എടപ്പാളിൽ ടൂറിസ്‌റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; മുപ്പതോളം യാത്രക്കാർക്ക് പരിക്ക്
മലപ്പുറം: എടപ്പാളിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മലപ്പുറം എടപ്പാളിന് അടുത്തുള്ള മാണൂരിലാണ് ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസും ടൂറിസ്‌റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പരിക്കേറ്റവരിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിന്റെ കാരണം ഉള്‍പ്പെടെ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.

തൃശൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍ഗോഡ് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്‌റ്റ് ബസും ആണ് പുലർച്ചെ കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാര്‍ രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. ഉടൻ തന്നെ പരിക്കേറ്റവരെ എടപ്പാളിലെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റവരിൽ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരെ പേരെ തൃശൂര്‍ മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. തൃശൂര്‍-മലപ്പുറം സംസ്ഥാന പാതയിലാണ് അപകടം നടന്നത്. ബസുകളുടെ അമിത വേഗതയാണോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും സാങ്കേതിക പിഴവുകളോ ഡ്രൈവർമാരുടെ വീഴ്‌ചയോ ആണോ അപകടത്തിലേക്ക് നയിച്ചതെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ അറിയാൻ കഴിയൂ.
അടുത്ത കാലത്തായി പുലർച്ചെ ഉണ്ടാവുന്ന വാഹനാപകടങ്ങൾ കേരളത്തിൽ വൻ തോതിൽ ഉയർന്നിട്ടുണ്ടെന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നെടുമങ്ങാട് വിനോദ യാത്രയ്ക്ക് പോയ ടൂറിസ്‌റ്റ് ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരു യാത്രക്കാരിക്ക് ജീവൻ നഷ്‌ടമായിരുന്നു.
കാട്ടാക്കടയിൽ നിന്നും മൂന്നാറിലേക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിലേക്ക് നയിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ബസിന്റെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെ എംവിഡിയും ഗതാഗത വകുപ്പും ബസിന്റെ ഫിറ്റ്നസ് ഉൾപ്പെടെ റദ്ദാക്കുകയും ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications