'ഇത് ബഡായി ബംഗ്ലാവ് അല്ല, മുകേഷേട്ടൻ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം'; കൃഷ്ണകുമാർ
കൊല്ലം: കേരളത്തിൽ ഇത്തവണ താമര വിരിയുക തന്നെ ചെയ്യുമെന്ന് കൊല്ലം എൻ ഡി എ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. സംസ്ഥാനത്ത് 20 സീറ്റുകളിലും ജയിക്കണമെന്നാണ് ആഗ്രഹം. എന്നാൽ അത് അത്യാഗ്രഹമായിപ്പോകും. ഞങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടേ ഉള്ളൂ, മോദി കേരളത്തിൽ എത്തുന്നതോടെ ഇപ്പോഴത്തെ സാഹചര്യമെല്ലാം മാറും', കൃഷ്ണകുമാർ പറഞ്ഞു.
എൽ ഡി എഫ് സ്ഥാനാർത്ഥി മുകേഷ് ഉത്തരവാദിത്തതോടെ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും കൃഷ്ണകുമാർ പറഞ്ഞു. പാർലമെന്റിൽ ഏത് ഭാഷയിൽ പ്രതികരിക്കുമെന്ന ചോദ്യത്തിന് താൻ നടനാണ് അഭിനയിച്ചുകാണിക്കുമെന്ന മുകേഷിന്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിൻറെ മറുപടി.

'സിനിമ തൊഴിൽപരമായ കാര്യമാണ്. അഭിനയിക്കുന്നു , അഭിനയിച്ച് കഴിഞ്ഞാൽ സ്നേഹബന്ധം തുടരുന്നു. രാഷ്ട്രീയം എന്നത് രാഷ്ട്രപുനഃനിർമ്മാണവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത് ബഡായി ബംഗ്ലാവ് അല്ല. ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ട കാര്യമാണ്. വികസനം കൊണ്ടുവരേണ്ട, ഭരണത്തിൽ ഇരിക്കുന്നവരെ ജയിപ്പിക്കുകയാണ് വേണ്ടത്. സിനിമ ബന്ധങ്ങളൊന്നും ഒരിക്കലും ഉലയില്ല. മുകേഷേട്ടനോടും പ്രേമചന്ദ്രേട്ടനോടും നല്ല ബന്ധമാണ്. അവരുടെ മുന്നണി എന്ത് ചെയ്യുന്നു എന്നതാണ് വിഷയം.
പാർലമെന്റ് വളരെ ഗൗരവമുള്ള ചർച്ചകൾ നടക്കേണ്ട സ്ഥലമാണ്. അദ്ദേഹത്തോടുള്ള ബഹുമാനം വെച്ച് കൊണ്ട് തന്നെ പറയട്ടെ, മുകേഷേട്ടൻ സംസാരത്തിൽ കുറച്ചൂടെ ഉത്തരവാദിത്തം കാണിക്കണം. അഭിനയിച്ച് പ്രതികരിക്കുമെന്നൊക്കെ പറയുന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്.
2014ൽ തിരഞ്ഞെടുപ്പ് വരുമ്പോൾ അഴിമതിയും രാജ്യസുരക്ഷയുമായി ചർച്ച ഉണ്ടായിരുന്നത്. ഇന്ന് അങ്ങനെയില്ല. എന്തുകൊണ്ടാണ് ? ശക്തനായൊരു വ്യക്തി ഭരണത്തിൽ ഉള്ളത് കൊണ്ടാണ്', കൃഷ്ണകുമാർ പറഞ്ഞു.
പത്മജയുടേയും അനിൽ ആന്റണിയുടേയുമെല്ലാം വരവ് ബി ജെ പിക്ക് വലിയ നേട്ടമാണെന്നും കൃഷ്മകുമാർ അവകാശപ്പെട്ടു. 'തങ്ങളുടെ അച്ഛനൊന്നും പറഞ്ഞതല്ല ശരിയെന്ന് അനിൽ ആന്റണിയും പത്മജയുമൊക്കെ തിരിച്ചറിഞ്ഞു, മോദിയാണ് ശരിയെന്ന് പറഞ്ഞ് അവർ വരുമ്പോൾ അത് എത്രമാത്രം ശക്തി തരുന്ന കാര്യമാണ്. വലിയ നേട്ടമാണത്.
കേരളത്തിൽ താമര വിരിയണമെന്നത് തന്നെയാണ് ആഗ്രഹം. എന്തായാലും വിരിഞ്ഞിരിക്കും. തുടങ്ങിയിട്ടേ ഉള്ളൂ നമ്മൾ പ്രക്രിയ. മോദിജി ഇറങ്ങുമ്പോൾ കാര്യങ്ങളൊക്കെ മാറും. പ്രചരണത്തിന് സമയം വൈകിയിട്ടില്ല. സോഷ്യൽ മീഡിയ അടക്കമുള്ള ചാനലിലൂടെ വളരെ പെട്ടെന്ന് തന്നെ വോട്ടർമാരിലേക്ക് എത്തും. വരും ദിവസങ്ങളിൽ പ്രചരണം ശക്തമാക്കും', കൃഷ്ണകുമാർ പറഞ്ഞു.












Click it and Unblock the Notifications