ദേശീയപാതയില്‍ ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കണം; നിര്‍ദേശവുമായി ഗതാഗത സെക്രട്ടറി
തിരുവനന്തപുരം: ദേശീയപാതയില്‍ ഇരുചക്ര വാഹനങ്ങള്‍ അനുവദിക്കരുത് എന്ന് ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍. ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് ബിജു പ്രഭാകര്‍ കൈമാറി. സര്‍വീസ് റോഡിലൂടെ മാത്രം ഇരുചക്രവാഹനങ്ങള്‍ അനുവദിച്ചാല്‍ മതി എന്നാണ് ബിജു പ്രഭാകര്‍ തന്റെ ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ കരട് നിര്‍ദേശമാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.
സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ ഇരുചക്ര വാഹനങ്ങളെ പൂര്‍ണമായും ഇവിടെ നിന്ന് നിരോധിക്കണം എന്നാണ് ഗതാഗത സെക്രട്ടറി പറയുന്നത്. കാറുകളുടെയും വലിയ വാഹനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് ഇരുചക്രവാഹനങ്ങള്‍ തടസമാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത് ഒഴിവാക്കുന്നതിനാണ് ഇരുചക്ര വാഹനങ്ങളെ നിരോധിക്കേണ്ടത് എന്നാണ് ബിജു പ്രഭാകര്‍ പറയുന്നത്.

ദേശീയ പാതക്ക് പകരം ഇരുചക്രവാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെ വേണം യാത്ര ചെയ്യാന്‍ എന്നും സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അംഗീകാരം കിട്ടിയാലേ ഇത് നടപ്പിലാക്കാനാകൂ എന്നും ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം എന്നാണ് കണക്കുകള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം ബൈക്ക് അപകടത്തില്‍ 1288 ജീവനുകളാണ് നഷ്ടപ്പെട്ടത്. 2021 ല്‍ ഇത് 1069 പേരായിരുന്നു. അപകടം കുറക്കുന്നതിന്റെ ഭാഗമായി ബൈക്കുകളുടെ പരമാവധി വേഗത 60 ആക്കി കുറച്ചിരുന്നു. എന്നിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ദേശീയപാതാ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വലിയ വാഹനങ്ങള്‍ക്ക് ഇതിലൂടെ വേഗത്തില്‍ സഞ്ചരിക്കാനാകും. ഈ സാഹചര്യത്തില്‍ 60 കിലോമീറ്റര്‍ സ്പീഡിലുള്ള ഇരുചക്രവാഹനം മാര്‍ഗതടസം സൃഷ്ടിക്കും.
അതേസമയം ഗതാഗത സെക്രട്ടറിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ബൈക്ക് റൈഡേഴ്സ് ക്ലബ്ബുകള്‍ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. വിരോധാഭാസം നിറഞ്ഞ ആശയമാണ് ഗതാഗത സെക്രട്ടറി മുന്നോട്ടേ് വെക്കുന്നത് എന്നാണ് ബൈക്ക് റൈഡേഴ്‌സ് പ്രതിനിധി തരുണ്‍ മീഡിയ വണ്ണിനോട് പറഞ്ഞത്. 'ബൈക്കില്‍ ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്നത് വണ്‍വേ മാത്രമുള്ള റോഡുകളിലൂടെയാണ്.
ഇവരെ വീണ്ടും സര്‍വീസ് റോഡിലേക്കിറക്കി വിടുമ്പോള്‍ കട്ട് റോഡുകളില്‍ നിന്നും മറ്റ് വാഹനങ്ങള്‍ കയറി വരുമ്പോള്‍ അപകട സാധ്യത വളരെ കൂടുതലാണ്. അതല്ലാതെ ബൈക്ക് ദേശീയപാതയില്‍ സൈഡ് ലൈന്‍ ചേര്‍ന്ന് പോകാം എന്നുള്ള ഒരു നിര്‍ദേശം വെക്കുന്നതാണ് പ്രായോഗികം. രണ്ടാമത്തേത് ഇതൊരു വിവേചനമാണ്. കാറുള്ളവര്‍ മാത്രം ദേശീയ പാതയില്‍ കൂടി പോയാല്‍ മതി എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. നമ്മുടെ ആള്‍ക്കാര്‍ക്ക് എല്ലാവര്‍ക്കും കാര്‍ വാങ്ങി യാത്ര ചെയ്യാന്‍ പറ്റില്ല,' തരുണ്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications