടത്താത്ത്? അവർ ജാതി സെൻസസിനെ ഭയക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്.
ഞങ്ങൾക്ക് ആരേയും ദ്രോഹിക്കാൻ ഉദ്ദേശമില്ല. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗത്തെ മുന്നോട്ട് കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ ആവശ്യം. എല്ലാവർക്കും ഒരേ അവകാശങ്ങൾ ലഭിക്കണം.
ആരൊക്കെയാണ് പിന്നാക്കവിഭാഗം എന്ന് എങ്ങനെയാണ് അറിയുക? അതിന് ഡാറ്റ തന്നെ വേണം', തേജസ്വി പറഞ്ഞു.
സത്യം പറയുന്നവരേയും ചോദ്യം ഉയർത്തുന്നവരേയും ബിജെപി വേട്ടയാടുകയാണെന്നും തേജസ്വി വിമർശിച്ചു. 'ഭോപ്പാലിൽ ഒരു പരിപാടിക്കിടെ പ്രധാനമന്ത്രി പറഞ്ഞത് അഴിമതിക്കാരനായ ഒരാൾക്ക് ഞങ്ങളുടെ കൂടെ ഇരിക്കാൻ അവകാശമില്ലെന്നാണ്. അങ്ങനെയെങ്കിൽ അജിത് പവാറോ? അസം മുഖ്യമന്ത്രിയോ? അവർക്കെതിരെ നേരത്തേ കേസെടുത്തു, ഇപ്പോൾ അവർ ഹരിശ്ചന്ദ്രൻമാരായി. ഇതാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്.
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാഷ്ട്രീയക്കാരെന്നോ മാധ്യമപ്രവർത്തരെന്നോ സാമൂഹ്യപ്രവർത്തകരെന്നോ ഇല്ലാതെ അവരുടെ ഏജൻസികളെ ഉപയോഗിച്ച് റെയ്ഡ് ചെയ്യിക്കുകയാണ്. സർക്കാരുകൾ മാറി മാറി വരും. എന്നാൽ സർക്കാർ സ്ഥാപനങ്ങൾ തുടരണം. ഇത്തരത്തിൽ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യരുതെന്നാണ് ഞങ്ങൾക്ക് ബിജെപിയോട് ആവശ്യപ്പെടാനുള്ളത്, തേജസ്വി പറഞ്ഞു.
ഏറെ നാളായി സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍ കാത്തിരുന്ന ലയനമാണ് ഇന്നു സാധ്യമാവുന്നത്.ദേശീയതലത്തില്‍ ജനതാദള്‍ എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ക്കു മങ്ങലേറ്റതോടെയാണ് എൽജെഡി-ആർജെഡി ലയനത്തിന് വഴിയൊരുങ്ങിയത്.












Click it and Unblock the Notifications