കേരളത്തില്‍ ബിജെപി ഭരണം!!! ഈ ലീഡ്‌ടെക്ക് ശരിക്കും സര്‍വ്വേ തന്നെ ആണോ???
ടൈംസ് നൌ-സീ വോട്ടര്‍ സര്‍വ്വേ ഫലം പ്രവചിക്കുന്നത് ശരിയാണെങ്കില്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകില്ല. 86 സീറ്റുകളില്‍ ജയിച്ച് സി പി എം നയിക്കുന്ന ഇടത് മുന്നണി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൌ - സീ വോട്ടര്‍ സര്‍വ്വേ പറയുന്നത്. സംസ്ഥാനം ഭരിക്കുന്ന യു ഡി എഫ് 53 സീറ്റുകളില്‍ ഒതുങ്ങും. കേന്ദ്രം ഭരിക്കുന്ന ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയ്ക്ക് 1 എം എല്‍ എ ഉണ്ടാകുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.
ഭരണത്തുടര്‍ച്ച പതിവില്ലാത്ത നാടാണ് കേരളം. ആ കേരളത്തില്‍ ഇത്തവണ യു ഡി എഫിന് ഭരണം കിട്ടില്ല എന്നാരെങ്കിലും പറഞ്ഞാല്‍ അതിശയിക്കാന്‍ ഒന്നുമില്ല. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറിയും മറിഞ്ഞും ഭരണം ഇരുമുന്നണികള്‍ക്കും കൊടുക്കുന്നവരാണ് മലയാളികള്‍ എന്നത് തന്നെ കാരണം. എന്നാല്‍ എല്‍ ഡി എഫും യു ഡി എഫും അല്ല ബി ജെ പിയാണ് അടുത്ത അഞ്ച് വര്‍ഷം കേരളം ഭരിക്കാന്‍ പോകുന്നത് എന്ന് കേട്ടാലോ. ഞെട്ടിപ്പോകും എന്നത് മൂന്നരത്തരം.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിവിധ മാധ്യമസ്ഥാപനങ്ങളും മറ്റ് ഏജന്‍സികളും അഭിപ്രായ സര്‍വ്വേകള്‍ നടത്താറുണ്ട്. ഇതില്‍ ചിലതൊക്കെ ശരിയാകും ചിലതൊക്കെ തെറ്റിപ്പോകും. ലീഡ്‌ടെക്കിന്റെ സര്‍വ്വേ പ്രകാരം കേരളത്തില്‍ 68 സീറ്റുകളിലാണ് ബി ജെ പി ജയിക്കാന്‍ പോകുന്നത്. സി പി എം 33ഉം കോണ്‍ഗ്രസ് 36 ഉം സീറ്റില്‍ ഒതുങ്ങും. മൂന്ന് സീറ്റുകള്‍ മറ്റുള്ളവര്‍ക്ക്. ഈ മൂന്ന് പേരില്‍ രണ്ട് പേരെ കിട്ടിയാല്‍ ബി ജെ പിക്ക് കേരളം ഭരിക്കാമെന്ന് ചുരുക്കം.
ടൈംസ് നൌ-സീ വോട്ടറും സീ ഫോര്‍ ഏഷ്യാനെറ്റും കേരളത്തില്‍ ഇടത് ഭരണം എന്ന് ഉറപ്പിക്കുമ്പോഴാണ് ലീഡ്‌ടെക്ക് ഇത്തരമൊരു ഫലം തരുന്നത്. കേരളത്തില്‍ മാത്രമല്ല, ഇവരുടെ സര്‍വ്വേ വെച്ച് നോക്കിയാല്‍ ആസാമിലും പശ്ചിമ ബംഗാളിലും ഇത്തവണ മുന്‍തൂക്കം ബി ജെ പിക്കാണ്. ആസാമില്‍ 75ഉം ബംഗാളില്‍ 122ഉം സീറ്റുകളാണ് ലീഡ്‌ടെക്ക് ബി ജെ പിക്ക് പ്രവചിക്കുന്നത്. ബംഗാളില്‍ അക്കൗണ്ട് തുറക്കുമോ എന്ന് പോലും ഉറപ്പില്ലാത്ത സ്ഥിതിയിലാണ് ബി ജെ പി. ലീഡ്‌ടെക്ക് ഇതൊക്കെ ശരിക്കും സര്‍വ്വേ നടത്തി കണ്ടുപിടിക്കുന്നതാണോ ഇനി ശരിക്കും ഇവരെ ആരെങ്കിലും ഏപ്രില്‍ ഫൂള്‍ ആക്കുന്നതാണോ..












Click it and Unblock the Notifications