'ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു, സീത മൂന്ന് പേര്‍ക്കും വിളമ്പി'; പോസ്റ്റ് പിൻവലിച്ച എംഎൽഎ
തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വിവാദ പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് തൃശൂർ എം എൽ എ പി ബാലചന്ദ്രൻ. പോസ്റ്റിലെ കഥ പഴയതാണെന്നും ആരെയും മുറിപ്പെടുത്താൻ താൻ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'കഴിഞ്ഞ ദിവസം എഫ്‌ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത്. ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു', എന്നാണ് എം എൽ എ കുറിച്ചത്.

രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റാണ് വിവാദമായത്. 'രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ'- എന്നിങ്ങനെയാണ് കുറിപ്പിലെ വാചകങ്ങൾ.
ഇതിനെതിരെ ബിജെപി രംഗത്തെത്തുകയായിരുന്നു. ഹൈന്ദ വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക എന്നായിരുന്നു ബി ജെ പി
തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ് കുമാർ കുറിച്ചത്.
'മതഭീകരവാദികളുടെ വോട്ടിന് വേണ്ടി സ്വന്തം നാടിനേയും സംസ്‌കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടര്‍ വ്യഭിചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി... സ്വത്വബോധവും തലയ്ക്ക് വെളിവുമില്ലാത്ത കുറെ അണികള്‍ പിന്തുണയ്ക്കാനുണ്ടെങ്കില്‍ എന്തുമാവാമെന്ന ധാര്‍ഷ്ഠ്യം....!ഇതുപോലെ വൃത്തികെട്ട ഒരു ജനപ്രതിനിധിയേയും അവന്റെ പാര്‍ട്ടിയേയും ചുമക്കാന്‍ അവസരമുണ്ടാക്കിയവര്‍ ആത്മാഭിമാനമുണ്ടെങ്കില്‍ ഇത് കണ്ട് ലജ്ജിച്ച് തല താഴ്ത്തട്ടെ...'-പോസ്റ്റിൽ കുറിച്ചു. വിമർശനം കടുത്തതോടെയാണ് എംഎൽഎ പോസ്റ്റ് പിൻവലിച്ചത്.












Click it and Unblock the Notifications