സ്വര്‍ണവില കുറഞ്ഞു; രണ്ടു ദിവസത്തെ കുതിപ്പിന് വിരാമം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. രണ്ട് ദിവസമായി വലിയ കുതിപ്പ് നടത്തിയ ശേഷമാണ് സ്വര്‍ണവില ഇന്ന് കുറഞ്ഞത്. പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി തുടരുന്നു എന്നാണ് വിവരം. ഇത് ഏത് രീതിയില്‍ സ്വര്‍ണത്തെ ബാധിക്കുമെന്ന് അറിയാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. യുദ്ധം ശക്തമാകുന്ന സാഹചര്യമുണ്ടായാല്‍ സ്വര്‍ണവില കുറഞ്ഞേക്കും.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 45 രൂപയും കുറഞ്ഞു. ആഗോള വിപണിയില്‍ കാര്യമായ മാറ്റമില്ല. അതേസമയം, ക്രൂഡ് ഓയില്‍ വില 76 ഡോളര്‍ നിരക്കില്‍ തുടരുകയാണ്. അമേരിക്കന്‍ ഡോളര്‍ സൂചിക 101ലേക്ക് അടുത്ത് നില്‍ക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പ്പം താഴ്ന്നു. ഇനി കേരളത്തിലെ സ്വര്‍ണവില അറിയാം...

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13230 രൂപയാണ് വില. പവന് 105840 രൂപ നല്‍കണം. 18 കാരറ്റ് ഗ്രാമിന് 10875 രൂപയാണ് വില. 14 കാരറ്റ് ഗ്രാമിന് 8470 രൂപയും 9 കാരറ്റ് ഗ്രാമിന് 5460 രൂപയും നല്‍കണം. വെള്ളി ഗ്രാമിന് 235 രൂപയാണ് നല്‍കേണ്ടത്. 22 കാരറ്റ് ഒരു പവന്‍ ആഭരണം വങ്ങുമ്പോള്‍ 1.15 ലക്ഷം രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം കുറച്ചുള്ള സംഖ്യ കിട്ടും. പ്രമുഖ ജ്വല്ലറികളെല്ലാം പഴയ സ്വര്‍ണം തിരിച്ചുവാങ്ങുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്.
സ്വര്‍ണം വില്‍ക്കുന്നതാണോ പണയം വെക്കുന്നതാണോ നല്ലത്?
ചില സ്വര്‍ണാഭരണവുമായി ആളുകള്‍ക്ക് ഹൃദയ ബന്ധമുണ്ടാകും. പാരമ്പര്യമായി കിട്ടിയതാണെങ്കില്‍ പ്രത്യേകിച്ച്. അത്തരം സ്വര്‍ണം വില്‍ക്കാന്‍ പലരും മടിക്കാറുണ്ട്. പണയം വെക്കുമ്പോള്‍ പലിശ ഭാരം ഉപഭോക്താവിന് മേലുണ്ടാകും. കൃത്യസമയത്ത് പലിശയും മുതലും അടച്ചു തീര്‍ത്ത് സ്വര്‍ണാഭരണം തിരിച്ചെടുക്കാന്‍ സാധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പണയം വെച്ച വ്യക്തി കൂടുതല്‍ കുരുക്കിലാകും.
എന്നാല്‍ പഴയ സ്വര്‍ണം വില്‍ക്കുന്നതാണ് ഉചിതം എന്ന് കരുതുന്നവരുണ്ട്. സ്വര്‍ണാഭരണം വിറ്റ് കിട്ടുന്ന പണംകൊണ്ട് ഇപ്പോഴത്തെ ആവശ്യങ്ങള്‍ തീര്‍ക്കാം എന്നാണ് ഇവരുടെ നിലപാട്. പിന്നീട് പണമുണ്ടാകുമ്പോള്‍ പുതിയ സ്വര്‍ണം വാങ്ങാമെന്നും അവര്‍ കണക്കൂകൂട്ടുന്നു. ഇത്തരക്കാര്‍ പലിശ ഭാരത്തില്‍ നിന്ന് സുരക്ഷിതരാണ്. മാത്രമല്ല, പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കണമെന്ന ആധി അവര്‍ക്കുണ്ടാകുകയുമില്ല.
കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ഇറക്കുമതി നികുതി 6ല്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തിയത് ഈ ലക്ഷ്യത്തോടെയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തിന് അകത്തുള്ള സ്വര്‍ണം വീണ്ടും ഉപയോഗിക്കുന്ന പദ്ധതികള്‍ വരുന്നത്. വിവിധ ജ്വല്ലറികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്. മറ്റു ജ്വല്ലറികളുടെ സ്വര്‍ണവും തിരിച്ചെടുക്കാന്‍ തയ്യാറാണ് എന്ന് പ്രമുഖ ബ്രാന്‍ന്റഡ് ജ്വല്ലറികള്‍ പറയുന്നു. ആഭ്യന്തര സ്വര്‍ണം കൂടുതല്‍ പുനരുപയോഗിക്കുമ്പോള്‍ ഇറക്കുമതി കുറയ്ക്കാം. അതുവഴി രാജ്യത്തിന്റെ വ്യാപാര കമ്മി കുറയ്ക്കാനും സാധിക്കും.














Click it and Unblock the Notifications