വധഭീഷണിക്ക് പിറകില്‍ തന്‍റെ കടമ നിർവഹിക്കുന്നതിനിടയിൽ ക്ഷതമേറ്റ ആരെങ്കിലുമായിരിക്കും തിരുവഞ്ചൂർ
തിരുവനന്തപുരം: വധഭീഷണി മുഴക്കിക്കൊണ്ട് ഊമക്കത്ത് ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തനിക്ക് നിത്യശത്രുക്കളില്ലെന്ന് വ്യക്തമാക്കിയ തിരുവഞ്ചൂർ രാഷ്ട്രീയ പ്രവർത്തനത്തിൽ തന്റെ കടമ നിർവ്വഹിക്കുന്നതിനിടെ ക്ഷതമേറ്റ ആരെങ്കിലുമായിരിക്കാം ഭീഷണി മുഴക്കിയിട്ടുള്ളതെന്നാണ് തിരുവഞ്ചൂർ ചൂണ്ടിക്കാണിക്കുന്നത്.
അതേ സമയം കേരളത്തിലെ ജയിലിൽ കഴിയുന്ന ആരെങ്കിലുമായിരിക്കാം തന്നെയും കുടുംബത്തെയും വകവരുത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ജയിലിലുള്ളവർ തന്നെയാവാമെന്നും ഊമക്കത്തിന് പിന്നിലെന്ന സംശയവും പ്രകടിപ്പിച്ച അദ്ദേഹം കത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ടിപി വധക്കേസിലെ പ്രതികളായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വധഭീഷണി ഉയർന്നെങ്കിലും ഈ വിഷയത്തിൽ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ ഉത്തരവാദിത്വം നിർവഹിക്കുക എന്നല്ലാതെ ഒരു അത്ഭുതവും ഞാൻ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ തിരുവഞ്ചൂർ അത് ചെയ്തില്ലെങ്കിൽ ഞാൻ കാലഘട്ടത്തോട് ചെയ്യുന്ന പാപമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തും; തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഓഫീസ് വിലാസത്തിലാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഊമക്കത്ത് ലഭിച്ചത്. കോഴിക്കോട് നിന്നാണ് കത്തയച്ചിട്ടുള്ളത്. പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും അടക്കം ഇല്ലാതാക്കുമെന്നാണ് കത്തിലെ ഭീഷണി. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിൻറെ പ്രതികാരമാണെന്നു വധഭീഷണി മുഴക്കിയതിന് പിന്നിലെന്നും ഊമക്കത്തിൽ വിശദീകരിക്കുന്നുണ്ട്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി.
തിരുവഞ്ചൂരിനോട് വിരോധമുള്ള ജയിലിലുള്ള ക്രിമിനലുകളായിരിക്കും കത്തയച്ചിട്ടുള്ളതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിലായ പ്രതികൾക്കാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളതെന്നും അതുകൊണ്ട് അവരായിരിക്കും ഊമക്കത്ത് അയച്ചതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഒളിവിൽക്കഴിഞ്ഞിരുന്ന ടി പി വധക്കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications