താരിഖ് അൻവർ വിളിച്ചു;രമേശ് ചെന്നിത്തലയുടെ നിലപാട് ഇങ്ങനെ.. വഴങ്ങാതെ കെ സുധാകരനും സതീശനും
തിരുവനന്തപുരം; ഡിസിസി അധ്യക്ഷൻമാരുടെ സാധ്യത പട്ടിക ഹൈക്കമാന്റിന് കൈമാറിയെങ്കിലും പട്ടികയെ ചൊല്ലിയുള്ള വിയോജിപ്പ് കോൺഗ്രസിൽ രൂക്ഷം. വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് സാധ്യത ലിസ്റ്റ് കെപിസിസി നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറിയതെന്നാണ് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉയർത്തിയ ആക്ഷേപം. ഇതോടെ വിഷയത്തിൽ സോണിയ ഗാന്ധി തന്നെ ഇടപെട്ടെങ്കിലും ഇരു നേതാക്കളും ഇടഞ്ഞ് തന്നെ നിൽക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം.

എംഎൽഎമാർ, എംപിമാർ ,ഗ്രൂപ്പ് നേതാക്കൾ എന്നിവരുമായി വിശദമായ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെപിസിസി അധ്യക്ഷൻമാരുടെ സാധ്യത പട്ടിക തയ്യാറാക്കിയതെന്നാണ് കെപിസിസി നേതൃത്വം അവകാശപ്പെടുന്നത്. ഏകദേശം മൂന്ന് തവണയെങ്കിലും നേതാക്കളുമായി ചർച്ച നടത്തി. ഇത്തവണ ഗ്രൂപ്പുകളുടെ കൈവശമുള്ള ജില്ലകൾ തങ്ങൾക്ക് തന്നെ വേണമെന്ന അവകാശവാദം അംഗീകരിക്കില്ലെന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചുള്ള നിർദ്ദേശങ്ങളാണ് നേതാക്കളോട് തേടിയത്. ഇത് തുടക്കത്തിൽ അംഗീകരിച്ചെങ്കിലും അവസാന നിമിഷം കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് കൊണ്ടാണ് ഇരു നേതാക്കളും പട്ടിക കൈമാറിയതെന്നാണ് കെ സുധാകരനും വിഡി സതീശനും പറയുന്ന ആക്ഷേപം.

ഒറ്റ പേര് എന്ന നിർദ്ദേശത്തിന് പകരം പതിനാല് ജില്ലകളിലേക്കും ഗ്രൂപ്പ് നോമിനികളുടെ ഒന്നിൽ കൂടുതൽ പേരുകൾ നിർദ്ദേശിച്ചു. ഇതോടെ വീണ്ടും പട്ടിക സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വഴങ്ങാൻ നേതാക്കൾ തയ്യാറായില്ല. ഇതോടെയാണ് ഇപ്പോൾ നൽകിയ സാധ്യത പട്ടിക ദേശീയ നേതൃത്വത്തിന് സമർപ്പിച്ചതെന്നാണ് വിഡി സതീശന്റെ നിലപാട്. അതേസമയം ഹൈക്കമാന്റിന് സമർപ്പിക്കുന്നതിന് മുൻപ് തന്നെ പട്ടികയിൽ ഒരിക്കൽ കൂടി ചർച്ച നടത്താമെന്ന് കെ സുധാകരൻ തന്ന ഉറപ്പിലാണ് തങ്ങൾ വീണ്ടും പേര് നിർദ്ദേശിക്കാതിരുന്നതെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.

അവസാന ഘട്ട ചർച്ചയിൽ ഗ്രൂപ്പ് നിർദ്ദേശങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടുവെന്ന സ്ഥിതി വിശേഷം ഉണ്ടായതോടെയാണ് ഉമ്മൻചാണ്ടിയും ചെന്നിതലയും പരസ്യ ആക്ഷേപമുയർത്തി രംഗത്തെത്തിയത്. ഇവർ ഹൈക്കമാൻറിനോട് നേരിട്ട് പരാതിപ്പെടുകയും ചെയ്തു. എന്നാൽ തുടക്കത്തിൽ മുതിർന്ന നേതാക്കളുടെ പരാതികൾക്ക് ഹൈക്കമാന്റ് ചൊവികൊടുത്തേക്കില്ലെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. ഗ്രൂപ്പ് വീതം വെയ്പ്പുകൾ അവസാനിപ്പിക്കണമെന്നതാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.ഇപ്പോൾ കടുത്ത തിരുമാനം എടുത്തില്ലേങ്കിൽ അത് സംസ്ഥാനത്ത് തിരിച്ചടികളുടെ ആക്കം കൂട്ടുമെന്നും നേതൃത്വം കരുതുന്നുണ്ട്. ദേശീയ നേതൃത്വത്തിന്റെ ആശിർവാദത്തോടെ പ്രവർത്തിക്കുന്ന പുതിയ കെപിസിസി നേതൃത്വത്തിനും സമാന നിലപാടാണ്. ഈ സാഹചര്യത്തിൽ പട്ടികയുമായി മുന്നോട്ട് പോയെക്കും എന്നും കണക്കാക്കിയിരുന്നു.

എന്നാൽ ഇന്ന് തർക്കത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ നേരിട്ട് ഇടപെടുകയായിരുന്നു. മുതിർന്ന നേതാക്കളെ ഉൾപ്പെടെ പരിഗണിച്ച് മുന്നോട്ട് പോകണമെന്ന നിർദ്ദേശമാണ് സോണിയ ഗാന്ധി നൽകിയത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അനവറിനോട് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാനും സോണിയ നിർദ്ദേശച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ താരിഖ് രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം തങ്ങളെ അവഗണിക്കുകയാണെന്ന ആക്ഷേപമാണ് നേതാക്കൾ ഉന്നയിച്ചത്. എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകാൻ പുതിയ നേതൃത്വത്തോട് ഹൈക്കമാന്റ് ആവശ്യപ്പെടണമെന്നും പാർടിയിൽ ഭിന്നതയെന്ന തോന്നൽ ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

കേരളത്തിൽ മുതിര്‍ന്ന നേതാക്കളും പുതിയ നേതൃത്വത്തവും ഏറ്റുമുട്ടുന്ന സ്ഥിതി ഒഴിവാക്കണമെന്ന് തുടക്കത്തിൽ തന്നെ ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പുതിയ നേതൃത്വത്തിനെതിരെ എംപിമാർ ഉൾപ്പെടെ പരാതിയുമായി രംഗത്തെത്തിയിരുന്നു.തങ്ങളോട് വിശദമായ ചർച്ചകൾ നടത്താതെ ഏകപക്ഷീയമാണ് കെപസിസി അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയും ഇടപെടൽ എന്നായിരുന്നു ഇവർ പരാതിപ്പെട്ടത്. ഈ ഘട്ടത്തിൽ ഹൈക്കമാന്റ് നിർദ്ദേശങ്ങൾ കേരളത്തിൽ പാലിക്കപ്പെടാത്ത സാഹചര്യമുണ്ടോയെന്ന കാര്യം നേതൃത്വം പരിശോധിക്കും.

ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമായിരിക്കും ഇനി ഡിസിസി അധ്യക്ഷൻമാര പ്രഖ്യാപിക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വിഡി സതീശനും. പലപ്പോഴായി നേതാക്കളുമായി ചർച്ച നടത്തിയതാണെന്ന നിലപാട് ദേശീയ നേതൃത്വത്തിന് മുന്നിലും ഇവർ ആവർത്തിക്കുകയാണ്. പതിവിന് വിപരീതമായി വർക്കിംഗ് പ്രസിഡന്റുമാരേയും ദില്ലയിലെ ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തുടർന്നും ഗ്രൂപ്പ് താത്പര്യങ്ങൾക്ക് വഴങ്ങിയാൽ ഇനിയൊരു പുറത്തുകടക്കൽ എളുപ്പമാകില്ലെന്നാണ് ഇരു നേതാക്കളുടേയും നിലപാട്.

അതേസമയം ഇനി ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാൽ നിലവിലെ അധ്യക്ഷപട്ടികയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.ഗ്രൂപ്പുകളെ പിണക്കി മു്നനോട്ട് പോകാനാകില്ലെന്ന തിരിച്ചറിവിൽ അവരുടെ കൂടി നിർദ്ദേശം ഹൈക്കമാന്റ് പരിഗണിച്ച് മുന്നോട്ട് പേയേക്കുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതേസമയം പുതിയ പട്ടികയിൽ കൂടുതൽ മാറ്റങ്ങൾക്ക് തയ്യാറാവാതെയുള്ള പ്രശ്ന പരിഹാര സാധ്യതകളാണ് ദേശീയ നേതൃത്വം തേടുന്നതെന്ന വിലയിരുത്തലും ഉണ്ട്.
Recommended Video

അതിനിടെ പട്ടികയിൽ വനിതാ പ്രാതിനിധ്യവും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരേയും ഒഴിവാക്കിയതിനെതിരെ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തേ ചർച്ചയുടെ തുടക്കത്തിൽ പല വനിതാ നേതാക്കളുടെ പേരുകളും ഉയർന്െങ്കിലും അവസാന ഘട്ടത്തിൽ ഒരു ജില്ലയിൽ നിന്നും വനിതകളെ നിർദ്ദേശിച്ചിട്ടില്ല. അതേസമയം ദേശീയ തലത്തിൽ വനിതാ പ്രാതിനിധ്യം ഉയർത്തുന്നതിൽ കോൺഗ്രസിൽ ശക്തമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് വനിതകളെ നിയമിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാന്റും കടുംപിടിത്തം കാണിച്ചേക്കില്ലെന്നാണ് വിവരം. പകരം ഇവർക്ക് കെപിസിസി പുന;സംഘടനയിൽ പ്രാതിനിധ്യം ഉറപ്പാക്കിയേക്കും.












Click it and Unblock the Notifications