തൃക്കാക്കരയില്‍ ത്രികോണ മത്സരം, എന്‍ഡിഎ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമുണ്ടാകും എന്ന് ബി ജെ പി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് തൃക്കാക്കരയില്‍ ത്രികോണ മത്സരമാണെന്ന പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. ബി ജെ പിക്ക് ശക്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്നു് സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസിലും, സി പി ഐ എമ്മിലും ആഭ്യന്തരപ്രശ്‌നങ്ങളുണ്ട്. കെ വി തോമസിനെ പോലുള്ളവരെ പരിഗണിക്കുന്നതില്‍ സി പി ഐ എമ്മില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സര്‍വ്വശക്തിയുമെടുത്ത് മത്സരിക്കാനാണ് എന്‍ ഡി എ നേതൃയോഗത്തിന്റെ തീരുമാനം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 22 ന് എന്‍ ഡി എ യോഗം ചേരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തൃക്കാക്കരയിലെ സീറ്റിനായി ചില ഘടകകക്ഷികളും ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ബി ജെ പി തന്നെ മത്സരിക്കണമെന്നാണ് പൊതുവെയുളള അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഘടകകക്ഷികള്‍ ആവശ്യം ഉന്നയിച്ച സ്ഥിതിക്ക് അത് തള്ളിക്കളയില്ലെന്നും പരിഗണിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. സര്‍വ്വശക്തിയും എടുത്താകും തൃക്കാക്കരയില്‍ എന്‍ ഡി എ മത്സരിക്കുകയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മുന്നണിയുടെ എല്ലാ ഘടകകക്ഷികളും ഇതിനായി പ്രവര്‍ത്തിക്കുമെന്നും സജീവമായി താഴെ തട്ട് മുതല്‍ ശക്തമായ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയില്‍ നേരത്തെ തന്നെ ബി ജെ പി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. രണ്ട് നേതാക്കള്‍ക്ക് ബി ജെ പി കോര്‍ കമ്മിറ്റി യോഗം മണ്ഡലത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും സെക്രട്ടറി എസ് സുരേഷിനുമാണ് ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമെ കടക്കൂ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി- 20 പിന്തുണ തന്നാല്‍ എന്‍ ഡി എ സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

ട്വന്റി- 20 യെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് തൃക്കാക്കര എന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. പി ടി തോമസിന്റെ ജനപ്രീതി കൊണ്ട് മാത്രമാണ് ഇവിടെ അദ്ദേഹം ജയിച്ചത്. കോണ്‍ഗ്രസിന് സംഘടനാ സംവിധാനമില്ലാത്ത മണ്ഡലമാണ് തൃക്കാക്കര എന്നാണ് ബി ജെ പി വിലയിരുത്തല്‍. എന്നാല്‍ നിലവില്‍ എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന് ഏറ്റവും അധികം വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് തൃക്കാക്കര.

പി ടി തോമസിന്റെ ഭാര്യ ഉമയെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. അതേസമയം തൃക്കാക്കര മണ്ഡലം ലക്ഷ്യം വെച്ച് മറ്റ് ചിലരും കോണ്‍ഗ്രസിനുള്ളില്‍ കരുനീക്കം തുടങ്ങിയിട്ടുണ്ട്. അതേസമയം കെ വി തോമസിന്റെ സി പി ഐ എം അടുപ്പം തൃക്കാക്കര മണ്ഡലം ലക്ഷ്യം വെച്ചാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ല എന്ന് കെ വി തോമസ് പറഞ്ഞിട്ടുണ്ടെങ്കിലും സി പി ഐ എം തോമസിനെ മുന്നില്‍ നിര്‍ത്തി മണ്ഡലം പിടിച്ചേക്കും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications