Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ആകെ വാക്സിനേഷൻ 80 ശതമാനത്തിലേക്ക്, അതിഥി തൊഴിലാളികൾക്ക് വാക്സിൻ നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന്‍ 80 ശതമാനത്തോടടുക്കുന്നു. നിലവില്‍ 78 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 30 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. നിലവില്‍ ഏഴ് ലക്ഷം വാക്സിന്‍ ആണ് സംസ്ഥാനത്ത് ബാക്കിയുളളത്. ഇത് നാളെയോടെ പൂർത്തായാകും. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 93 ശതമാനത്തിലധികം ആളുകള്‍ക്ക് ഒരു ഡോസ് വാക്സിനും 50% പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

80 ശതമാനം ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ജില്ലകളില്‍ ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് മാത്രമായി ആന്‍റിജന്‍ ടെസ്റ്റ് ചുരുക്കാനും, ആര്‍ടിപിസിആര്‍ ടെസ്റ്റ് വര്‍ദ്ധിപ്പിക്കാനും നേരത്തെ തീരുമാനമെടുത്തിരുന്നു. സംസ്ഥാന വ്യാപകമായി ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാകുന്ന സ്ഥിതിക്ക് ഈ തീരുമാനം സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചികിത്സാ കാര്യത്തിന് ആവശ്യം വരുന്ന ഘട്ടങ്ങളില്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്താം.

അതിഥി തൊഴിലാളികൾക്ക് വാക്സിൻ നൽകാൻ ആവശ്യമായ നടപടികൾ ജില്ലാ കലക്ടർമാർ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളില്‍ നിന്നു പണം ഈടാക്കിക്കൊണ്ട് 20 ലക്ഷം ഡോസ് വാക്സിന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വാങ്ങി വിതരണം ചെയ്യാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. 10 ലക്ഷം ഡോസ് വാക്സിന്‍ ഇതിനകം സംഭരിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ലഭിച്ച ഡോസുകള്‍ ഒട്ടും നഷ്ടപ്പെട്ടു പോകാതെ വിതരണം ചെയ്യാന്‍ സാധിക്കുന്നു. സൂക്ഷ്മമായി കൈകാര്യം ചെയ്തുകൊണ്ട് ലഭിച്ച ഡോസുകളേക്കാള്‍ കൂടുതല്‍ ഡോസുകള്‍ നല്‍കാനും നമുക്ക് കഴിയുന്നുണ്ട്. മരണമടഞ്ഞവരുടെ എണ്ണത്തില്‍ സ്വാഭാവികമായ വര്‍ദ്ധനവുണ്ടായെങ്കിലും, രോഗികളുടെ എണ്ണത്തില്‍ ഇത്ര വലിയ വര്‍ദ്ധനവുണ്ടായിട്ടും മരണ നിരക്കുയരാതെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. മരണമടഞ്ഞവരില്‍ തന്നെ 95 ശതമാനത്തിലധികവും വാക്സിനേഷന്‍ ലഭിക്കാത്തവരായിരുന്നു.

covid

രോഗബാധിതരുടെ വര്‍ദ്ധനവിന് ആനുപാതികമായി ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചില്ല. അതുകൊണ്ട് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയവരുടെ എണ്ണം ആരോഗ്യസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ നിലനിര്‍ത്തപ്പെട്ടു. അതിനൊരു മുഖ്യ കാരണം മികച്ച രീതിയില്‍ വാക്സിനേഷന്‍ നടത്താന്‍ സാധിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അണുബാധ ഉണ്ടാകുന്നതു സംബന്ധിച്ച് എല്ലാവരും മനസ്സിലാക്കേണ്ട രണ്ട് പ്രത്യേക വസ്തുതകളുണ്ട്. ഒരു വ്യക്തിയില്‍ ആദ്യം അണുബാധയുണ്ടാവുന്നു. തുടര്‍ന്ന് രോഗം പ്രകടമാവുകയും ചെയ്യുന്നു. വാക്സിനേഷനു ശേഷമുള്ള കാലഘട്ടത്തില്‍ ലോകമെങ്ങും, പകര്‍ച്ചവ്യാധിയുടെ തീവ്രത തീരുമാനിക്കാന്‍ ഇത് പരിവര്‍ത്തന നിരക്കായി(കണ്‍വേര്‍ഷന്‍ റേറ്റ്) കണക്കാക്കുന്നു.

നിലവില്‍ 2,37,643 കോവിഡ് കേസുകളില്‍, 12.85% വ്യക്തികള്‍ മാത്രമാണ് ആശുപത്രികളിലോ ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുണ്ട്. അണുബാധ ഉണ്ടാവുന്ന വ്യക്തികളില്‍ ഉചിതമായ പരിചരണവും പിന്തുണയും നല്‍കുന്നത് കൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവില്‍ വര്‍ധിക്കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആശുപ്രതിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് വൈകി ആശുപ്രതിയില്‍ എത്തി മരണം സംഭവിച്ചവരില്‍, ഏറ്റവും അധികം പ്രമേഹവും രക്തസമ്മര്‍ദ്ദവും ഒരുമിച്ചുള്ളവര്‍ ആണ്. അതിനാല്‍, കോവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്. മാത്രമല്ല ട്രീറ്റ്മെന്‍റ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണംവാക്സിനേഷന്‍ എടുത്തവരില്‍ രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതിയാകും. വാക്സിനേഷന്‍ എടുക്കാത്ത ആളുകള്‍, രോഗലക്ഷണമുണ്ടെങ്കില്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്. ആന്‍റിജന്‍ പരിശോധന അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് നടത്തേണ്ടത്. അനുബന്ധ രോഗങ്ങളുള്ളവരില്‍ വാക്സിനേഷന്‍ എടുക്കാത്ത ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതാണ്. ഗൃഹ നിരീക്ഷണത്തില്‍ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+