പിടിയ്ക്ക് വേണ്ടി ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യും, എല്‍ഡിഎഫ് 100 തികയ്ക്കില്ല: ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് വിജയം സുനിശ്ചിതമെന്ന് സ്ഥാനാര്‍ത്ഥിയും പി ടി തോമസിന്റെ ഭാര്യയുമാ ഉമ തോമസ്. പി ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി തനിക്ക് വോട്ട് ചെയ്യും എന്ന് ഉമ തോമസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. തൃക്കാക്കര മണ്ഡലത്തില്‍ വിജയിച്ച് നൂറ് സീറ്റ് തികയ്ക്കാനിറങ്ങുന്ന എല്‍ ഡി എഫിനെ 99 ല്‍ പിടിച്ച് നിര്‍ത്തുമെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.
പി ടി തോമസിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത ഹൈക്കമാന്റിനും ഐക്യ ജനാധിപത്യ മുന്നണിക്കും കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നു എന്നും ഉമ തോമസ് പറഞ്ഞു. നിലപാടുകളുടെ രാജകുമാരനായാണ് പി ടി തോമസ് പ്രവര്‍ത്തിച്ചത് എന്നും അതേ മാതൃക ഏറ്റെടുത്തായിരിക്കും തന്റെ പ്രവര്‍ത്തനം എന്നും അവര്‍ വ്യക്തമാക്കി.
പി ടി തോമസ് മണ്ഡലത്തില്‍ പൂര്‍ത്തിയാക്കാനാകാതെ ബാക്കി വെച്ച് പോയ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം എന്നും ഉമ തോമസ് പറഞ്ഞു. മറുവശത്ത് എല്‍ ഡി എഫ് എത്ര ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാലും രാഷ്ട്രീയമായി നേരിടും. ആദ്യഘട്ടത്തില്‍ താന്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നു. എങ്കിലും പി ടി തോമസ് പോയ ശേഷം കരുത്തായി മുന്നോട്ട് നയിച്ചത് ബന്ധുക്കളും ഒപ്പം കോണ്‍ഗ്രസ് പ്രസ്ഥാനവുമാണ്.
ആ പ്രസ്ഥാനം ആവശ്യപ്പെട്ടാല്‍ തനിക്ക് മറ്റൊന്നും ചിന്തിക്കാനാകില്ലെന്നും ഉമ തോമസ് പറഞ്ഞു. അതേസമയം നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന കെ വി തോമസ് തന്നെ എതിര്‍ത്ത് പറയില്ലെന്നും ഉമ തോമസ് പറഞ്ഞു. കെ വി തോമസ് ഞങ്ങളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുളളൂവെന്നും കെ വി തോമസുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഉമ തോമസ് പറഞ്ഞു. മാഷ് ഒരിക്കലും തനിക്കെതിരെ ഒന്നും പറയില്ലെന്നും തങ്ങളുടെ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം അത്രയ്ക്കുണ്ടെന്നും ഉമ പറഞ്ഞു.

മാഷിനെ നേരിട്ട് പോയി കാണും. ഇന്നലെ ഞാന്‍ വിളിച്ചിരുന്നെങ്കിലും മാഷിനോട് സംസാരിക്കാന്‍ പറ്റിയില്ല, ചേച്ചി എന്നോട് സംസാരിച്ചു. ഞങ്ങളുടെ അനുഗ്രഹമുണ്ടാകുമെന്ന് പ്രത്യേകം പറഞ്ഞു. ചേര്‍ത്തുപിടിച്ചിട്ടേയുള്ളൂ അവര്‍.'- പിടിയുടെ ജന്മനാടായ ഉപ്പുതോട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഉമ തോമസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ഉമ തോമസ് ഉപ്പുതോട്ടിലെത്തിയത്. പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം തൃക്കാക്കരയിലേക്ക് മടങ്ങും.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഭവന സന്ദര്‍ശനവും കുടുംബയോഗവുമായി ഉമ തോമസ് പ്രചരണത്തിനിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പിമാരായ ഹൈബി ഈഡന്‍, ജെബി മേത്തര്‍, ടി ജെ വിനോദ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങി നേതാക്കളും പ്രവര്‍ത്തകരും ആദ്യ ദിനം തന്നെ പ്രചരണ പരിപാടികളില്‍ സജീവമായിട്ടുണ്ട്.
മണ്ഡലം ബൂത്ത് വാര്‍ഡ് തല കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ച് വരും ദിനങ്ങളില്‍ പ്രചരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ് ക്യാംപ്. പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷമാണ് ഉമ തോമസ് ഇന്നത്തെ പ്രചാരണം തുടങ്ങുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കെ പി സി സി അതിവേഗം ഉമ തോമസിന്റെ പേര് ഹൈക്കമാന്‍ഡിനു ശുപാര്‍ശ ചെയ്യുകയായിരുന്നു. സോണിയ ഗാന്ധിയുടെ അംഗീകാരം ലഭിച്ചതോടെ, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു.
സൂപ്പര്‍ലുക്കില്‍ പാര്‍വതി; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications