ശശി തരൂരിന് കേരളത്തിൽ നിന്നും കിട്ടിയത് 130 ലധികം വോട്ടുകളെന്ന്; 'കേരള നേതൃത്വത്തോടുള്ള ഭിന്നത'
ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന്റ മികച്ച പ്രകടനത്തിന് പിന്നാലെ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട ചോദ്യം അദ്ദേഹത്തിന് കേരളത്തിൽ നിന്നും ലഭിച്ച വോട്ടുകളുടെ എണ്ണമാണ്. എന്നാൽ ഈ കണക്കുകൾ കണ്ടെത്താൻ സാധിക്കില്ലെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപി അടക്കുള്ള നേതാക്കൾ പറഞ്ഞത്. മാത്രമല്ല തരൂരിന് കേരളത്തിൽ നിന്നും വലിയ പിന്തുണ കിട്ടിയില്ലെന്നാണ് പോളിംഗ് ഏജന്റ് എന്ന നിലയിൽ തനിക്ക് പറയാൻ ഉള്ളതെന്നും കൊടിക്കുന്നിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പക്ഷേ കേരളത്തിൽ നിന്നും വലിയ പിന്തുണ കിട്ടയെന്നാണ് തരൂർ പക്ഷം അവകാശപ്പെടുന്നത്.

പോൾ 287ൽ 130 ലധികം വോട്ട് ലഭിച്ചുവെന്നാണ് തരൂർ പക്ഷത്തിന്റെ കണക്ക് കൂട്ടൽ. തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിൽ ചുക്കാൻ പിടിച്ച എംകെ രാഘവൻ എംപിയാണ് കണക്കുകൾ വ്യക്തമാക്കിയതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. തരൂരിന്റെ വ്യക്തി പ്രഭാവത്തിന് അപ്പുറം സംസ്ഥാന നേതൃത്വത്തോടും ഹൈക്കമാൻഡിൽ സ്വാധീനമുള്ള ചില നേതാക്കളുടെ ഭിന്നതയും കേരളത്തിലെ വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിൽ മുതിർന്ന നേതാക്കളെല്ലാം തന്നെ തരൂരിനെതിരെ രംഗത്തെത്തിയപ്പോൾ ഹൈബി ഈഡൻ, ശബരീനാഥ് തുടങ്ങിയ യുവ നേതാക്കൾ എല്ലാം തന്നെ തരൂരിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. തനിക്ക് രഹസ്യമായി മുതർന്ന നേതാക്കൾ അടക്കം പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നേരത്തേ തരൂരും പറഞ്ഞിരുന്നു. അതേസമയം 1072 വോട്ട് നേടിയ തരൂർ തന്നെയാണ് മത്സരത്തിലെ' ഹീറോ' എന്നാണ് തരൂരിനെ അനുകൂലിക്കുന്നവരും പാർട്ടി അണികളുമെല്ലാം ഒരുപോലെ പറയുന്നത്.
അതേസമയം തരൂരിന്റെ പ്രകടനം വലിയ കാര്യമായി ഉയർത്തിക്കാട്ടേണ്ടതില്ലെന്നായിരുന്നു കൊടിക്കുന്നിൽ എം പി പ്രതികരിച്ചത്. 9,000 വോട്ടുകളിൽ 1000 വോട്ടുകൾ കിട്ടുന്നതിൽ അത്ഭുതമൊന്നുമില്ല.മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പല സംസ്ഥാനത്ത് നിന്നും 99 ശതമാനം വോട്ടും ലഭിച്ചതായി വോട്ടെടുപ്പിൽ കാണാൻ സാധിച്ചിട്ടുണ്ട്. തരൂരിന് ഒറ്റപ്പെട്ട വോട്ടുകൾ വന്നാണ് 1000 ത്തിലധികം വോട്ടുകൾ നേടാനായതെന്നും കൊടിക്കുന്നിൽ പറഞ്ഞിരുന്നു. സോണിയ ഗാന്ധിയ്ക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയ്ക്ക് ലഭിച്ച വോട്ടുകൾ ഇപ്പോൾ താരതമ്യം ചെയ്യുന്നതിൽ പ്രസക്തിയില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞിരുന്നു.
അതേസമയം തരൂരിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും രംഗ്തതെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ തരൂര്‍ നെഹ്റു കുടുംബത്തെ ദുരുപയോഗം ചെയ്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. തെലങ്കാന പിസിസിയിലെ വോട്ടെടുപ്പിൽ എന്തെങ്കിലും കൃത്രിമം നടന്നതായി തരൂര്‍ തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications