തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം; പിടി തോമസിനെക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിക്കും: വിഡി സതീശന്‍
കൊച്ചി; അവസാന നിമിഷവും വിജയ പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തവണ തൃക്കാക്കരയിൽ പിടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസ് ജയിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. മണ്ഡലത്തിൽ ചിട്ടയോടെയുള്ള പ്രവർത്തനമായിരുന്നു കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തിലാണ്. യുഡിഎഫിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ വിജയമാകും തൃക്കാക്കരയിലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു.

പോളിംഗ് ശതമാനം കുറഞ്ഞത് ബാധിച്ചിട്ടില്ല. ഞങ്ങളുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വിലയിരുത്തുന്നതിൽ വിരോധമൊന്നുമില്ല. സർക്കാരിന്റെ വിലയിരുത്തലാണോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഭരണത്തെ വിലയിരുത്താമെന്നാണ്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ജനത്തോട് ഉത്തരവാദിത്തമുണ്ട്. എല്ലാ തിരഞ്ഞെടുപ്പ് ഫലങ്ങളും ജനങ്ങൾ നൽകുന്ന മുന്നറിയിപ്പാണ്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ജനം ഞങ്ങൾക്ക് നൽകിയ മുന്നറിയിപ്പാണ്. പല കാര്യങ്ങളും തിരുത്താൻ ശ്രമിച്ചിട്ടുണ്ട്, വിഡി സതീശൻ പറഞ്ഞു.
ഒരു കാലത്തും യുഡിഎഫ് നടത്താത്ത അത്രയും ചിട്ടയോടെയായിരുന്നു തൃക്കാക്കരയിൽ കോൺഗ്രസ് പ്രവർത്തിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ച സ്വീകാര്യതയും മണ്ഡലത്തിന്റെ പ്രത്യേകയും തന്നെയാണ് കോൺഗ്രസിന്റെ അനുകൂല ഘടകങ്ങളെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം മികച്ച ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കാൻ സാധിക്കുമെന്ന് ഉമ തോമസും പ്രതികരിച്ചു.
എന്നാൽ ഭരണപക്ഷ എം എൽ എ വേണമെന്നാണ് തൃക്കാക്കരയുടെ വികാരമെന്നും ഇത്തവണ തൃക്കാക്കരയിൽ അട്ടിമറി വിജയം നേടാൻ സാധിക്കുമെന്നും എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പ്രതികരിച്ചു. വികസന മുരടിപ്പിന് അവസാനമുണ്ടാകും. എൽ ഡി എഫ് വോട്ടുകൾ എല്ലാം തന്നെ കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ട്. ട്വന്റി 20 യുടെ വോട്ടുകൾ എൽ ഡി എഫിന് ലഭിച്ചിട്ടുണ്ടെന്നും ജോ ജോസഫ് പറഞ്ഞു.
ബി ജെ പിയും വലിയ പ്രതീക്ഷയിലാണ്. വോട്ടുകളിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ പ്രതികരിച്ചത്. ഒ രാജഗോപാലിന് ശേഷം നിയമസഭയിലേക്കെത്തുന്ന എൻ ഡി എ നേതാവാകും താൻ എന്ന് നേരത്തേ എ എൻ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും രാധാകൃഷ്ണൻ പിന്നോട്ട് പോയി. പറഞ്ഞത് അതിന്റെ പൊളിറ്റിക്‌സായിരുന്നെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്.












Click it and Unblock the Notifications