'റാംജീ റാവു സ്പീക്കിംഗിലെ ഗോപാലകൃഷ്ണൻമാർ'; യുഡിഎഫ് നേതാക്കളെ കണക്കിന് ട്രോളി തോമസ് ഐസക്
തിരുവനന്തപുരം; യുഡിഎഫ്-വെൽഫെയർ പാർട്ടി സഖ്യത്തെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. വെൽഫെയർ പാർട്ടിയുമായി യാതൊരു സഖ്യവുമില്ലെന്ന് യുഡിഎഫ് നേതാക്കൾ ആവർത്തിക്കുന്നതിനിടെ
ഉദുമ പഞ്ചായത്തിലെ വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കായി ഉമ്മൻചാണ്ടി പ്രചരണം നയിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐസകിന്റെ പ്രതികരണം. റാംജീ റാവു സ്പീക്കിംഗിലെ ഗോപാലകൃഷ്ണൻമാരാണ് യുഡിഎഫ് നേതാക്കൾ എന്ന പരിഹാസമാണ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നത്.പോസ്റ്റ് വായിക്കാം

റാംജീ റാവു സ്പീക്കിംഗിലെ ഗോപാലകൃഷ്ണൻമാർ
കഞ്ഞിവെയ്ക്കാം, പക്ഷേ, ചമ്മന്തിയരയ്ക്കില്ലെന്ന് ഗോപാലകൃഷ്ണൻ വാശി പിടിക്കുന്ന സീനുണ്ട്, റാംജിറാവ് സ്പീക്കിംഗ് സിനിമയിൽ. അപ്പോൾ മാന്നാർ മത്തായി ഗോപാലകൃഷ്ണനെ ഇങ്ങനെ സമാധാനിപ്പിച്ചു. "വേണ്ട, എന്തെങ്കിലും നിസാരമായി തേങ്ങയരച്ചിട്ട് ഒരു കൂട്ടാൻ വെച്ചാ മതി". അങ്ങനെ വഴിക്കുവന്നാൽ എല്ലാർക്കും കൊള്ളാം എന്നും പറഞ്ഞാണ് ഗോപാലകൃഷ്ണൻ അടുക്കളയിലേയ്ക്ക് വെച്ചുപിടിക്കുന്നത്.
വെൽഫയർ പാർടിയുമായി സഖ്യമില്ല, നീക്കുപോക്കേയുള്ളുവെന്ന് വാദിക്കുന്ന യുഡിഎഫ് നേതാക്കൾ, ചമ്മന്തിയരയ്ക്കില്ല, വേണേൽ തേങ്ങയരച്ച് കൂട്ടാൻ വെയ്ക്കാം എന്നു സമ്മതിക്കുന്ന ഗോപാലകൃഷ്ണന്മാരാണ്.

“വെൽഫയർ പാർടിയുമായി സഖ്യമില്ല”
കാസർകോടു മുതലിങ്ങോട്ട് എത്രയോ പഞ്ചായത്തുകളിൽ വെൽഫയർ പാർടി യുഡിഎഫിലെ സഖ്യകക്ഷിയാണ്. വെൽഫയർ പാർടിയുടെ സ്ഥാനാർത്ഥികൾക്കുവേണ്ടി വോട്ടു പിടിക്കുന്നത് മുല്ലപ്പള്ളി രാമചന്ദ്രനെയും ഉമ്മൻചാണ്ടിയെയും പോലുള്ള മുതിർന്ന യുഡിഎഫ് നേതാക്കൾ.
ഉദുമ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വെൽഫയർ പാർടി കാസർകോട് ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ളയാണ് യുഡിഎഫ് സ്ഥാനാർത്ഥി. ഇക്കഴിഞ്ഞ ദിവസം ഈ സ്ഥാനാർത്ഥിയ്ക്കടക്കം വോട്ടു ചോദിക്കാനെത്തിയത് ഉമ്മൻചാണ്ടി. എന്നിട്ട് അദ്ദേഹവും പ്രസ്താവിച്ചു. "വെൽഫയർ പാർടിയുമായി സഖ്യമില്ല".

മുന്നണിയിലെ ഘടകകക്ഷിയാണ്
സഖ്യത്തിന് ഒരു നോമിനേഷനും നീക്കുപോക്കിന് വേറൊരു നോമിനേഷനും നമ്മുടെ തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഇല്ലെന്ന് യുഡിഎഫ് നേതാക്കൾ മനസിലാക്കണം. മത്സരവും പ്രചാരണവും വോട്ടെടുപ്പും വോട്ടെണ്ണലുമൊക്കെ ഒരുപോലെ തന്നെയാണ്. വെൽഫയർ പാർടിയുമായി സഖ്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും വാദിക്കുമ്പോൾ, നീക്കുപോക്കുണ്ടെന്ന് സമ്മതിക്കുന്നത് രമേശ് ചെന്നിത്തലയും എംഎം ഹസനും.
സഖ്യമായാലും നീക്കുപോക്കായാലും പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷിയാണ് ജമായത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫയർ പാർടി.
അത് സഖ്യമല്ല, നീക്കുപോക്കാണെന്ന അസംബന്ധ ന്യായമൊന്നും വിലപ്പോവില്ല.

ബിജെപി വാങ്ങിക്കൊണ്ടിരിക്കുകയാണ്
വെൽഫയർ പാർടിയുടെ ഏത് രാഷ്ട്രീയ നിലപാടാണ് തങ്ങൾ അംഗീകരിക്കുന്നത് എന്ന് ജനങ്ങളോട് വിശദീകരിക്കുകയാണ് യുഡിഎഫ് നേതാക്കൾ ചെയ്യേണ്ടത്.
ഒരുവശത്ത് വെൽഫയർ പാർടിയുമായി സഖ്യത്തിന്റെ നീക്കുപോക്കു നടക്കുമ്പോൾ മറുവശത്ത് കോൺഗ്രസ് നേതാക്കളെ പണം കൊടുത്ത് ബിജെപി വാങ്ങിക്കൊണ്ടിരിക്കുകയാണ്.

കോലീബി പാരമ്പര്യത്തിന്റെ തുടർച്ച
തിരുവനന്തപുരം കോർപറേഷനിൽ അറിയപ്പെടുന്ന കോൺഗ്രസ് നേതാക്കൾതന്നെ ഇങ്ങനെ ബിജെപിയുടെ ചാക്കിലേയ്ക്ക് കയറിക്കൊണ്ടിരിക്കുന്നു. പഴയ കോലീബി പാരമ്പര്യത്തിന്റെ തുടർച്ച ഇങ്ങനെയാണ്.
ഇന്ത്യയിൽത്തന്നെ അറിയപ്പെടുന്ന എത്രയോ കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ കൂടാരത്തിലെത്തിക്കഴിഞ്ഞു. ആ കൂട്ടയോട്ടത്തിന്റെ കേരള പതിപ്പ് ആരംഭിച്ചു കഴിഞ്ഞു എന്നുവേണം മനസിലാക്കേണ്ടത്.

ആപൽക്കരമായ രാഷ്ട്രീയമാണ്
മതരാഷ്ട്രരൂപീകരണം രാഷ്ട്രീയനിലപാടായി അംഗീകരിച്ച വെൽഫയർ പാർടിയെപ്പോലൊരു വർഗീയകക്ഷിയ്ക്ക് പൊതുസ്വീകാര്യത നൽകുന്ന യുഡിഎഫിന്റെ മറുവാതിൽ വഴി നേതാക്കൾ ബിജെപിയിലേയ്ക്ക് ചേക്കേറുന്നു. രാഷ്ട്രീയമായി ആണിക്കല്ലും അടിത്തറയുമിളകി നിൽക്കുകയാണവർ. എങ്ങനെയും എൽഡിഎഫിനെ തോൽപ്പിക്കുക, അതിന് ആരുമായും കൂട്ടുകൂടുക എന്ന ആപൽക്കരമായ രാഷ്ട്രീയമാണ് യുഡിഎഫിനെ നയിക്കുന്നത്.
പക്ഷേ വണ്ടും തുലഞ്ഞ് വിളക്കും കെട്ടുപോകുന്ന പ്രത്യാഘാതമാണ് അതിന്റെ പരിണിതി. ചിന്താശേഷിയുള്ള യുഡിഎഫ് അണികൾ ഈ ദുഷ്ടരാഷ്ട്രീയത്തിനെതിരെ പ്രതികരിക്കണം.
ഫൈസർ കൊവിഡ് വാക്സിന് അനുമതി നൽകി ബഹ്റൈൻ; ബ്രിട്ടന് പിന്നാലെ
ഹൈദരാബാദ് തിരഞ്ഞെടുപ്പ്; ആർക്കും കേവല ഭൂരിപക്ഷമില്ല, ടിആര്‍എസിനെ ഒവൈസി പിന്തുണച്ചേക്കും
കര്‍ഷകരുമായി ഇന്ന് വീണ്ടും ചര്‍ച്ച; കര്‍ഷകര്‍ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കും