'വികസിത തിരുവനന്തപുരം': തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി
തിരുവനന്തപുരം: ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന വിജയമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 101 വാര്‍ഡുകളില്‍ 50 എന്ന മാന്ത്രിക സംഖ്യ നേടിയാണ് ബിജെപി ഭരണം ഉറപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്. തലസ്ഥാനത്ത് ഇത്രയും വലിയ വിജയം ബിജെപി പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തലസ്ഥാനം നഗരി പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ദേശീയ നേതാക്കള്‍ക്കും വലിയ ആവേശം പകര്‍ന്നിരിക്കുകയാണ്.
തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സമൂഹ മാധ്യമമായ എക്‌സിലുടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്തിന്റെ വളര്‍ച്ച ബിജെപി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിന് ലഭിച്ച മികച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാനമായ വഴിത്തിരിവാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ നിറവേറ്റാന്‍ നമ്മുടെ പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കായി പാര്‍ട്ടി പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ ജീവിതം കൂടുതല്‍ സുഗമമാക്കുകയും ചെയ്യും - ഇതാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്.

തിരുവനന്തപുരം നഗരം എന്‍ഡിഎ പിടിച്ചെടുത്തത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിട്ടുണ്ട്. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും തിരുവനന്തപുരത്തെ എന്‍ഡിഎ വിജയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.
കേരളത്തില്‍ വലിയ രാഷ്ട്രീയ ചലനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് നടന്ന 100 സീറ്റുകളില്‍ 50 എണ്ണവും നേടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി തൂത്തുവാരി എന്നും അമിത് മാളവ്യ എക്‌സില്‍ പ്രതികരിച്ചു. ശേഷിക്കുന്ന സീറ്റുകള്‍ എല്‍ഡിഎഫ്-യുഡിഎഫ്-സ്വാതന്ത്രര്‍ എന്നിവര്‍ക്കിടയില്‍ വിഭജിച്ചിരിക്കുന്നു. ഇത് രാഷ്ട്രീയ രംഗത്തെ വ്യക്തമായ മാറ്റമാണെന്നും തിരുവനന്തപുരം ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
തിരുവനന്തപുരത്ത് എതിരാളികള്‍ പോലും ഞെട്ടിപ്പോയ വന്‍ വിജയമാണ് എന്‍ഡിഎ സ്വന്തമാക്കിയത്. സിപിഎം നയിക്കുന്ന എല്‍ഡിഎഫിന് 29 സീറ്റുകളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് 19 സീറ്റുകളും മാത്രമാണ് നേടാന്‍ കഴിഞ്ഞത്. സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ ഇവിടെ ഒരു സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ അന്ന് 33 സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. അന്ന് എല്‍ഡിഎഫ് 52 സീറ്റും യുഡിഎഫിന് 10 സീറ്റുമാണ് ലഭിച്ചിരുന്നത്. 33 എന്ന സംഖ്യയില്‍ നിന്നാണ് ഒറ്റയടിക്ക് ബിജെപി 50 ല്‍ എത്തിയത്. പ്രതിപക്ഷത്തുനിന്ന് ഭരണത്തിലേക്കുള്ള എന്‍ഡിഎയുടെ മുന്നേറ്റം സിപിഎമ്മിനെ അമ്പരപ്പിച്ചിരിക്കുകയാണ്.
എല്‍ഡിഎഫ് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് തലസ്ഥാന നഗരത്തില്‍ ഉണ്ടായത്. ഭരണം നഷ്ടപ്പെടുന്നത് മാത്രമല്ല 29 എന്ന സീറ്റിലേക്ക് ചുരുങ്ങുകയും ചെയ്തത് സിപിഎമ്മിന് വലിയ ക്ഷീണമാണ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വാര്‍ത്തകളും അറസ്റ്റുകളും വലിയൊരു ജന വിഭാഗത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്ന് വേണം വിലയിരുത്താന്‍.
വികസന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തു എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. എല്‍ഡിഎഫിന്റെ കാലം കഴിഞ്ഞു. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും വലിയ വികസനം നടക്കുന്നത് ബിജെപിയിലാണ്. ഈ റിസള്‍ട്ടിന്റെ പ്രതിഫലനം വരുന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications