മിഠായിത്തെരുവിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടന വേളയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. ശനിയാഴ്ച രാവിലെ മുതല്‍ ഒഴുകിയ ജനക്കൂട്ടം സന്ധ്യയാകുമ്പോഴേക്കും അതിന്റെ പരമാവധിയെത്തി. കാലുകുത്താന്‍ ഇടമില്ലാത്തവിധം മിഠായിത്തെരുവ് റോഡും പരിസരവും ജനനിബിഡമായി.
സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധിയും ഞായറാഴ്ചത്തെ അവധിത്തലേന്നുമൊക്കെ ആയതിനാല്‍ ഉത്സവപ്രതീതിയിലായിരുന്നു പരിസരം. രാത്രിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം തെരുവില്‍ നടക്കാനും ആളുകള്‍ തിക്കിത്തിരക്കി.

എംടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ സാഹിത്യകാരന്‍മാരും രാവിലെ മുതല്‍ മിഠായിത്തെരുവില്‍ സന്ദര്‍ശനത്തിന് എത്തുന്നുണ്ടായിരുന്നു. എല്‍ഐസി മതിലില്‍ എസ്‌കെ പൊറ്റെക്കാട്ടിന്റെ തെരുവിന്റെ കഥയുടെ കഥാപാത്രങ്ങളെ വരച്ചിരുന്നു. മേലാപ്പില്‍ തെളിഞ്ഞുകത്തിയ വിളക്കുകള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

തറയില്‍ പതിച്ച കരിങ്കല്‍ പാളികളിലും നടപ്പാതയിലെ ഗ്രാനൈറ്റിലും പാദസ്പര്‍ശമേല്‍പ്പിക്കുന്നതിന് ആള്‍ക്കൂട്ടം മത്സരിച്ചു.

സെല്‍ഫികളെടുത്തും കടകളില്‍ കയറിയും അവര്‍ രാവിനെ ഉത്സവലഹരിയിലാക്കി. കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകമുറങ്ങുന്ന ദേശത്തിന്റെ തെരുവിനെ അവര്‍ മാറോടു ചേര്‍ത്തു.












Click it and Unblock the Notifications