ഡിസിസി: ആ മാനദണ്ഡമില്ല; ബല്‍റാം ഉള്‍പ്പടെ 4 പേര്‍ക്ക് വഴിയൊരുങ്ങി; പ്രവര്‍ത്തകരും ആഹ്ളാദത്തില്‍
ദില്ലി: ഓണത്തിന് മുമ്പ് പുതിയ ഡിസിസി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറിമാരുള്‍പ്പടേയുള്ള കാര്യങ്ങളും ചര്‍ച്ചയിലുണ്ടെങ്കിലും ആദ്യം ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് നടന്ന ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചകള്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം ദില്ലിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്‍റ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ കെ സുധാകരന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കൊപ്പം ചില എംപിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. 14 ഡിസിസികളും പുനഃസംഘടിപ്പിക്കാനാണ് തീരുമാനം.

ചര്‍ച്ചയില്‍ പങ്കെടുത്ത എംപിമാര്‍ കേരളത്തില്‍ നിന്ന് വന്ന പേരുകളില്‍ ചിലതിനോട് വിയോജിച്ചു. ഗ്രൂപ്പ് നേതൃത്വങ്ങല്‍ നല്‍കിയ പേരിനേടായിരുന്നു ഇവരുടെ വിയോജിപ്പ്. യോഗ്യതയും അര്‍ഹതയും ഉള്ള മറ്റ് ചില നേതാക്കള്‍ ജില്ലയിലെ ഉണ്ട്. തങ്ങള്‍ക്ക് കൂടി സ്വീകാര്യയാവരെ കൂടി മാത്രമേ ഡിസിസി പ്രസിഡന്‍റുമാരായി നിയമിക്കാവു എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്.

ഡിസിസി അധ്യക്ഷന്‍മാരുടെ പ്രായപരിധി സംബന്ധിച്ചു ചര്‍ച്ചയുണ്ടായി. 70 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കണമെന്നാണ് ചിലരുടെ നിര്‍ദേശം. പ്രസിഡന്‍റുമാര്‍ക്ക് പ്രായപരിധി ഏര്‍പ്പെടുത്തേണ്ടതില്ലെന്നായിരുന്നു സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം. ഇവരെ അനുകൂലിക്കുന്നവരുണ്ടെങ്കിലും ഇതിനെ മുതിര്‍ന്നവര്‍ക്ക് തള്ളിക്കയറാനുള്ള വാതിലായി മാറരുതെന്ന് അഭിപ്രായം എഐസിസി നേതൃത്വത്തിനുമുണ്ട്. എന്നാല്‍ കെപിസിസി ഭാരവാഹികള്‍ക്ക് പരിധി ഏര്‍പ്പെടുത്തേണ്ടതില്ല.

ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കാനുള്ള ശ്രമം ഹൈക്കമാന്‍ഡ് ഭാഗത്ത് നിന്നും ഉണ്ടെങ്കിലും ആരേയും പിണക്കാതെയുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഗ്രൂപ്പുകള്‍ മുന്നോട്ട് വെക്കുന്ന പേരുകളില്‍ തീര്‍ത്തും യോഗ്യര്‍ അല്ല എന്ന് ബോധ്യപ്പെടുന്നവരെ മാത്രമാണ് ഒഴിവാക്കുന്നത്. അല്ലാതെയുള്ളവര്‍ക്കെല്ലാം പരിഗണന നല്‍കുന്നു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വലിയ പ്രധാന്യവും പുതിയ പട്ടികയിലുണ്ടാവും.

ഗ്രൂപ്പ് നിര്‍ദേശങ്ങളെ ഒറ്റയടിക്ക് തള്ളാന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും തയ്യാറായിട്ടില്ല. എല്ലാവരുടേയും താല്‍പര്യങ്ങള്‍ പരിഗണിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോവാനുള്ള നീക്കത്തിന്‍റെ ഭാഗമായിട്ടാണ് ഗ്രൂപ്പുകള്‍ മുന്നോട്ട് വെച്ച് പേരുകള്‍ക്കും കെ സുധാകരന്‍ പരിഗണന നല്‍കുന്നത്. ഇത് അദ്ദേഹം എംപിമാരോടും വ്യക്തമാക്കിയെന്നാണ് സൂചന.

നേരത്തെ 14 ജില്ലകളും ഗ്രൂപ്പുകള്‍ വീതം വെച്ച് എടുക്കുന്ന രീതിയായിരുന്നെങ്കില്‍ പുതിയ പട്ടികയില്‍ ഈ രീതിക്ക് വലിയ മാറ്റം വരും. കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാവും എ ഗ്രൂപ്പിന്‍റേയും ഉമ്മന്‍ചാണ്ടിയുടേയും താല്‍പര്യങ്ങള്‍ക്ക് പരിഗണന ലഭിക്കുക. മൂന്ന് ജില്ലകളിലും എ ഗ്രൂപ്പ് ഡിസിസി പ്രസിഡന്‍റുമാരായിരുന്നു നേരത്തെയുണ്ടായിരുന്നത്.

തിരുവനന്തപുരത്തും ആലപ്പുഴയിലും രമേശ് ചെന്നിത്തലയുടെ താല്‍പര്യത്തിന് മുന്‍തൂക്കം ലഭിച്ചേക്കും. ആലപ്പുഴയില്‍ കെസി വേണുഗോപാലും പേര് മുന്നോട്ട് വെച്ചിട്ടുണ്ട്. എറണാകുളത്ത് വിഡി സതീശനാവും അവസാന വാക്ക് പറയുക. ഷിയാസിന്‍റെ പേര് വിഡി സതീശന്‍ നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന. പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളില്‍ ഗ്രൂപ്പുകളില്‍ നിന്നുള്ള നേതാക്കള്‍ വരുമെങ്കില്‍ പ്രവര്‍ത്തനമികവ് ആവും പ്രധാന പരിഗണനാ ഘടകമാവുക.

പുനഃസംഘടന സംബന്ധിച്ച് സംസ്ഥാനത്ത് നടന്ന ചര്‍ച്ചയിലെ ധാരണ കെ സുധാകരന്‍ താരീഖ് അന്‍വറിനെ ധരിപ്പിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം കഴിയുന്നതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ദില്ലിയില്‍ എത്തി ചര്‍ച്ചകളില്‍ പങ്കെടുക്കും. ഓണത്തിന് പട്ടിക പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ മാസം അവസാനത്തോടെ തന്നെ പ്രഖ്യാപനമുണ്ടാവുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

യുവ നിരയില്‍ നിന്നും വിടി ബല്‍റാമിന്‍റെ പേര് സജീവമായി പരിഗണനയില്‍ ഉണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റവരെ പരിഗണിക്കില്ലെന്ന ധാരണ നടപ്പിലാക്കിയാല്‍ ഇവര്‍ പുറത്താവും. പികെ ജയലക്ഷ്മി, പത്മജ വേണുഗോപാല്‍ എന്നിവരും പുറത്താവേണ്ടി വരും. എന്നാല്‍ മികച്ച നേതാക്കള്‍ ഒഴിവാക്കപ്പെടും എന്നതിനാല്‍ ഈ മാനദണ്ഡം ഒഴിവാക്കാന്‍ തത്വത്തില്‍ തീരുമാനം ആയിട്ടുണ്ട്. ഇതോടെ വിടി ബല്‍റാം, പികെ ജയലക്ഷ്മി, പത്മജ വേണുഗോപാല്‍, വിഎസ് ശിവകുമാര്‍ എന്നീ 4 പേര്‍ കൂടി പട്ടികയില്‍ ഇടം പിടിച്ചു. ബല്‍റാമിന്‍റെ വരവില്‍ പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്.

എംപിമാരോ എംഎൽഎമാരോ ഡിസിസി പ്രസിഡന്റാമാരാക്കേണ്ടതില്ലെന്നത് മാത്രമാണ് നിലവിലെ എകകണ്ഠ തീരുമാനം. പാലക്കാട് എ വിഗോപിനാഥ് ആവശ്യം ശക്തമാക്കുകയാണെങ്കിലും വി ടി ബലറാമിനോടാണ് നേതാക്കൾക്ക് താല്പര്യം എന്നതും അദ്ദേഹത്തിന് അനുകൂല ഘടകമായി മാറുന്നു. വനിതകളായി പി കെ ജയലക്ഷമിയെ വയനാടും പത്മജയെ തൃശൂരും പരിഗണിക്കുന്നുണ്ട്. എന്നാല്‍ രണ്ടിത്തും മൂന്നിലേറെ പേരുകള്‍ ഉയരുന്നുണ്ട്.

വിഎസ് ശിവകുമാര്‍, എസ് ശബരീനാഥ് ആര്‍ വത്സന്‍, പാലോട് രവി, ശരത് ചന്ദ്രപ്രസാദ് എന്നിവരെയാണ് തിരുവനന്തപുരത്ത് പരിഗണിക്കുന്നത്. മുന്‍ മന്ത്രികൂടിയായ വിഎസ് ശിവകുമാറിന്‍റെ പേരിനോട് നേതൃത്വത്തിന് താല്‍പര്യമുണ്ടെങ്കിലും പ്രവര്‍ത്തകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല.

കൊല്ലത്ത് എഎം നസീര്‍, ഷാനവാസ് ഖാന്‍, എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. അനിഷ് വരിക്കണ്ണാമല, സതീഷ് കൊച്ചുപറമ്പില്‍ എന്നിവര്‍ പത്തനംതിട്ടയില്‍ നിന്നും യൂജിന്‍, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യന്‍ എന്നിവര്‍ കോട്ടയത്ത് നിന്നും പട്ടികയില്‍ ഇടംപിടിച്ചു. ഇവിടെ ഉമ്മന്‍ചാണ്ടിയുടെ തീരുമാനമാകും നിര്‍ണ്ണായകമാവുക.

സിപി മാത്യു, ജോയി വെട്ടിക്കുഴി, എംഎന്‍ ഗോപി എന്നിവര്‍ ഇടുക്കിയിലും മുഹമ്മദ് ഷിയാസ്, എകെ രാജു, അബ്ദുള്‍ മുത്തലിബ് എന്നിവര്‍ എറണാകുളത്തേയും ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചു. വിഡി സതീശന്‍റെ പിന്തുണയില്‍ ഷിയാസ് തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ടിവി ചന്ദ്ര മോഹന്‍, പത്മജാ വേണുഗോപാല്‍ എന്നിവര്‍ തൃശൂരില്‍ നിന്നും ഇടംപിടിച്ചപ്പോള്‍ മലപ്പുറത്ത് ആര്യാടന്‍ ഷൗക്കത്തിന്‍റെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്.

കോഴിക്കോട് എൻ. സുബ്രഹ്മണ്യൻ, വി.എൻ. ചന്ദ്രൻ, ബാലകൃഷ്ണക്കിടാവ്, കെ. പ്രവീൺകുമാർ എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. എന്‍ സുബ്രഹ്മണ്യനാണ് ഇതില്‍ മുന്‍തൂക്കമുള്ളത്. വയനാട് പികെ ജയലക്ഷ്മിക്ക് പുറമെ കെ.കെ. എബ്രഹാം, അഡ്വ. ഐസക്ക്, പി.ഡി. സജി, കണ്ണൂർ മാർട്ടിൻ ജോർജ്, ടി.ഒ. മോഹനൻ, ചന്ദ്രൻ തില്ലങ്കേരി എന്നിവരാണ് സാധ്യതയിലുള്ളത്. കാസര്‍കോട് ബാലകൃഷ്ണന്‍ പെരിയ ഏകദേശം പദവി ഉറപ്പിച്ചിട്ടുണ്ട്.
സാരിയിലും സെക്സി ലുക്കില്‍ മലൈക അറോറ: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications