തൃശൂർ തിരഞ്ഞെടുപ്പ് തോൽവി; റിപ്പോർട്ടിൽ 4 നേതാക്കൾക്കെതിരെ പരാമർശം, മുരളീധരന്റെ ആരോപണം ശരിയായോ?
തൃശൂർ: ലോക്‌സഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസിനെ ഞെട്ടിച്ച തൃശൂർ തോൽവിയിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്ത്. പാർട്ടി നേതൃത്വത്തിന്റെ വീഴ്‌ചകൾ അക്കമിട്ട് നിരത്തിയ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിൽ നാല് നേതാക്കൾക്ക് എതിരായ പരാമർശങ്ങളും അടങ്ങിയിട്ടുണ്ട്. ഇതോടെ തോൽവിക്ക് പിന്നാലെ കെ മുരളീധരൻ ഉയർത്തിയ ആരോപണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോവുന്നത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ടിഎന്‍ പ്രതാപന്‍, ജോസ് വള്ളൂര്‍, എംപി വിന്‍സന്റ്, അനില്‍ അക്കര എന്നിവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മാത്രമല്ല ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂർണ പരാജയം ആണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. നേരത്തെ അന്വേഷണ റിപ്പോർട്ട് കെപിസിസി പുറത്തുവിട്ടിരുന്നില്ല, എന്നാൽ ഇപ്പോൾ 24 ന്യൂസാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്.

കോൺഗ്രസിൽ വലിയ കോളിളക്കം സൃഷ്‌ടിക്കാൻ കാരണമായേക്കാവുന്ന കാര്യങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് ഇത്. ഇക്കാരണം കൊണ്ട് തന്നെയാണ് കെപിസിസി ഇത് പൂഴ്ത്തിയതും. 30 പേജ് വരുന്ന റിപ്പോർട്ടിൽ മുതിർന്ന നേതാക്കളെ മാറ്റി നിർത്തണം എന്നടക്കമുള്ള നിർദ്ദേശങ്ങളും അടങ്ങിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അപ്രതീക്ഷിത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടിഎന്‍ പ്രതാപന്‍, ജോസ് വള്ളൂര്‍, എംപി വിന്‍സന്റ്, അനില്‍ അക്കര എന്നീ നേതാക്കളെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ മാറ്റി നിര്‍ത്തണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയ കെപിസിസി നടപടി എടുക്കാതെ നിൽക്കുകയായിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിലെ പാർട്ടി ഇടപെടൽ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് ഗുണം ചെയ്‌തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുന്‍ എംപിയുടെ പ്രവര്‍ത്തനം മണലൂരിലും ഗുരുവായൂരിലും മാത്രമായി ഒതുങ്ങിയെന്നും ബിജെപി വോട്ടുകള്‍ അധികമായി ചേര്‍ത്തത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പരാമർശമുണ്ട്.
ഇതോടെ നേരത്തെ തോൽവിക്ക് പിന്നാലെ കെ മുരളീധരൻ ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് അന്വേഷണ കമ്മീഷൻ. ജില്ലയിലെ നേതാക്കളുടെ മോശം പ്രവർത്തനമാണ് തോൽവിക്ക് കാരണമെന്ന് മുരളീധരൻ പക്ഷം ആരോപിച്ചിരുന്നു. ടിഎൻ പ്രതാപൻ അടക്കമുള്ള നേതാക്കളെയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് മുരളീധരനെ വടകരയിൽ നിന്നും അവസാന നിമിഷം മാറ്റി ഇവിടേക്ക് കൊണ്ടുവന്നത്. സുരേഷ് ഗോപി ബിജെപിക്ക് വേണ്ടിയും വിഎസ് സുനിൽ കുമാർ എൽഡിഎഫിന് വേണ്ടിയും ഇറങ്ങിയതോടെ ശക്തനായ മത്സരാർത്ഥി വേണമെന്ന ആവശ്യത്തിന്റെ ഫലമായിരുന്നു മുരളീധരന്റെ വരവ്.
എന്നാൽ സിറ്റിങ് സീറ്റ് ആയിരുന്നിട്ട് കൂടി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് കോൺഗ്രസ് ദയനീയമായി പിന്തള്ളപ്പെട്ടിരുന്നു. ഈ തോൽവിയുടെ പശ്ചാത്തലത്തിലാണ് കെപിസിസി അന്വേഷണ കമ്മീഷനെ നിയമിച്ചത്. മുന്‍മന്ത്രി കെസി ജോസഫ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ടി സിദ്ധിഖ് എംഎല്‍എ എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ.












Click it and Unblock the Notifications