തൃശൂർ അകമല-മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിച്ചില്‍ മുന്നറിയിപ്പ്, 25 കുടുംബങ്ങളെ മാറ്റി
തൃശൂര്‍: വടക്കാഞ്ചേരി അകമലയില്‍ മണ്ണിടിച്ചിൽ മുന്നറിയിപ്പുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അകമല അതീവ അപകടാവസ്ഥയിലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അകമലയ്ക്ക് സമീപത്ത് താമസിക്കുന്ന നൂറിലധികം കുടുംബങ്ങളോട് ദുരിതാശ്വാസ ക്യാംപുകളിലേക്കോ ബന്ധു വീടുകളിലേക്കോ സുരക്ഷിത സ്ഥാനത്തേക്കോ മാറണം എന്ന് വടക്കാഞ്ചേരി നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കാലം കഴിയുന്നത് വരെ ഏതുനിമിഷവും പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാകാം എന്നാണ് സീനിയര്‍ ജിയോളജിസ്റ്റ് മനോജ് മീഡിയവണിനോട് പറഞ്ഞത്.

മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണം എന്നും അവിടത്തെ മണ്ണിന് ബലക്കുറവുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ണിനടിയിലൂടെ ഉറവയുള്ളതിനാല്‍ അപകടസാധ്യത വളരെ കൂടുതലാണെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം നാല് വകുപ്പുകള്‍ ചേര്‍ന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു.
മൈനിങ് ആന്റ് ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം റവന്യൂ സംഘവും അകമലയില്‍ പരിശോധന നടത്തിയിരുന്നു. 41 കുടുംബങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഇവരോട് എല്ലാവരോടും മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് വടക്കാഞ്ചേരി നഗരസഭ അറിയിച്ചു.
ആളുകള്‍ക്ക് ആവശ്യമായ ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ട്.എന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. അതേസമയം അകമല മേഖലയില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ് എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി അകമല - മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിദഗ്ധസംഘം പരിശോധിക്കണമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളക്ടറുടെ പ്രതികരണം
തൃശൂര്‍ അകമല മേഖലയില്‍ നിന്ന് 2 മണികൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. ജൂലൈ 31ന് (ഇന്നലെ) വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി അകമല - മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിദഗ്ധസംഘം പരിശോധിക്കണമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റണമെന്ന നിര്‍ദേശം നല്‍കുകയും, 25 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും, ക്യാമ്പുകളിലേക്കും മാറിയിട്ടുള്ളതാണ്. കൂടാതെ ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസര്‍, ഭൂജലവകുപ്പ് തുടങ്ങിയവര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തോട് സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചിട്ടുമുണ്ട്.
അവിടെ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആളുകളെ മാറ്റിത്താമസിപ്പിക്കണമെന്നും വിദഗ്ധസംഘം അറിയിച്ചതായി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പരിസര പ്രദേശങ്ങളിലായി ഏകദേശം എട്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരെയും മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അറിയിക്കുന്നു.












Click it and Unblock the Notifications