കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ ഭീതിയിലും ഇരുപത്തേഴാം രാവിന്റെ പുണ്യത്തിലലിഞ്ഞ് ആയിരങ്ങള്‍ മലപ്പുറത്ത് സംഗമിച്ചു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: നിപ ഭീതിയിലും ഇരുപത്തേഴാം രാവിന്റെ പുണ്യത്തിലലിഞ്ഞ് ആയിരങ്ങള്‍ മലപ്പുറം സ്വലാത്ത് നഗറില്‍ സംഗമിച്ചു. ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന റമളാന്‍ ഇരുപത്തേഴാം രാവിനെ ധന്യമാക്കാന്‍ വിശ്വാസികള്‍ മലപ്പുറം സ്വലാത്ത് നഗറില്‍ ഒത്തുചേര്‍ന്നു. സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ ഇന്നലെ പുലരുവോളം നടന്ന പ്രാര്‍ത്ഥനകളില്‍ സംബന്ധിച്ച് സായൂജ്യരായി മടങ്ങി.

കോരിച്ചൊരിയുന്ന മഴ വകവെക്കാതെ ആയിരങ്ങളാണ് സ്വലാത്ത് നഗറിലേക്ക് ഒഴുകിയെത്തിയത്. മഅ്ദിന്‍ ഗ്രാന്റ്മസ്ജിദും നഗരിയിലൊരുക്കിയ വിശാലമായ പന്തലും വൈകീട്ടോടെ തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു. തറാവീഹ് നിസ്‌കാരത്തിനു ശേഷം മുഖ്യവേദിയില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്.

news

സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണവും സമാപന പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. നിപാ വൈറസിന്റെ പാശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആത്മീയ സംഗമം ശുചിത്വവും വിശ്വാസവും എന്ന പ്രമേയത്തിന് ഊന്നല്‍ കൊടുത്താണ് സംഘടിപ്പിച്ചത്. ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ നിര്‍ദ്ദേശ പ്രകാരം പരിപാടിയുടെ ഓരോ ഘട്ടത്തിലും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവല്‍ക്കരണവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ സ്വലാത്ത് നഗറിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമുള്ള വിശ്വാസികള്‍ ഞായറാഴ്ച തന്നെ പ്രാര്‍ത്ഥനാ നഗരിയില്‍ ഇടം പിടിച്ചു. സുബ്ഹി നിസ്‌കാരാനന്തരം മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഹദീസ് പഠനത്തോടെ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ വിവിധ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ഹുസ്ന പാരായണം, സലാമതുല്‍ ഈമാന്‍ എന്നിവ നടന്നു. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഹൈദ്രൂസി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

അസര്‍ നിസ്‌കാരാന്തരം സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ അസ്മാഉല്‍ ബദര്‍ പാരായണവും നടത്തി. വിര്‍ദുല്ലത്വീഫ്, ഇസ്തിഗ്ഫാര്‍, തസ്ബീഹ് എന്നിവക്ക് ശേഷം നടന്ന പ്രകൃതി സൗഹൃദ ഇഫ്ത്വാറില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. ശേഷം അവ്വാബീന്‍, തസ്ബീഹ് നിസ്‌കാരങ്ങളും ഇശാഅ്, തറാവീഹ്, വിത്ര്‍ നിസ്‌കാരങ്ങള്‍ നടന്നു.

രാത്രി പത്തോടെ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ സമാപന സംഗമം പ്രധാന വേദിയില്‍ ആരംഭിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ആയിരം തഹ്ലീല്‍ ഉരുവിട്ട ഹദ്ദാദ് റാത്തീബിനും പ്രാര്‍ത്ഥനക്കും കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍ നേതൃത്വം നല്‍കി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ലൈലത്തുല്‍ ഖദ്ര്‍ സന്ദേശ പ്രഭാഷണം നടത്തി. ഭീകരതക്കെതിരെയുള്ള പ്രതിജ്ഞക്കും തൗബ, സമാപന പ്രാര്‍ത്ഥന എന്നിവക്കും സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് ത്വാഹാ തങ്ങള്‍ തളീക്കര, സയ്യിദ് അബ്ദുല്ല വയനാട് ഹസന്‍ മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടിമുസ്ലായാര്‍ കട്ടിപ്പാറ, അബുഹനീഫല്‍ ഫൈസി തെന്നല, സി. മുഹമ്മദ് ഫൈസി, കെ. പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, എ.പി അബ്ദുല്‍ കരീം ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
Thousands of people gathered in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X