ഇത് ഓരോ മലയാളിയുടെയും കടമ; ലീലാവതി ടീച്ചര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം: പ്രതികരിച്ച് വി ശിവന്‍കുട്ടി
കൊച്ചി: ഗാസ വിഷയത്തില്‍ സ്വന്തം നിലപാട് അറിയിച്ച പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോക്ടര്‍ എം ലീലാവതി ടീച്ചര്‍ നേരിടുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തന്റെ 98-ാം പിറന്നാള്‍ ദിനത്തിലാണ് ആഘോഷങ്ങള്‍ വേണ്ടെന്നു വച്ച് ഡോ. ലീലാവതി ഗാസയിലെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
'ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക' എന്നായിരുന്നു പിറന്നാളാശംസകളുമായി എത്തിയവരോട് ലീലാവതി ടീച്ചര്‍ പറഞ്ഞത്. എന്നാല്‍ ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ലീലാവതി ടീച്ചര്‍ക്കെതിരെ സൈബര്‍ ആക്രമണം ആരംഭിക്കുകയും ചെയ്തു.

ഗാസയില്‍ മാത്രമല്ല ലോകത്തെ മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോ... എന്നിങ്ങനെയാണ് വിമര്‍ശനം. ഇസ്രായേലിലെ കുട്ടികളെ പരാമര്‍ശിച്ചും ടീച്ചര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഈ വിഷയത്തില്‍ ലീലാവതി ടീച്ചര്‍ക്ക് ശക്തമായ പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ലീലാവതി ടീച്ചര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയമാണെന്നും ടീച്ചറിനെ പോലെയുള്ളവരെ സംരക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും മന്ത്രി ഓര്‍മ്മിപ്പിക്കുന്നു.
നന്മ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളെ പോലും നിന്ദ്യമായ ഭാഷയില്‍ ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണെന്നും ശിവന്‍കുട്ടി വിമര്‍ശിക്കുന്നു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഫേസ്ബുക്കിലാണ് ലീലാവതി ടീച്ചര്‍ക്ക് ശിവന്‍കുട്ടി പിന്തുണ അറിയിച്ചത്.
വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഡോ. എം. ലീലാവതി ടീച്ചറിനെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയം
മലയാളത്തിന്റെ എഴുത്തമ്മയായ ഡോ. എം ലീലാവതി ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. 98 വയസ് പിന്നിട്ട, നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും അതുല്യമായ സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വമാണ് ടീച്ചര്‍. ഗാസയിലെ കുട്ടികള്‍ വിശന്നിരിക്കുമ്പോള്‍ തനിക്ക് ഓണമുണ്ണാന്‍ തോന്നുന്നില്ല എന്ന് അവര്‍ പറഞ്ഞത്, ഒരു മനുഷ്യസ്‌നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളാണ്.
അത്തരം വാക്കുകളെപ്പോലും നിന്ദ്യമായ ഭാഷയില്‍ സൈബര്‍ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണ്.
അധ്യാപിക, നിരൂപക, എഴുത്തുകാരി എന്നീ നിലകളില്‍ ലീലാവതി ടീച്ചര്‍ മലയാളത്തിന് നല്‍കിയ സംഭാവനകള്‍ക്ക് കേരളം എന്നും കടപ്പെട്ടിരിക്കുന്നു. ലീലാവതി ടീച്ചറെ പോലുള്ളവരെ ആദരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മലയാളിയുടെയും കടമയാണ്. ഇങ്ങനെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications