ഗുണ്ടകള്‍ കാര്‍ ആക്രമിച്ചു.. കാലിന് വയ്യാത്തതിനാല്‍ ആംബുലന്‍സില്‍ കയറി; മലക്കം മറിഞ്ഞ് സുരേഷ് ഗോപി
തൃശൂര്‍: പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ എത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യൂടേണ്‍ അടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ട് ആംബുലന്‍സില്‍ ആണ് പൂരനഗരിയിലേക്ക് എത്തിയത് എന്ന് സുരേഷ് ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാല്‍ താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ് ഗാപി പിന്നീട് പറഞ്ഞിരുന്നത്. ഇതിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. പൂരം കലക്കലില്‍ സിബി ഐ അന്വേഷണം വേണം എന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'നിങ്ങളിപ്പോഴും ആംബുലന്‍സ് എന്ന് പറഞ്ഞ് ഇട്ട് കളിക്കുകയാണ്. ഞാന്‍ ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞ് കേസ് കൊടുത്തയാളുടെ മൊഴിയില്‍ എന്താ പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് അത് പ്രകാരം കേസെടുക്കാത്തത്. ആ ആംബുലന്‍സ് എവിടെയാണ് ഉണ്ടായിരുന്നത്. റിങ്ങിനകത്ത്, വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവര്‍ക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള സംവിധാനമാണ് അത്.
20 ദിവസത്തോളം ഒരു കാലില്‍ ഇഴഞ്ഞാണ് ഞാന്‍ പ്രവര്‍ത്തനം നടത്തിയത്. ആ കണ്ടീഷനില്‍ എനിക്ക് അത്രയും ആളുകളുടെ ഇടക്ക് എനിക്ക് പോകാന്‍ കഴിയുമായിരുന്നില്ല. അതിന് മുമ്പ് ഏതാണ്ട് നാലര, അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ച് എത്തിയപ്പോള്‍ ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെയെല്ലാം കിങ്കരന്മാര്‍, ഗുണ്ടകള്‍ എന്റെ വണ്ടി ആക്രമിച്ചു. അത് എങ്ങനെയെന്ന് നിങ്ങളുടെ കയ്യില്‍ റെക്കോഡുണ്ടോ?
ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയത്. അവരാണ് കാന കടക്കാന്‍ കഴിയാത്തത് കാരണം എന്നെ പൊക്കിയെടുത്ത് ഇവിടെ എത്തിച്ചത്. അവിടെ നിന്നാണ് ആംബുലന്‍സില്‍ കയറിയത്. ഇത് ഞാന്‍ വിശദീകരിക്കേണ്ട ഒരു ആവശ്യവുമില്ല. സിബിഐ വരുമ്പോള്‍ അവരോട് പറഞ്ഞാല്‍ മതി. സി ബി ഐയെ വിളിച്ചാല്‍ അവരുടെ രാഷ്ട്രീയം മുഴുവന്‍ കത്തി നശിച്ചുപോകും', സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ പാര്‍ട്ടി ജില്ല അധ്യക്ഷന്റെ വാഹനത്തിലാണ് പൂരനഗരിയില്‍ എത്തിയത് എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ' ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാര്‍ഥ കാഴ്ചയാണോ എന്ന് വ്യക്തമാകണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ അറിയാനാകില്ല. അതിന് സിബിഐ വരണം', എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. അതേസമയം താന്‍ ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഒരു സിനിമാ ഡയലോഗ് പറയുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമാ ഡയലോഗായി മാത്രം എടുത്താല്‍ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത് എന്നും പക്ഷെ മാധ്യമങ്ങള്‍ ഒരാളെ മോശക്കാരനാക്കി ജനങ്ങളിലേക്ക് എത്തിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
'മാധ്യമങ്ങള്‍ക്ക് അതിനുള്ള അവകാശമില്ല. ആ ഡയലോഗ് എവിടെ വേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും പറയാം. അത് സെന്‍സര്‍ ചെയ്ത് തിയറ്ററില്‍ ടിക്കറ്റെടുത്ത് വന്നവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതാണ്. ഒരുത്തന്റേയും തന്തയുടെ വകയല്ല എന്നല്ലേ പറഞ്ഞത്. ആരുടെയും അപ്പന് വിളിച്ചതല്ല' എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയം കൊണ്ടാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കല്‍ ആരോപണമെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications