ജയിലിലും കോയിന്‍ ബോക്‌സ്, അടുത്തതെന്ത്?
കോട്ടയം: ഇനി ജയില്‍പ്പുള്ളികള്‍ അധികാരികളുടെ കണ്ണ് വെട്ടിച്ച് ഒളിച്ചും പാത്തും ഫോണ്‍ ഉപയോഗിക്കണമെന്നില്ല. തടവുപുള്ളികള്‍ക്ക് വേണ്ടി ജയിലില്‍ കോയിന്‍ ബോക്‌സ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായി അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചിരിക്കുകയാണ്.
ഉര്‍വശി ശാപം ഉപകാരമാകുന്നത് ഇങ്ങനെയാണ്. ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് പരിശോധിക്കാനും നടപടിയെടുക്കാനുമാണ് ആഭ്യന്തര മന്ത്രിയും മറ്റും ജയിലില്‍ എത്തിയത്. മൊബൈലും ഫേസ്ബുക്കും ഉപയോഗിച്ച പ്രതികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമോ എന്തോ, എന്തായാലും അതുകൊണ്ട് മറ്റ് പ്രതികള്‍ക്ക് നേട്ടമുണ്ടായി. തോന്നുമ്പോള്‍ ഇനി വീട്ടുകാരെ വിളിച്ച് സുഖവിവരങ്ങള്‍ തിരക്കാമല്ലോ. വര്‍ഷത്തിലൊരിക്കാന്‍ പരോള്‍ കൂടെ ലഭിച്ചാല്‍ കുശാല്‍.

ജയിലില്‍ കോയിന്‍ ബോക്‌സ് എന്ന ആശയത്തിന്റെ യുക്തിയാണ് ഇപ്പോള്‍ ചിലര്‍ക്ക് പിടികിട്ടാത്തത്. സാക്ഷികളെയും കക്ഷികളെയും എന്നല്ല ആരെയും എപ്പോഴും വിളിക്കാന്‍ ജയില്‍ പുള്ളികള്‍ക്ക് സൗകര്യം കിട്ടുന്നു. ഇതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസം. ഒന്നുണ്ട്, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ബുന്ധിമുട്ടേണ്ട. ഇതിന്റെ പേരില്‍ ഇനിയെന്താല്ലാം അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്ന് കണ്ട് തന്നെ അറിയാം.
എന്തായാലും മൊബൈല്‍ ഫോണിന്റെ കടന്നുകയറ്റത്തോടെ ഗ്രാമങ്ങളിലെ കവലകളില്‍ നിന്ന് അപ്രത്യക്ഷമായ കോയിന്‍ ബോക്‌സ് ജയിലിലെങ്കിലും കാണാമല്ല. കോഴിക്കോട് ജില്ല ജയിലില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവിലാണ് മന്ത്രിയുടെ പ്രഖ്യാപനം.












Click it and Unblock the Notifications