തൃക്കാക്കരയില്‍ ചിത്രം വ്യക്തം; എഎന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എ എന്‍ രാധാകൃഷ്ണന്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ആകും. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റാണ് എ എന്‍ രാധാകൃഷ്ണന്‍. നേരത്തെ തന്നെ എ എന്‍ രാധാകൃഷ്ണന്റെ പേര് സാധ്യതാ ലിസ്റ്റില്‍ ഉയര്‍ന്ന് കേട്ടിരുന്നു. 2016 നെ അപേക്ഷിച്ച് 2021 ബി ജെ പിയ്ക്ക് വലിയ വോട്ട് ചോര്‍ച്ചയുണ്ടായ മണ്ഡലമാണ് തൃക്കാക്കര. 2016ല്‍ ബി ജെ പിക്ക് 15 ശതമാനം വോട്ട് ലഭിച്ചിരുന്നു. 21247 ആണ് ആകെ ലഭിച്ച വോട്ടുകളുടെ എണ്ണം. എന്നാല്‍ 2021ലേക്ക് എത്തിയപ്പോള്‍ ഇത് 15,218 വോട്ടുകളായി കുറഞ്ഞു. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കുകയും കരുത്ത് തെളിയിക്കുകയും വേണമെന്നാണ് എ എന്‍ രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബി ജെ പി വ്യക്തമാക്കുന്നത്.
പ്രചാരണമാരംഭിക്കാന്‍ ഇന്നലെ തന്നെ എ എന്‍ രാധാകൃഷ്ണന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് വിവരം. അതേസമയം തൃക്കാക്കരയില്‍ എല്‍ ഡി എഫും യു ഡി എഫും വ്യാപക പ്രചാരണത്തിലാണ്. പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലത്തില്‍ മെയ് 31 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ ഡി എഫിനായി ഡോ. ജോ ജോസഫും യു ഡി എഫിനായി ഉമ തോമസുമാണ് മത്സരിക്കുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു. കൂടുതല്‍ നേതാക്കളെ അണിനിരത്തി പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ ഡി എഫ്.

ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത ആഴ്ച എത്തുന്നതോടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് ഔദ്യോഗികനമായി എല്‍ ഡി എഫ് കടക്കും. അതേസമയം കെ റെയില്‍ ഉള്‍പ്പെടെ സംസ്ഥാനമ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം കടുപ്പിക്കാനാണ് യു ഡി എഫ് തീരുമാനം. പി ടി തോമസ് അനുകൂല വികാരം മുതാലാക്കാമെന്നും യു ഡി എഫ് കണക്കുകൂട്ടുന്നു. നിലവില്‍ ജില്ലയിലെ യു ഡി എഫ് നേതാക്കളാണ് പ്രചരണ രംഗത്തുള്ളത്.

വരും ദിവസങ്ങളില്‍ സംസ്ഥാന നേതാക്കളെ എത്തിക്കാനാണ് യു ഡി എഫ് പദ്ധതി. അതേസമയം ബി ജെ പിയാകട്ടെ കേന്ദ്ര നേതാക്കളെ മണ്ഡലത്തിലെത്തി പ്രചരണം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ മാസം 15 ന് അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. തൃക്കാക്കരയില്‍ അദ്ദേഹം എത്തുമോ എന്ന് വ്യക്തമല്ല. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ആദ്യ ഉപതെരഞ്ഞെടുപ്പിനാണ് തൃക്കാക്കരയില്‍ കളമൊരുങ്ങുന്നത്. മണ്ഡല രൂപീകരണത്തിന് ശേഷം യു ഡി എഫിനൊപ്പം അടിയുറച്ച് നിന്ന മണ്ഡലമാണ് തൃക്കാക്കര.

2008 ലെ മണ്ഡല പുനര്‍ നിര്‍ണായത്തോടെയാണ് തൃക്കാക്കര നിയമസഭാ മണ്ഡലം രൂപീകരിക്കപ്പെട്ടത്. കൊച്ചി കോര്‍പറേഷന്റെ 23 വാര്‍ഡുകളും, തൃക്കാക്കര നഗരസഭയും ഉള്‍പ്പെടുന്നതാണ് തൃക്കാക്കര മണ്ഡലം. 2008 ല്‍ മണ്ഡലം രൂപീകൃതമായെങ്കിലും ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 2011 ലായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥിയായ ബെന്നി ബെഹന്നാന്‍ എല്‍ ഡി എഫിന്റെ ഇ എം ഹസൈനാരെ 22,406 വോട്ടിന് തോല്‍പ്പിച്ചു.

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 17,314 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിന്റെ കെ വി തോമസിന് മണ്ഡലത്തില്‍ നിന്നു കിട്ടിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിനായിരുന്നു നറുക്കുവീണത്. ഭൂരിപക്ഷം 11,996 ആയി കുറഞ്ഞെങ്കിലും പി ടി തോമസ് വിജയിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനും നല്ല ഭൂരിപക്ഷം തൃക്കാക്കര നല്‍കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസ് 14329 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍